മെല്‍ബണ്‍: ഓസ്‌ട്രേിലയയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് ഇന്നലെ ആഘോഷത്തിന്റെ ദിനമായിരുന്നു. ഒരു ഭാഗത്ത് ധോണിയുടെ തിരിച്ചു വരവിലൂടെ ഇന്ത്യ ചരിത്രത്തിലെ ആദ്യ പരമ്പര വിജയം ഓസ്‌ട്രേലിയന്‍ മണ്ണില്‍ സ്വന്തമാക്കിയപ്പോള്‍ മറുവശത്ത് വനിതകളുടെ ബിഗ് ബാഷ് പുതിയ ചരിത്രം കുറിക്കുകയായിരുന്നു. അവസാന പന്തിലെ ക്യാച്ചിലൂടെ ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഇളക്കി മറിച്ചിരിക്കുകയാണ് ബ്രിസ്‌ബെന്‍ ഹീറ്റിന്റെ ഹെയ്ദി ബിര്‍ക്കെറ്റ്. ആവേശം അണപ്പൊട്ടിയൊഴുകിയ സെമി ഫൈനല്‍ വിജയത്തോടെ ബ്രിസ്‌ബെന്‍ തങ്ങളുടെ ആദ്യ ഫൈനല്‍ പ്രവേശനവും നേടി.

സിഡ്‌നി തണ്ടറും ബ്രിസ്‌ബെന്‍ ഹീറ്റും തമ്മിലെ ബിഗ് ബാഷ് ലീഗ് സെമി ഫൈനല്‍ മത്സരമാണ് വേദി. അവസാന ഓവറില്‍ ബ്രിസ്‌ബെനിന് വേണ്ടിയിരുന്നത് 13 റണ്‍സ്. സിഡ്‌നിയുടെ താരം നിക്കോള കാരേ അവസാന പന്ത് ബൗണ്ടറി ലക്ഷ്യമാക്കി ഉയര്‍ത്തി അടിച്ചു. സിക്‌സെന്ന് ഉറപ്പിച്ച ബൗളര്‍ നിരാശയോടെ നിലത്തിരുന്നു. വിജയം ആഘോഷിക്കാനായി കാരേയും സഹതാരവും തുടങ്ങവെ എവിടെ നിന്നോ എന്ന പോലെ ബൗണ്ടറി ലൈനിന് അരികിലേക്ക് ഓടിയെത്തിയ ബിര്‍ക്കെറ്റ് പന്ത് പിടിയിലൊതുക്കുകയായിരുന്നു.

നിരാശയുടെ പടുകുഴിയില്‍ നിന്നും ചാടിയെഴുന്നേറ്റ ബോളര്‍ ബിര്‍ക്കെറ്റിന് അരികിലേക്ക് തലക്ക് കൈ വച്ചു കൊണ്ട് ഓടി, തനിക്ക് മുന്നില്‍ നടന്നതെന്തെന്ന് വിശ്വസിക്കാന്‍ അവള്‍ക്കാകുന്നുണ്ടായിരുന്നില്ല. അതേസമയം, തന്റെ ബാറ്റ് തലക്ക് മുകളില്‍ വച്ച് അമ്പരന്ന മുഖത്തോടെ കാരേ പവലിയനിലേക്ക് നടക്കുകയായിരുന്നു. സ്‌ക്രീനില്‍ ആ നിമിഷം കാണിച്ച സിഡ്‌നി താരങ്ങളും തലക്ക് കൈവിച്ച് നില്‍ക്കുകയായിരുന്നു.

ഹെയ്ദിയുടെ ക്യാച്ച് ക്രിക്കറ്റ് ലോകത്ത് തന്നെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഒരു ത്രില്ലറിന്റെ പെര്‍ഫെക്ട് ക്ലൈമാക്‌സ് കണ്ട മത്സരത്തെയും ബ്രിസ്‌ബെന്‍ ടീമിനേയും ഹെയ്ദിയും പ്രശംസിച്ച് ക്രിക്കറ്റ് ലോകം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഓസീസ് താരം ഗ്ലെന്‍ മാക്‌സ് വെല്ലും ക്യാച്ചിന്റെ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഹെയ്ദിയോട് എന്തെങ്കിലും ടിപ്‌സ് നല്‍കുമോ എന്നാണ് മാക്‌സി ചോദിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ