ഏഷ്യ കപ്പ് സൂപ്പർ ഫോറിൽ പാക്കിസ്ഥാനെതിരെ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയത്. ഓപ്പണർ രോഹിത് ശർമ്മയുടെയും ശിഖർ ധവാന്റെയും സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യ പാക്കിസ്ഥാനെ മലർത്തിയടിച്ചു. ഇത്തവണത്തെ ഏഷ്യ കപ്പിൽ പാക്കിസ്ഥാൻ രണ്ടു തവണ ഇന്ത്യയുമായി ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യയ്ക്കായിരുന്നു.

പാക്കിസ്ഥാനുമേലുളള ഇന്ത്യൻ ജയത്തിന് ടീമിനെ അഭിനന്ദിക്കുകയും ഒപ്പം പാക്കിസ്ഥാൻ ടീമിനോട് ഇന്ത്യയോട് മത്സരിക്കേണ്ടയെന്നും പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം. ”ഈ രണ്ടും ടീമുകളും തമ്മിൽ വലിയ അന്തരമുണ്ട്. ഈ പാക് ടീമിന് ഇപ്പോഴത്തെ ഇന്ത്യൻ ടീമിനോട് മത്സരിക്കാനാവില്ല. അവർക്ക് വെറുതെ കളിക്കാം, പക്ഷേ ജയിക്കാനാവില്ല. ഏഷ്യ കപ്പ് വിജയിച്ച് ഇന്ത്യ നമ്പർ വൺ ആകും. ഇന്ത്യ ഏവർക്കും പ്രിയപ്പെട്ട ടീമായി തുടരും”, ഹർഭജൻ സിങ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

പാക്കിസ്ഥാനെതിരായ രണ്ടാം മൽസരത്തിൽ 119 ബോളിൽനിന്നും നോട്ടൗട്ട് ആകാതെ 111 റൺസാണ് രോഹിത് നേടിയത്. തന്റെ 19-ാമത് രാജ്യാന്തര ഏകദിന സെഞ്ചുറിയും രോഹിത് നേടി. ധവാൻ 100 ബോളിൽനിന്നാണ് 114 റൺസ് നേടിയത്. ധവാന്റെ 15-ാമത് ഏകദിന സെഞ്ചുറിയാണിത്.

”രോഹിത് ഒരു ക്ലാസ് പ്ലെയറാണ്. ശിഖർ വളരെ കഴിവുള്ളൊരു ബാറ്റ്സ്മാനും. എം.എസ്.ധോണി, രോഹിത്, ധവാൻ, ബുംമ്ര, ഭുവനേശ്വർ, അമ്പാട്ടി റായിഡു തുടങ്ങി ഇന്ത്യയ്ക്ക് പരിചയ സമ്പന്നരായി നിരവധി താരങ്ങളുണ്ട്”, ഇന്ത്യയ്ക്കായി 236 ഏകദിനങ്ങൾ കളിച്ചിട്ടുളള ഹർഭജൻ പറഞ്ഞു.

ഷൊയ്ബ് മാലിക്കിന്റെ ബാറ്റിങ് കരുത്തിലാണ് പാക്കിസ്ഥാൻ 237 റൺസ് എടുത്തത്. മാലിക്ക് 90 ബോളിൽനിന്നും 78 റൺസാണ് നേടിയത്. ”പാക്കിസ്ഥാൻ ടീമിൽ ഷൊയ്ബ് മാലിക്ക് ഒഴികെ മറ്റാർക്കും ഇത്തരത്തിലുളള മികച്ച പ്രകടനം നടത്താനാവില്ല. ഇതാണ് ഈ രണ്ടു ടീമുകളും തമ്മിലുളള വ്യത്യാസം”, ഹർജൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook