മൂന്ന് തവണ താൻ ആത്മഹത്യയെ കുറിച്ച് ആലോചിച്ചെന്ന് ഇന്ത്യൻ പോസ് ബോളർ മുഹമ്മദ് ഷമി. രോഹിത് ശർമയ്‌ക്കൊപ്പമുള്ള ഇൻസ്റ്റഗ്രാം ലൈവ് സെഷനിലാണ് ഷമിയുടെ വെളിപ്പെടുത്തൽ. മാനസിക സമ്മർദങ്ങളും വ്യക്തിപരമായ പ്രശ്‌നങ്ങളും കാരണം താൻ മൂന്ന് തവണ ജീവിതം അവസാനിപ്പിക്കാൻ ആലോചിച്ചതായി ഷമി പറഞ്ഞു.

“എന്റെ കുടുംബം എന്നെ പിന്തുണച്ചില്ലായിരുന്നെങ്കിൽ എനിക്ക് ക്രിക്കറ്റ് കരിയർ തന്നെ നഷ്‌ടപ്പെടുമായിരുന്നു. ആത്മസംഘർഷങ്ങളും വ്യക്തി ജീവിതത്തിലെ ചില പ്രശ്നങ്ങളും കാരണം ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് മൂന്ന് തവണ ഞാൻ ആലോചിച്ചു. ആ സമയത്ത് ക്രിക്കറ്റിനെ കുറിച്ചൊന്നും ഞാൻ ആലോചിച്ചിട്ടില്ല. ഞാനും കുടുംബവും 24-ാം നിലയിലാണ് താമസിച്ചിരുന്നത്. ഞാൻ ബാൽക്കണിയിൽ നിന്നു താഴേക്ക് എടുത്തുചാടി ആത്മഹത്യ ചെയ്യുമോ എന്ന് എന്റെ വീട്ടുകാർ പേടിച്ചിരുന്നു,” ഷമി പറഞ്ഞു

Read Also: എന്നെ അഭിനയം പഠിപ്പിച്ചതിൽ മലയാള സിനിമയ്‌ക്ക് നിർണായക പങ്കുണ്ട്; വിജയ് സേതുപതിയുടെ ചോദ്യത്തിനു കമൽഹാസന്റെ മറുപടി

“വീട്ടുകാർക്കൊക്കെ പേടിയായിരുന്നു. ഞാൻ എന്തെങ്കിലും കടുംകെെ ചെയ്യുമോ എന്നായിരുന്നു അവരുടെ ഭയം. 24 മണിക്കൂറും എനിക്കൊപ്പം ഏതെങ്കിലും രണ്ട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഞാൻ ആവശ്യമില്ലാത്തത് ചിന്തിച്ച്, വല്ല കടുംകെെ ചെയ്‌താലോ എന്ന് പേടിച്ചാണ്. ക്രിക്കറ്റിനെ കുറിച്ച് മാത്രം ആലോചിച്ചാൽ മതിയെന്ന് മാതാപിതാക്കൾ എന്നോട് പറഞ്ഞു. വേറെ ഒന്നിനെ കുറിച്ചും ഇപ്പോൾ ചിന്തിക്കേണ്ട എന്നായിരുന്നു മാതാപിതാക്കളുടെ ഉപദേശം. അതിനുശേഷം ഞാൻ ക്രിക്കറ്റ് പരിശീലനം ആരംഭിച്ചു. അങ്ങനെ പതുക്കെ പതുക്കെ ഞാൻ ആ പ്രതിസന്ധി മറികടക്കുകയായിരുന്നു.” ഷമി പറഞ്ഞു

Read Also: Horoscope of the Week (May 03 -a May 09 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

ഷമിയെ കുറിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്‌മൃതി മന്ദാന പറഞ്ഞതു നേരത്തെ വൈറലായിരുന്നു. ഷമിയുടെ ഏറുകൊണ്ട് തുടയിൽ നീരുവന്നെന്ന് സ്‌മൃതി പറയുന്നു. പരിശീലനത്തിനിടെയാണ് തനിക്കു ഷമിയിൽ നിന്നു ഏറുകൊണ്ടതെന്നും സ്‌മൃതി പറഞ്ഞു. “എനിക്ക് ഓർമ്മയുണ്ട്, ഞാൻ ഷമി ഭയ്യയുമായി പരിശീലനത്തിലായിരുന്നു. 120 കിലോമീറ്റർ വേഗതയിലാണ് അവർ ബോൾ എറിഞ്ഞിരുന്നത്. ദേഹത്തേക്ക് പന്ത് എറിയില്ലെന്ന് ഷമി എനിക്ക് ഉറപ്പുനൽകിയിരുന്നു. ഷമിയുടെ ആദ്യ രണ്ട് പന്തുകൾ എനിക്കൊന്ന് തൊടാൻ പോലും സാധിച്ചില്ല. ഇത്ര വേഗതയിലുള്ള പന്തുകൾക്ക് ബാറ്റ് ചെയ്യാൻ ഞാൻ പരിശീലിച്ചിരുന്നില്ല. ഷമിയുടെ മൂന്നാമത്തെ ബോൾ എന്റെ കാലിൽ കൊണ്ടു. തുടയിലാണ് പന്ത് കൊണ്ടത്. ഞാൻ വേദനകൊണ്ട് പുളഞ്ഞു. പന്ത് കൊണ്ട സ്ഥലത്ത് ആദ്യം കറുപ്പ് നിറമായി, പിന്നീട് അവിടെ നീലച്ചു, ഒടുക്കം അവിടെ ഒരു പച്ച നിറമായി. പന്ത് കൊണ്ട സ്ഥലത്ത് നീരുവരാൻ തുടങ്ങി. പത്ത് ദിവസം ഞാൻ കിടന്ന കിടപ്പിൽ തന്നെയായിരുന്നു. ബെഡിൽ നിന്നു എണീക്കാൻ പോലും സാധിക്കാത്ത വിധം വേദനയുണ്ടായിരുന്നു,” സ്‌മൃതി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook