ന്യൂയോര്‍ക്കില്‍ ബേസ്ബോള്‍ മത്സരത്തിനിടെ മണിക്കൂറില്‍ 105 കി.മി വേഗതയില്‍ പാഞ്ഞ പന്ത് കൊണ്ട് കൈക്കുഞ്ഞിന് പരുക്കേറ്റു. പ്രശസ്തമായ യാങ്കി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയാണ് സംഭവം. യാങ്കി ക്ലബ്ബിന്റെ ടോഡ് ഫ്രേസിയര്‍ അടിച്ച ഫൗള്‍ ബോളാണ് പെണ്‍കുട്ടിയുടെ വായയ്ക്ക് പരുക്കേല്‍പ്പിച്ചത്.

കുട്ടിക്ക് അപകടം പറ്റിയെന്ന് അറിഞ്ഞപാടെ ഫ്രേസിയര്‍ തന്റെ മുട്ടുകാലില്‍ ഇരുന്ന് ഖേദം പ്രകടിപ്പിച്ചു. പിന്നാലെ മറ്റ് കളിക്കാരും ഇതേ രീതിയില്‍ ഖേദം പ്രകടിപ്പിച്ചു. തനിക്ക് മൂന്ന് വയസിന് താഴെയുളള രണ്ട് കുട്ടികളാണ് ഉളളതെന്നും കുട്ടിക്ക് പരുക്കേറ്റപ്പോള്‍ അവരെയാണ് ഓര്‍ത്തതെന്നും ഫ്രേസിയര്‍ പറഞ്ഞു. “കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന രക്ഷിതാക്കളുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കാന്‍ കഴിയും. അവര്‍ കഴിവിന്റെ പരമാവധി ബോള്‍ തടയാന്‍ ശ്രമിച്ചിരിക്കാം. എന്നാല്‍ മണിക്കൂറില്‍ 120 കി.മി. വേഗതയില്‍ വരുന്ന പന്ത് ഒന്ന് കാണാന്‍ കൂടി ബുദ്ധിമുട്ടാണ്”, ഫ്രേസിയര്‍ കൂട്ടിച്ചേര്‍ത്തു.

അപകടം നടന്നയുടനെ പെണ്‍കുട്ടിയെ കൊളംബിയ പ്രെസ്ബിറ്റേറിയന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പെണ്‍കുട്ടിയുടെ നിലയില്‍ ആശങ്കപ്പെടാനില്ലെന്നും കുട്ടി സുഖം പ്രാപിക്കുന്നതായും ന്യൂയോര്‍ക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെ തുടര്‍ന്ന് ബേസ്ബോള്‍ സ്റ്റേഡിയങ്ങളിലെ സുരക്ഷാ അഭാവങ്ങളെ ചൂണ്ടിക്കാട്ടി പ്രതിഷേധം ഉര്‍ന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ