കൊച്ചി: നാല് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ശ്രീശാന്ത് ക്രിക്കറ്റ് കളിക്കാനിറങ്ങുന്നു. ബിസിസിഐയുടെ നിലപാടെന്താണെന്നറിയില്ലെന്നും കളിക്കരുതെന്ന് പറഞ്ഞുളള ബിസിസിഐയുടെ കത്തുകളൊന്നും ലഭിച്ചിട്ടില്ലെന്നും ശ്രീശാന്ത് പറഞ്ഞു. 2013 ൽ തിഹാർ ജയിലിലായിരുന്നപ്പോൾ ഒരു സസ്‌പെൻഷൻ ലെറ്റർ ലഭിച്ചിരുന്നു. എന്നാൽ അതിന്റെ കാലാവധി 90 ദിവസമാണ്. അത് വച്ച് 2017 ലും കളിക്കാൻ പാടില്ലെന്ന് പറയുന്നതിൽ അർത്ഥമില്ല. ബിസിസിഐ കൂടെ നിൽക്കാത്തതിൽ വിഷമമുണ്ട്. എന്നാൽ ടി.സി.മാത്യു സർ കൂടെയുണ്ട്. വരുന്ന 17 വെളളിയാഴ്ച നടക്കുന്ന ബിസിസിഐ ജനറൽ ബോഡി യോഗമുളളതായറിയുന്നു. അതിൽ ഇതു സംബന്ധിച്ച തീരുമാനമുണ്ടാവുമെന്ന് കരുതുന്നു.” -ശ്രീശാന്ത് ഐഇ മലയാളത്തോട് പറഞ്ഞു.

നാല് വർഷം കളിക്കാതിരുന്നത് ഏറ്റവും വലിയ നഷ്‌ടമാണ് ആ നാല് വർഷം തിരിച്ചുതരാൻ ആർക്കും കഴിയില്ല. ബിസിസിഐ എൻഒസി നൽകുകയാണെങ്കിൽ തീർച്ചയായും സ്കോട്ടിഷ് ലീഗിൽ കളിക്കും. സസ്‌പെൻഷൻ ലെറ്ററിനപ്പുറം വിലക്കേർപ്പെടുത്തിയ ഔദ്യോഗികമായ ഒരു കത്ത് എനിക്കും അസോസിയേഷനും ലഭിച്ചിട്ടില്ല. സ്കോട്ടിഷ് ലീഗിൽ കളിക്കാനുള്ള അനുമതി നിഷേധിച്ചപ്പോഴാണ് ഇത്തരമൊരു കത്ത് വന്നിട്ടില്ലെന്ന് മനസ്സിലായത്. മാധ്യമങ്ങളിൽ പറയാതെ എന്ത് കൊണ്ട് കളിച്ചൂടാ എന്ന് കാരണ സഹിതം ഒരു കത്ത് തരേണ്ടത് ബിസിസിഐയാണ്.

നാല് വർഷമായി ഞാൻ കളിക്കളത്തിന് പുറത്ത് നിൽക്കുന്നു. എനിക്ക് ഒരു നിയമവും ബാക്കിയുളവർക്ക് വേറൊരു നിയമവുമാണ്. എന്ത് കൊണ്ടാണിങ്ങനെ? ഞാൻ മലയാളിയായത് കൊണ്ടാണോ അല്ല ദക്ഷിണേന്ത്യൻ കളിക്കാരനായതത് കൊണ്ടാണോ? എന്ത് കൊണ്ടാണെന്ന് ബിസിസിഐ വ്യക്തമാക്കണം. ഇല്ലെങ്കിൽ നിായമ നടപടികളുമായി മുന്നോട്ട് പോവുന്നതിനെ കുറിച്ചാലോചിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു.

2013 ൽ ഐപിഎൽ ആറാം സീസൺ മത്സരങ്ങൾ നടക്കുന്നതിനിടെയാണ് വാതുവയ്പ് കേസിൽ രാജസ്ഥാൻ റോയൽസ് താരമായിരുന്ന ശ്രീശാന്തിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തത്. തുടർന്ന് 2013 സെപ്‌റ്റംബറിൽ ബിസിസിഐ ശ്രീശാന്തിന് ആജീവനാന്ത വിലക്കേർപ്പെടുത്തി. എന്നാൽ 2015 ൽ വിചാരണ കോടതി ശ്രീശാന്തിനെ കേസിൽ കുറ്റവിമുക്തനാക്കിയിരുന്നു. എങ്കിലും വിലക്ക് നീക്കാൻ ബിസിസിഐ തയാറായിരുന്നില്ല.

സ്കോട്ടിഷ് പ്രീമിയർ ലീഗിൽ കളിക്കാനുളള അനുമതിയും ബിസിസിഐ നിഷേധിച്ചിരുന്നു. ഈ സന്ദർഭത്തിലാണ് ക്ളബ് ക്രിക്കറ്റ് കളിച്ചു തുടങ്ങുമെന്നറിയിച്ച് ശ്രീശാന്ത് രംഗത്തെത്തിയിരിക്കുന്നത്.

ക്രിക്കറ്റ് കളിക്കുന്നില്ലെങ്കിലും നിരവധി ടെലിവിഷൻ പരിപാടികളിലും സിനിമകളിലും ശ്രീശാന്ത് ഈ കാലയളവിൽ സജീവമായിരുന്നു. ടീം ഫൈവാണ് ശ്രീശാന്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ മലയാള ചിത്രം. കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി തിരുവനന്തപുരത്ത് മത്സരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ