നവംബർ ഒന്ന് കേരള പിറവി ദിനത്തിൽ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് നിരക്കുകള്‍ തീരുമാനിച്ചു. ടിക്കറ്റ് വരുമാനത്തില്‍ നിന്നുള്ള ലാഭവിഹിതത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കാനാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം.

ഏറ്റവും കുറഞ്ഞ ടിക്കറ്റിന് 1000 രൂപയാണ് ഈടാക്കുക. 2000, 3000, 6000 എന്നീ നിരക്കുകളിലും ടിക്കറ്റുകൾ ലഭ്യമാകും. വിദ്യാർത്ഥികൾക്ക് 1000 രൂപ ടിക്കറ്റില്‍ 50% ഇളവ് ലഭിക്കുമെന്നും കെസിഎ അറിയിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന കെസിഎ ജനറല്‍ ബോഡി മീറ്റിങ്ങിലാണ് ടിക്കറ്റ് നിരക്കുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനമായത്.

കഴിഞ്ഞ വർഷം ആറോവര്‍ വീതമാക്കി ചുരുക്കേണ്ടിവന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി-20 മത്സരത്തിന് ശേഷം മറ്റൊരു രാജ്യാന്തര മത്സരത്തിനൊരുങ്ങുകയാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. ഇത്തവണ ഏകദിന ആവേശം തന്നെയാണ് മലയാളികൾക്കായി കാത്തിരിക്കുന്നത്.

ഒക്ടോബറിലാണ് ഇന്ത്യ – വെസ്റ്റ് ഇൻഡീസ് പരമ്പരക്ക് തുടക്കം കുറിക്കുന്നത്. രണ്ട് ടെസ്റ്റും അഞ്ച് ഏകദിനവും മൂന്ന് ഏകദിനവും അടങ്ങുന്നതാണ് വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനം. ഇതിൽ അഞ്ചാം ഏകദിനമാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ