ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പോരാട്ടത്തിനായി. വീറും വാശിയും നിറയുന്ന മത്സരമാകും എന്ന വിലയിരുത്തലിലാണ് ക്രിക്കറ്റ് ലോകം. ആരാധകർ തമ്മിലുള്ള തർക്കങ്ങളും പ്രവചനങ്ങളും തുടരുന്നതിനിടയിൽ ഓസ്ട്രേലിയൻ താരങ്ങൾ പതിവ് ആവർത്തിക്കുകയാണ്.

മത്സരത്തിന് മുമ്പ് എതിരാളികളെ വെല്ലുവിളിച്ചും കളിയാക്കിയും സമ്മർദ്ദത്തിലാക്കുന്ന അവരുടെ പതിവ് ഇക്കൊല്ലവും തെറ്റിയില്ല. ഓസ്ട്രേലിയൻ നായകൻ ടിം പെയ്നാണ് ആദ്യ വെടി പൊട്ടിച്ചിരിക്കുന്നത്. ലക്ഷ്യമാകട്ടെ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിയും. കോഹ്‍ലിയെ മെരുക്കാൻ തങ്ങൾക്ക് സാധിക്കുമെന്നാണ് പെയ്ൻ പറയുന്നത്.

” ഓസ്ട്രേലിയയുടെ പേസ് നിര ശക്തമാണ്. സ്റ്റാർക്കും, കമ്മിൻസും, ഹെയ്സൽവുഡും അടങ്ങുന്ന ഓസ്ട്രേലിയൻ ബോളർമാർ കഴിവുറ്റതാണ്. അവർ പ്രതിഭ പുറത്തെടുത്താൽ അനായാസം കോഹ്‍ലിയെ പൂട്ടാൻ സാധിക്കും,”പെയ്ൻ പറഞ്ഞു.

വികാരത്തിന് അടിമപ്പെടാതെ കളിയിൽ മാത്രം ശ്രദ്ധ പുലർത്തുകയാകും പരമ്പരയിൽ തങ്ങളുടെ ലക്ഷ്യമെന്നും ഓസിസ് നായകൻ കൂട്ടിച്ചേർത്തു.

ഓസ്ട്രേലിയയുടെ സമ്മർദ്ദ തന്ത്രത്തിന് ഒരിക്കലും പിടികൊടുക്കാത്ത താരമാണ് വിരാട് കോഹ്‍ലി. 2014ലെ ഇന്ത്യയുടെ ഓസ്ട്രേലിയൻ സന്ദർശനത്തിൽ നാല് സെഞ്ചുറികളാണ് താരം അടിച്ചു കൂട്ടിയത്. ഇത്തവണയും ഓസ്ട്രേലിയക്ക് പ്രധാന വെല്ലുവിളിയാകുക ഇന്ത്യൻ നായകൻ തന്നെയാണ്. ഇംഗ്ലണ്ടിനെതിരെയും വിൻഡീസിനെതിരെയും പുറത്തെടുത്ത തകർപ്പൻ ഫോം കോഹ്‍ലി ഓസ്ട്രേലിയയിലും ആവർത്തിച്ചാൽ ഓസിസ് മണ്ണിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഇന്ത്യൻ നായകനാകാൻ കോഹ്‍ലിക്ക് സാധിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook