തിരുവനന്തപുരം: നവംബര്‍ ഒന്നിന് കാര്യവട്ടം സ്പോർട്സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റുകള്‍ അക്ഷയ ഇ-കേന്ദ്രങ്ങള്‍ വഴിയും ലഭ്യമാക്കും. ഇതിനായി സംസ്ഥാന ഐടി മിഷനുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ധാരണയിലെത്തി. പേടിഎം, ഇന്‍സൈഡര്‍ എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് പുറമെയാണ് സംസ്ഥാന ഐടി മിഷന് കീഴിലുള്ള അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ടിക്കറ്റ് വില്‍പ്പന നടത്തുന്നത്.
സംസ്ഥാനത്തുടനീളമുള്ള 2700 അക്ഷയ കേന്ദ്രങ്ങള്‍ വഴി ശനിയാഴ്ച മുതല്‍ ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് എടുക്കാവുന്നതാണ്. തിരുവനന്തപുരം ജില്ലയിലെ 234 അക്ഷയ കേന്ദ്രങ്ങളിലും ഈ സംവിധാനം ലഭ്യമാണ്. 1000, 2000, 3000 എന്നിങ്ങനെയാണ് മത്സരത്തിനുള്ള ടിക്കറ്റ് നിരക്ക്. അക്ഷയ കേന്ദ്രങ്ങളില്‍ പണം നല്‍കിയാല്‍ ഏകദിനത്തിന്റെ ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്ത് നല്‍കും. ഇതിനായി ടിക്കറ്റ് നിരക്കിന് പുറമെ ഇ-മെയില്‍ ഐഡിയും മൊബൈല്‍ നമ്പറും നല്‍കിയാല്‍ മതി. ടിക്കറ്റ് ബുക്കിങ്ങ് പൂര്‍ത്തിയായതിന്റെ സ്ഥിരീകരണം എസ്എംഎസായും ഇ-മെയിലായും ലഭിക്കും. ആവശ്യമെങ്കില്‍ ടിക്കറ്റിന്റെ പ്രിന്റൗട്ട് നല്‍കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ടിക്കറ്റെടുക്കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച സര്‍വീസ് ചാര്‍ജ് ഈടാക്കും.
ഏകദിനത്തിന്റെ ടിക്കറ്റ് വില്‍പ്പന ഓണ്‍ലൈന്‍ വഴി മാത്രമേ ഉള്ളൂവെന്നും കൗണ്ടര്‍ വഴി ടിക്കറ്റ് വില്‍പ്പനയില്ലെന്നും ജനറല്‍ കണ്‍വീനര്‍ ജയേഷ് ജോര്‍ജ് അറിയിച്ചു.
Read Also: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് തിരുവനന്തപുരം ഏകദിനം ; ഓണ്‍ലൈനായി ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം
സ്റ്റേഡിയത്തില്‍ പ്രവേശിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
1. മൂന്നു വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ ടിക്കറ്റ് നിര്‍ബന്ധമാണ്.
2. ഒരാള്‍ക്ക് ഒരു മെയില്‍ ഐഡിയില്‍ നിന്നും 6 ടിക്കറ്റ് വരെ ബുക്ക് ചെയ്യാം.
3. മൊബൈലിലോ ഇ-മെയിലിലോ ലഭിക്കുന്ന ഇ-ടിക്കറ്റിലെ ക്യൂ ആര്‍ കോഡോ, ഇ-ടിക്കറ്റിന്റെ പ്രിന്റ് ഔട്ടിലെ ക്യൂ ആര്‍ കോഡോ സ്‌കാന്‍ ചെയ്യ്താണ് സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശനം.
4. സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നയാളുടെ ഐഡി പ്രൂഫ് നിര്‍ബന്ധമാണ്.
5. ഗ്രൂപ്പ് ബുക്കിങ്ങിന് പ്രൈമറി ടിക്കറ്റ് ഹോള്‍ഡറുടെ ഐഡി പ്രൂഫിന്റെ കോപ്പി കാണിച്ച് സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാം.