ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റും വിജയിച്ചതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. പരമ്പരയിൽ മാൻ ഓഫ് ദി സീരിസായത് യുവതാരം പൃഥ്വി ഷായും. രണ്ട് ടെസ്റ്റിലും പുറത്തെടുത്ത മികച്ച ബാറ്റിങ് പ്രകടനമാണ് താരത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. അരങ്ങേറ്റ ടെസ്റ്റിൽ തന്നെയാണ് ഷായുടെ നേട്ടമെന്ന പ്രത്യേകതയുമുണ്ട്.

എന്നാൽ ഇതാദ്യമായല്ല ഒരു താരത്തിന് അരങ്ങേറ്റ പരമ്പരയിൽ തന്നെ മാൻ ഓഫ് ദി സീരിസ് പുരസ്കാരം കിട്ടുന്നത്. പൃഥ്വി ഷാ ഉൾപ്പടെ പത്ത് താരങ്ങൾ ഇത്തരത്തിൽ മികച്ച പ്രകടനത്തോടെ പുരസ്കാരം നേടിയിട്ടുണ്ട്. ഇതിൽ നാല് പേരും ഇന്ത്യൻ താരങ്ങളാണ്. അതിൽ തന്നെ മൂന്ന് പേർ ഈ നേട്ടം കൈവരിച്ചത് വെസ്റ്റ് ഇൻഡീസിനെതിരെയാണെന്നതാണ് കൗതുകം.

രവിചന്ദ്രൻ അശ്വിനും രോഹിത് ശർമ്മയും ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത് വിന്റീസിന് എതിരെയാണ്. അരങ്ങേറ്റ പരമ്പരയിൽ ഇരുവരും പരമ്പരയിലെ മികച്ച താരങ്ങളുമായി.

2011ലെ വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലായിരുന്നു അശ്വിന്റെ അരങ്ങേറ്റം. മൂന്ന് മത്സരങ്ങളിൽ നിന്നായി രണ്ട് അഞ്ച് വിക്കറ്റ് നേട്ടമുൾപ്പടെ 22 വിക്കറ്റുകളാണ് അശ്വിൻ അന്ന് സ്വന്തമാക്കിയത്. 2013 ൽ വെസ്റ്റ് ഇൻഡീസിന്റെ സന്ദർശനത്തിലായിരുന്നു രോഹിതിന്റെ പ്രകടനം. രണ്ട് ഇന്നിങ്സുകളിൽ നിന്നും 288 റൺസ് നേടിയാണ് രോഹിത് അന്ന് മാൻ ഓഫ് ദി സീരിസ് പട്ടം സ്വന്തമാക്കിയത്.

രണ്ട് മത്സരങ്ങളിൽ നിന്ന് ഒന്ന് വീതവും സെഞ്ചുറിയും അർദ്ധസെഞ്ചുറിയും നേടിയ ഷായുടെ ആകെ സമ്പാദ്യം 237 റൺസാണ്. രാജ്കോട്ടിൽ നടന്ന ആദ്യ മത്സരത്തിൽ 134 റൺസാണ് പൃഥ്വി ഷാ നേടിയത്. ഹൈദരാബാദ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 70 റൺസും രണ്ടാം ഇന്നിങ്സിൽ 33 റൺസും താരം നേടി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ