ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻ ടീം. മൂന്ന് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും മൂന്ന് ടി20കളും അടങ്ങുന്നതാണ് ദക്ഷിണാഫ്രിക്കൻ പര്യടനം. എന്നാൽ ഇതുവരെ കണ്ട കളിയല്ല, ഇനിയുള്ളതാണ് കളിയെന്നാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ അഭിപ്രായം.

ഇനിയുള്ള ഒന്നര വർഷമാണ് ഇന്ത്യൻ ടീമിന് പുതിയ കാലത്ത് തങ്ങളുടെ മേൽവിലാസമെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ ടീമിന്റെ നായകൻ. വിദേശത്ത് ഇന്ത്യൻ ടീമിന്റെ ബോളിംഗും ബാറ്റിംഗും മികച്ചതാകേണ്ടതുണ്ടെന്ന് പറഞ്ഞ ഇരുവരും പര്യടനത്തിന്റെ പ്രധാന്യവും ചൂണ്ടിക്കാട്ടി.

നീണ്ട നാളത്തെ ഇടവേളക്ക് ശേഷം മാത്രമേ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിൽ പരമ്പര ലഭിക്കുകയുള്ളൂവെന്നും അതുകൊണ്ട് തന്നെ വളരെയേറെ പ്രധാന്യം കളിക്ക് നൽകുന്നുവെന്നും കോഹ്ലി പറഞ്ഞു.

ബാറ്റിംഗും ബോളിംഗും കഴിഞ്ഞ കാലത്ത് ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. മാറിയ സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കയിൽ മുൻപത്തെ വിജയ ചരിത്രങ്ങൾ ആവർത്തിക്കാനാണ് ഇന്ത്യൻ ടീമിന്റെ ശ്രമം. മാത്രമല്ല, വിദേശത്ത് കളിച്ച് ജയിച്ചാലേ ഇപ്പോഴത്തെ ടീം മികച്ചതാണെന്ന് അംഗീകരിക്കപ്പെടുകയുള്ളൂ. ആ ബോധ്യം എല്ലാ കളിക്കാർക്കും ഉണ്ട്.

വിവാഹത്തിന്റെ തിരക്കുകളിൽ നിന്ന് കളിക്കളത്തിലേക്ക് മടങ്ങിയെത്തുമ്പോൾ ബുദ്ധിമുട്ടുകളൊന്നും ഇല്ലെന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലി പറഞ്ഞു. “തലയ്ക്കകത്ത് എപ്പോഴും ദക്ഷിണാഫ്രിക്കൻ ടൂർ ഉണ്ടായിരുന്നു. പരിശീലനം പോലും തലയക്കകത്ത് നടത്തിയിരുന്നു”, കോഹ്ലി പറഞ്ഞു.

രാജ്യത്തിന് വേണ്ടി കളിക്കുന്നത് ഏറെ അഭിമാനമുള്ള കാര്യമാണ്. പ്രതികൂല കാലാവസ്ഥയിൽ മികച്ച രീതിയിൽ കളിക്കാൻ സാധിക്കുമ്പോഴാണ് ജോലിയിൽ കൂടുതൽ സംതൃപ്തി ലഭിക്കുന്നതെന്നും വിരാട് കോഹ്ലി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ