മെല്‍ബണ്‍: ഓസ്‌ട്രേലിയയും പാക്കിസ്ഥാനും, തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മോശം ഘട്ടങ്ങളിലൂടെ കടന്നു പോകുന്നവരാണ് രണ്ട് പേരും. പാക്കിസ്ഥാന് നാളുകളായി മോശം സമയമാണെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നല്ല മാറ്റങ്ങള്‍ കണ്ടിരുന്നു. എന്നാല്‍ ഏഷ്യാ കപ്പിലെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ട അവസ്ഥയാണ്. മറുവശത്തുള്ള ഓസ്‌ട്രേലിയ ചരിത്രത്തിലില്ലാത്ത തരത്തിലുള്ള നാണക്കേടാണ് പന്തു ചുരണ്ടല്‍ വിവാദത്തിലൂടെ സമ്പാദിച്ചത്. പകരം നഷ്ടമായത് നായകനും എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്മാരിലൊരാളുമായ സ്റ്റീവ് സ്മിത്തിനേയും സമാനതകളില്ലാത്ത താരം ഡേവിഡ് വാര്‍ണറേയും. രണ്ട് പേര്‍ക്കും ഒരു വര്‍ഷത്തെ വിലക്കാണ് വിവാദം നേടി കൊടുത്തത്.

ഈ ക്ഷീണത്തില്‍ നിന്നും അത്രപെട്ടെന്നൊന്നും കരകയറാന്‍ ഓസ്‌ട്രേലിയയ്ക്ക് സാധിക്കില്ല. തങ്ങളുടെ പ്രതാപമൊക്കെ നഷ്ടപ്പെട്ടിട്ട് നാളു കുറച്ചായെങ്കിലും എതിരാളികള്‍ക്ക് ഓസ്‌ട്രേലിയ ഇന്നും പേടി സ്വപ്‌നം തന്നെയാണ്. അതുകൊണ്ട് വിജയ വഴിയിലേക്ക് തിരികെ വരിക എന്നത് ഓസ്‌ട്രേലിയയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. ആഘാതത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന ടീമിന് അടുത്ത പരീക്ഷണം പാക്കിസ്ഥാനുമായി യുഎഇയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയാണ്. ടീം പെയ്നെന്ന നായകനു കീഴില്‍ രണ്ട് മത്സരങ്ങളുള്ള പരമ്പരയ്ക്കൊരുങ്ങുന്ന ഓസീസിന് വെല്ലുവിളി ഉയര്‍ത്തുക പാക്കിസ്ഥാന്‍ സ്പിന്‍ ഡിപ്പാർട്മെന്റാകും.

പുതിയ താരങ്ങളുമായി വരണ്ട് ഉണങ്ങിയ പിച്ചുകളില്‍ കളിക്കാനെത്തുന്ന സംഘം ഈ വെല്ലുവിളി മറികടക്കാന്‍ ഇന്ത്യക്കാരുടെ സഹായമാണ് തേടിയിരിക്കുന്നത്. ഇതിനായി ഓസ്‌ട്രേലിയയെ സഹായിക്കുന്നത് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടറും ഓസീസ് ടീമിന്റെ സ്പിന്‍ ഉപദേഷ്ടാവുമായ ശ്രീധര്‍ ശ്രീറാമാണ്. ഇത്തവണ രണ്ടും കല്‍പ്പിച്ചു തന്നെയാണ് ഓസ്‌ട്രേലിയ. അതുകൊണ്ട് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്മാരെ സ്പിന്‍ നേരിടാന്‍ പരിശീലിപ്പിക്കാന്‍ ശ്രീറാം സഹായം തേടിയിരിക്കുന്നത് രണ്ട് ഇന്ത്യക്കാരോടാണ്. അതിലൊരാളാകട്ടെ നമ്മുടെ കോഴിക്കോട്ടുകാരും.

കോഴിക്കോട് നരിക്കുനി സ്വദേശിയായ കെ.കെ.ജിയാസാണ് ഓസീസിനെ സ്പിന്‍ പരിശീലിപ്പിക്കുന്ന മലയാളി. കഴിഞ്ഞ വര്‍ഷം ഇന്ത്യയ്ക്കെതിരെ നടന്ന ഏകദിന പരമ്പരയിലും ജിയാസ് ഓസീസ് സംഘത്തെ പരിശീലിപ്പിച്ചിരുന്നു. സംഘത്തിലെ മൂന്നാമന്‍ ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനൊപ്പമുണ്ടായിരുന്ന പ്രദീപ് സാഹുവാണ്. സാഹു ഓസീസ് താരം ആരോണ്‍ ഫിഞ്ചിനൊപ്പമായിരുന്നു പഞ്ചാബ് ടീമില്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ