പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെ ലൈംഗിക ആരോപണവുമായി കൂടുതല്‍ യുവതികള്‍ രംഗത്ത്. 2009-ല്‍ റൊണാള്‍ഡോ തന്നെ ബലാത്സംഗം ചെയ്‌തെന്ന അമേരിക്കന്‍ മോഡലിന്റെ പരാതിയില്‍ പൊലീസ് പുനരന്വേഷണം ആരംഭിച്ചതിന് പിന്നാലെ മൂന്നു സ്ത്രീകള്‍ കൂടി താരത്തിനെതിരെ രംഗത്തെത്തി.

2009ല്‍ ഒരു സ്വകാര്യ പാര്‍ട്ടിക്ക് ശേഷം റൊണാള്‍ഡോ ബലാത്സംഗം ചെയ്തുവെന്നാണ് ഒരു യുവതി ആരോപിച്ചിരിക്കുന്നത്. കാതറിന്‍ മയോര്‍ഗയെന്ന 34 കാരിയാണ് അടുത്തിടെ റൊണാള്‍ഡോക്കെതിരെ ലൈംഗികാരോപണവുമായി ആദ്യം രംഗത്തെത്തിയത്. സമാനമായ പരാതി തന്നെയാണ് മറ്റൊരു സ്ത്രീയും ആരോപിച്ചിരിക്കുന്നതെന്ന് മയോര്‍ഗയുടെ അഭിഭാഷക ലെസ്ലി സ്‌റ്റൊവാള്‍ വെളിപ്പെടുത്തി.

അഭിഭാഷകയെ ഫോണ്‍ വിളിച്ചാണ് യുവതികള്‍ പരാതി പറഞ്ഞത്. അതേസമയം, താരത്തിനെതിരെ രംഗത്തുവന്ന മറ്റൊരു സ്ത്രീ, റൊണാള്‍ഡോ തന്നെ പീഡിപ്പിച്ചുവെന്നാണ് ആരോപിച്ചിരിക്കുന്നത്. എന്നാല്‍ ഇവര്‍ താരത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ടോയെന്ന കാര്യം സ്റ്റൊവാള്‍ വെളിപ്പെടുത്തിയിട്ടില്ല. റൊണാള്‍ഡോയുമായി ഒരു രഹസ്യ കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നായിരുന്നു ഒരു യുവതിയുടെ പരാതി. അമേരിക്കന്‍ യുവതിയാണ് അഭിഭാഷകയെ ഫോണ്‍ ചെയ്തത്. ഇവരുടെ വിവരങ്ങള്‍ പൊലീസിന് കൈമാറുമെന്ന് അഭിഭാഷക അറിയിച്ചു.

ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതി വ്യാജമാണെന്ന് റൊണാള്‍ഡോ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. തന്‍റെ പേരുപയോഗിച്ച് പ്രശസ്തി നേടാനുള്ള ശ്രമമാണ് യുവതി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. കാതറിന്‍ മയോര്‍ഗയെന്ന 34 കാരിയാണ് കഴിഞ്ഞ ദിവസം റൊണാള്‍ഡോയ്ക്കെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. 2009 ജൂണ്‍ 13-ന് ലാസ്‌വെഗാസിലെ ഒരു ഹോട്ടലില്‍ വച്ച് റൊണാള്‍ഡോ തന്നെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു കാതറിന്‍റെ ആരോപണം. ഇത് പുറത്തറിയാതിരിക്കാന്‍ 375000 ഡോളര്‍ നല്‍കിയെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.

ആരോപണം പുറത്തുവന്നതോടെ റൊണാള്‍ഡോയുടെ സ്പോന്‍സര്‍ഷിപ്പിലും മാര്‍ക്കറ്റിങ് ഇടപാടുകളിലും കാര്യമായ ചലനം ഉണ്ടാക്കിയിരുന്നു. റൊണാള്‍ഡോയുമായി 1 ബില്യണ്‍ ഡോളറിന്റെ ആജീവനാന്ത കരാറുളള നൈക്കി സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. ബലാത്സംഗ ആരോപണം വന്നതോടെ കമ്പനിയുടെ ഓഹരികളിലും നഷ്ടം രേഖപ്പെടുത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook