കൊളംബോ: ഒരോവറില്‍ ആറ് സിക്‌സുമായി വെടിക്കെട്ട് ബാറ്റിങ് കാഴ്‌ചവച്ച് ശ്രീലങ്കന്‍ ഓള്‍ റൗണ്ടര്‍ തിസാര പെരേര. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ശ്രീലങ്കന്‍ താരമെന്ന റെക്കോര്‍ഡും പെരേര സ്വന്തമാക്കി. ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിലായിരുന്നു ഇടം കെെയൻ ബാറ്റ്‌സ്‌മാന്റെ പ്രകടനം. മത്സരത്തില്‍ പെരേര 13 പന്തില്‍ 52 റണ്‍സും നേടി.
എസ്എല്‍സി മേജര്‍ ക്ലബ്‌സ് ടൂര്‍ണമെന്റില്‍ ബ്ലൂംഫീല്‍ഡ് ക്രിക്കറ്റ് ആന്‍ഡ് അത്ലറ്റിക്ക് ക്ലബ്ബ് – ശ്രീലങ്ക ആര്‍മി സ്പോര്‍ട്സ് ക്ലബ്ബ് പോരാട്ടത്തിലാണ് പെരേരയുടെ ഇന്നിങ്സ് പിറന്നത്. ആര്‍മി സ്പോര്‍ട്‌സ് ക്ലബ്ബിനെ ടീമിനെ നയിച്ച താരം 41 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ കേവലം 20 പന്തുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ക്രീസിലെത്തിയത്. പരിചയ സമ്പന്നനായ ഓഫ് സ്‌പിൻ ദിലാന്‍ കൂറെയാണ് പെരേരയുടെ ഇരയായത്. ആറ് സിക്സ് വഴങ്ങിയ കൂറെ നാല് ഓവറില്‍ 73 റണ്‍സ് വഴങ്ങി.
വെസ്റ്റ് ഇന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡിന് ശേഷം 2021ല്‍ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരമാണ് പെരേര. ശ്രീലങ്കയുടെ അഖില ധനഞ്ജയുടെ ഓവറിലാണ് പൊള്ളാര്‍ഡ് ആറ് സിക്സറുകള്‍ പറത്തിയത്. ദക്ഷിണാഫ്രിക്കന്‍ താരം ഹെര്‍ഷല്‍ ഗിബ്സിനും, ഇന്ത്യന്‍ താരം യുവരാജ് സിങ്ങിനും ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ പൊള്ളാര്‍ഡ് മാത്രമാണ് മാന്ത്രിക പ്രകടനം കാഴ്ചവച്ചിട്ടുള്ളത്. എന്നാല്‍ വിവിധ ഫോര്‍മാറ്റുകളിലായി പെരേര അടക്കം പത്ത് താരങ്ങള്‍ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.