മുംബൈ: ട്വന്റി-20 ലോകകപ്പിന്റെ സെമിഫൈനലില്‍ നിന്നും ടീമിലെ മുതിര്‍ന്ന താരവും മുന്‍ നായികയുമായ മിതാലി രാജിനെ പുറത്താക്കിയത് വന്‍ വിവാദമായിരുന്നു. പിന്നാലെ പരിശീലകനായ രമേശ് പവാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ബിസിസിഐയ്‌ക്കെഴുതിയ കത്തില്‍ മിതാലി ആരോപിച്ചത്. ഇതിന് പിന്നാലെ പവാര്‍ മിതാലിയെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തു.

മിതാലിയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടെന്നും മിതാലിയെ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും പവാര്‍ ബിസിസിഐയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒട്ടും താല്‍പര്യമില്ലാതെയാണ് മിതാലി പെരുമാറിയിരുന്നതെന്നും അതുകൊണ്ട് തന്നെ മിതാലിയെ കൈകാര്യം ചെയ്യുന്നതില്‍ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടെന്ന് പവാര്‍ പറഞ്ഞു. അതേസമയം, ടീമില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനം വ്യക്തിപരമല്ലെന്നും ടീമിന് വേണ്ടിയായിരുന്നുവെന്നും പവാര്‍ വ്യക്തമാക്കി.

ഇതിന് പ്രതികരണവുമായാണ് ഇപ്പോള്‍ മിതാലി എത്തിയിരിക്കുന്നത്. തനിക്ക് എതിരായ അധിക്ഷേപത്തില്‍ ഏറെ വേദനയുണ്ടെന്ന് മിതാലി ട്വീറ്റ് ചെയ്തു. ‘കളിയോടുളള എന്റെ സമര്‍പ്പണവും, 20 വര്‍ഷം രാജ്യത്തിന് വേണ്ടി കളിച്ചതും, എന്റെ കഠിനാധ്വാനവും, വിയര്‍പ്പും എല്ലാം പാഴായി. ഇന്ന് എന്റെ രാജ്യസ്നേഹം സംശയിക്കപ്പെടുന്നു. എന്റെ കഴിവ് ചോദ്യം ചെയ്യപ്പെടുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും കറുത്ത ദിനമാണിന്ന്. ദൈവം ശക്തി നല്‍കട്ടെ,’ മിതാലി ട്വീറ്റ് ചെയ്തു.

മിതാലിയുടെ സ്‌ട്രൈക്ക് റേറ്റ് മോശമായതിനാലാണ് സെമി മത്സരത്തിനുള്ള ടീമില്‍ നിന്നും ഒഴിവാക്കിയതെന്ന് പവാര്‍ പറയുന്നു. കൂടാതെ മുതിര്‍ന്ന താരമായ മിതാലിയോടുള്ള തന്റെ പെരുമാറ്റത്തില്‍ വേര്‍തിരിവുണ്ടായിരുന്നതായും പവാര്‍ സമ്മതിച്ചു. എന്നാല്‍ പാക്കിസ്ഥാനും അയര്‍ലൻഡിനും എതിരെയുള്ള മത്സരങ്ങള്‍ക്കുള്ള ടീം തിരഞ്ഞെടുക്കുമ്പോള്‍ എന്തുകൊണ്ട് മിതാലിയുടെ സ്‌ട്രൈക്ക് റേറ്റ് നോക്കിയിരുന്നില്ലെന്ന ചോദ്യത്തിന് പവാറിന് ഉത്തരം നല്‍കാനായില്ല.

മിതാലിയെ പുറത്തിരുത്താന്‍ പുറത്തു നിന്നുമുള്ള ആരുടേയും നിർദേശം ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ പവാര്‍ പക്ഷെ ടീം മാനേജര്‍ തൃപ്തി ഭട്ടാചാരിക്ക് ബിസിസിഐയിലെ കരുത്തുള്ള ഒരാളുമായി ബന്ധമുണ്ടായിരുന്നുവെന്ന് അറിയാമായിരുന്നുവെന്നും പറഞ്ഞു.

വെളളിയാഴ്ചയാണ് പവാറിന്റെ താല്‍ക്കാലിക പരിശീലക സ്ഥാനത്തിന്റെ കാലാവധി അവസാനിക്കുന്നത്. പദവിയ്ക്കായി പുതിയ അപേക്ഷ നല്‍കാമെങ്കിലും പവാറിനെ നിലനിര്‍ത്തുമോ എന്നത് കണ്ടു തന്നെ അറിയണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook