പെര്‍ത്ത്: ഇന്ത്യന്‍ പേസറുടെ പന്ത് കണ്ട് അമ്പരന്ന് നില്‍ക്കുന്ന ഓസീസ് ബാറ്റ്‌സ്മാന്‍, അതും ഓസ്‌ട്രേലിയന്‍ തട്ടകമായ പെര്‍ത്തില്‍. അതൊരു ഒന്നൊന്നര കാഴ്ച്ച തന്നെയാകും ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ചിടത്തോളമെന്നതില്‍ യാതൊരു തര്‍ക്കത്തിനും ഇടമില്ല. ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസമായിരുന്നു ക്രിക്കറ്റ് ആരാധകരെ ആവേശം കൊളളിച്ച ആ നിമിഷം.

തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലുള്ള ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ബൗളിങ് മികവ് കൊണ്ട് ഓസീസ് നായകന്‍ ടിം പെയ്‌നിനെ ഞെട്ടിച്ചത്. 22 ഓവറുകളായിരുന്നു ആദ്യ ദിവസം ബുംറ എറിഞ്ഞത്. വിട്ടുകൊടുത്തത് 41 റണ്‍സ് മാത്രമായിരുന്നു. ആദ്യ ദിവസം ഇന്ത്യയുടെ 84 ാം ഓവറിലാണ് ബുംറ തന്റെ മാജിക്ക് പുറത്തെടുത്തത്.

തുടരെ തുടരെ രണ്ട് പന്തുകളിലൂടെയായിരുന്നു ബുംറ പെയ്‌നിനെ ഞെട്ടിച്ചത്. പന്തിന്റെ വേഗതയും സ്വിങും ഗണിക്കാനാകാതെ പെയ്ന്‍ കുഴഞ്ഞു പോയി. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് പോലും ബുംറയുടെ പന്ത് പിടിയിലൊതുക്കാന്‍ സാധിച്ചിരുന്നില്ല. . തന്റെ ബാറ്റിനെ മറി കടന്ന് പോയ പന്ത് നോക്കി നില്‍ക്കുന്ന പെയ്‌ന്റെ മുഖത്തെ അത്ഭുതവും ആ നിമിഷത്തിന് നിറക്കയ്യടി നല്‍കിയ ഇന്ത്യന്‍ താരങ്ങളുമെല്ലാം ആദ്യ ദിവസത്തിലെ മറക്കാനാവാത്ത കാഴ്ച്ച തന്നെയായിരുന്നു.

അതേസമയം, ഒന്നാം ഇന്നിങ്‌സില്‍ ഓസീസ് 326 റണ്‍സിന് പുറത്തായി. കഴിഞ്ഞ ദിവസം 277-6 എന്ന നിലയില്‍ കളി അവസാനിപ്പിച്ച ഓസ്‌ട്രേലിയയെ ഇന്ന് ഇശാന്ത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ബൗളിങ് നിര എറിഞ്ഞിടുകയായിരുന്നു. നാല് വിക്കറ്റാണ് ഇശാന്ത് വീഴ്ത്തിയത്.

38 റണ്‍സുമായി നായകന്‍ ടിം പെയ്ന്‍ പുറത്തായി. പിന്നാലെ വന്നവരെല്ലാം അധികം പിടിച്ചു നില്‍ക്കാനാകാതെ പുറത്തായതോടെ ഓസീസ് ഇന്നിങ്‌സ് 326 ല്‍ അവസാനിക്കുകയായിരുന്നു. പാറ്റ് കമ്മിന്‍സ് 19 റണ്‍സുമായി പുറത്തായപ്പോള്‍ സ്റ്റാര്‍ക്ക് ആറ് റണ്‍സും ലിയോണ്‍ ഒമ്പത് റണ്‍സും നേടി. ഹസല്‍വുഡിന് അക്കൗണ്ട് തുറക്കാനായില്ല.

ഇശാന്ത് ശര്‍മ്മ നാല് വിക്കറ്റ് നേടി ബൗളിങ് നിരയെ മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ബുംറ, ഉമേഷ് യാദവ്, ഹനുമ വിഹാരി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook