ലണ്ടൻ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെ 91 റൺസിൽ നിൽക്കെ പുറത്താക്കിയതിനു തനിക്കു ക്രൂരമായ വധഭീഷണികൾ ലഭിച്ചതായി ഇംഗ്ലണ്ട് മുൻ പേസർ ടിം ബ്രസ്‌നൻ. 2011 ലെ ഓവൽ ടെസ്റ്റിനു പിന്നാലെയാണ് തനിക്കു വധഭീഷണി നേരിട്ടതെന്നും ബ്രസ്‌നൻ പറഞ്ഞു.
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റായിരുന്നു അത്. സച്ചിനെ 91 റൺസിൽ പുറത്താക്കി. ക്രിക്കറ്റ് കരിയറിലെ നൂറാം സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു സച്ചിൻ. ഈ മത്സരത്തിൽ സെഞ്ചുറി നേടിയാൽ നൂറ് സെഞ്ചുറികൾ നേടുന്ന ആദ്യതാരമെന്ന നേട്ടം സച്ചിനു കെെവരിക്കാമായിരുന്നു. എന്നാൽ, 91 റൺസിൽ നിൽക്കെ സച്ചിൻ പുറത്തായി.
Read Also: രാജ്യത്തെ കോവിഡ് കേസുകള്‍ 2.56 ലക്ഷം; ഒറ്റദിവസം 9,983 പുതിയ രോഗികൾ
ബ്രസ്‌നൻ എറിഞ്ഞ പന്തിലാണ് സച്ചിൻ പുറത്തായത്. നൂറാം സെഞ്ചുറിക്ക് വെറും ഒൻപത് റൺസ് അകലെ. ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളും സച്ചിന്റെ ആരാധകരും നിരാശരായി. അംപയർ റോഡ് തക്കർ എൽബിഡബ്‌ള്യൂ അപ്പീൽ അനുവദിക്കുകയായിരുന്നു. എന്നാൽ അത് സ്‌റ്റംപിൽ ഹിറ്റ് ചെയ്യാത്ത പന്തായിരുന്നു എന്ന് പിന്നീട് വ്യക്തമായി. ഇത് ഇന്ത്യൻ ആരാധകരുടെ നിരാശ വർധിപ്പിച്ചു. ബോളറായ ടിം ബ്രസ്‌നനോടും അംപയർ തക്കറിനോടും ക്രിക്കറ്റ് ആരാധകർക്ക് ദേഷ്യമായി. ഇതേ തുടർന്നാണ് തങ്ങൾക്ക് രണ്ടുപേർക്കും വധഭീഷണി നേരിടേണ്ടി വന്നതെന്ന് ബ്രസ്‌നൻ പറഞ്ഞു.
“ഞങ്ങൾക്ക് രണ്ട് പേർക്കും വധഭീഷണി ലഭിച്ചു. എനിക്ക് ട്വിറ്ററിലൂടെയാണ് വധഭീഷണി ലഭിച്ചത്. തക്കറിന് കത്തുകൾ വഴിയാണ് വധഭീഷണി ലഭിച്ചത്. അത് വിക്കറ്റല്ല എന്നായിരുന്നു വധഭീഷണിയിൽ എല്ലാവരും പറഞ്ഞിരുന്നത്. വധഭീഷണി ലഭിച്ചതിനെ തുടർന്ന് താൻ സുരക്ഷസംവിധാനം ശക്തിപ്പെടുത്തിയതായി തക്കർ എന്നോട് പറഞ്ഞിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ അദ്ദേഹത്തിനു പൊലീസ് സുരക്ഷയടക്കം ഏർപ്പെടുത്തിയിരുന്നു,” ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ബ്രസ്‌നൻ പറഞ്ഞു.
Read Also: കേരളത്തിൽ സാമൂഹ്യവ്യാപന ആശങ്ക; കോവിഡ് ദ്രുതപരിശോധന ഇന്നുമുതൽ
99-ാം സെഞ്ചുറി സ്വന്തമാക്കി പിന്നെയും ഒന്നരവർഷം കാത്തിരുന്ന ശേഷമാണ് നൂറാം സെഞ്ചുറി എന്ന നേട്ടത്തിലേക്ക് സച്ചിൻ എത്തുന്നത്. 2012 മാർച്ച് 16 നു ധാക്കയിൽ ബംഗ്ലാദേശിനെതിരെ ഏകദിന മത്സരത്തിലാണ് സച്ചിൻ നൂറാം സെഞ്ചുറി തികച്ചത്. 147 പന്തിൽ നിന്ന് 114 റൺസാണ് സച്ചിൻ നേടിയത്. എന്നാൽ, സച്ചിൻ നൂറാം സെഞ്ചുറി നേടിയിട്ടും ഇന്ത്യ പരാജയപ്പെട്ടു. ഏഷ്യാ കപ്പിലെ മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ബംഗ്ലാദേശ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.