സിഡ്‌നി: വിരമിക്കല്‍ സൂചനകള്‍ നല്‍കി ഓസീസ് നായകന്‍ ടിം പെയ്ന്‍. വരാനിരിക്കുന്ന പാക്കിസ്ഥാന്‍, ന്യൂസിലന്‍ഡ് പരമ്പരകള്‍ തന്റെ അവസാനത്തേതാകാം എന്ന് പെയ്ന്‍ പറഞ്ഞതോടെയാണ് വിരമിക്കല്‍ തീരുമാനത്തിലേക്ക് താരം എത്തിയതായ ചര്‍ച്ച തുടങ്ങിയത്. അടുത്ത മാസം 35 വയസ് തികയും പെയ്‌നിന്. പന്തു ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് സ്റ്റീവ് സ്മിത്തിനെ വിലക്കിയതോടെയാണ് പെയ്ന്‍ ഓസ്‌ട്രേലിയയുടെ നായകനാകുന്നത്.

പെയ്‌ന്റെ നായകത്വത്തില്‍ ഓസ്‌ട്രേലിയ ആഷസ് നിലനിര്‍ത്തിയിരുന്നു. സ്റ്റീവ് വോയ്ക്ക് ശേഷം ടിം പെയ്‌ന്റെ നേതൃത്വത്തിലുള്ള ടീമാണ് ആഷസ് നിലനിര്‍ത്തുന്നത്. വിലക്കിന് ശേഷം സ്മിത്ത് അതിശക്തമായി തന്നെ തിരികെ വന്നതോടെയാണ് പെയ്‌ന്റെ ഭാവിയെ കുറിച്ചുള്ള ചിന്തകളും ആരംഭിച്ചത്.

”ഇതെന്റെ അവസാന വേനല്‍ക്കാലമാകാം. എനിക്കുറപ്പില്ല. പക്ഷെ, ഞാനിത് ആസ്വദിക്കുന്നുണ്ട്. മാനസികമായും ശാരീരികമായും സുഖമുണ്ട്. അതുള്ളിടത്തോളം കാലം, നന്നായി സ്‌കോര്‍ ചെയ്യുകയും കീപ്പ് ചെയ്യുകയും ചെയ്യുന്ന കാലം ഞാന്‍ തുടരും” പെയ്ന്‍ പറഞ്ഞു.

”എനിക്കറിയാം എന്റെ പ്രായമെത്തുമ്പോള്‍ ആ മനോഭാവം മാറുമെന്ന്. ഈ സമ്മര്‍ വളരെ ആകാംഷയോടെയാണ് ഞാന്‍ കാത്തിരിക്കുന്നത്. അതിനപ്പുറത്തേക്ക് ഞാന്‍ ചിന്തിച്ചിട്ടില്ല. എനിക്കറിയാം എന്താണ് ചെയ്യേണ്ടതെന്നും എന്താണ് നേടേണ്ടതെന്നും. ഓസ്‌ട്രേലിയയുടെ ക്യാപ്റ്റനും കീപ്പറുമാകുമ്പോള്‍, രണ്ടും വളരെ പ്രധാനപ്പെട്ട വേഷങ്ങളാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍. ഇപ്പോള്‍ അത് രണ്ടും നോക്കണം” താരം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook