തൃശൂര്‍ പൂരത്തില്‍ പൂരപ്രേമികള്‍ ആവേശത്തോടെ കാണുന്ന ഒന്നാണ് കുടമാറ്റം. തിരുവമ്പാടിയും പാറമേക്കാവും മാറി മാറി വര്‍ണാഭമായ കുടകള്‍ ഉയര്‍ത്തുമ്പോള്‍ പൂരനഗരിയില്‍ ഉയരുന്ന ആരവത്തിന് അതിരുകളില്ല. ഇത്തവണയും അത് ആവര്‍ത്തിച്ചു. പക്ഷെ എല്ലാവരേയും ഞെട്ടിച്ചായിരുന്നു തിരുവമ്പാടി തങ്ങളുടെ തുറുപ്പ് ചീട്ട് പുറത്തെടുത്തത്.
അത് മറ്റാരുമല്ലായിരുന്നു സാക്ഷാല്‍ മെസി തന്നെ. നെറ്റപ്പട്ടവും ചൂടി വടക്കുനാഥക്ഷേത്രത്തിന് മുന്നില്‍ തല ഉയര്‍ത്തി നിന്ന കൊമ്പന്മാര്‍ക്ക് മുകളില്‍ ഇരുന്ന് മെസി വിശ്വകിരീടം ഉയര്‍ത്തി. മെസി ലോകകപ്പും കയ്യിലേന്തി നില്‍ക്കുന്ന ചിത്രം വന്നതോടെ പൂരനഗരിയില്‍ ഉണ്ടായത് അതുവരെ ഉയരാത്ത ആരവമായിരുന്നു.
തിരുവമ്പാടി ദേവസ്വത്തിന്റെ പൂരാശംസകള്‍ എന്ന് എല്‍ഇഡി ലൈറ്റിലെഴുതിയായിരുന്നു മെസിയെ പ്രദര്‍ശിപ്പിച്ചത്.
ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചായിരുന്നു അര്‍ജന്റീന കിരീടം ചൂടിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും സമനില പാലിച്ചതോടെ (3-3) കളി പെനാലിറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. 4-2 എന്ന സ്കോറിലായിരുന്നു അര്‍ജന്റീനയുടെ വിജയം. ടൂര്‍ണമെന്റിന്റെ താരമായി മെസിയെയാണ് തിരഞ്ഞെടുത്തത്.