/indian-express-malayalam/media/media_files/rXSsbbQQ6yuW4QCXZBQK.jpg)
ഫൊട്ടോ: ബിസിസിഐ/ എക്സ്
ഏകദിന ലോകകപ്പിൽ ഇന്ത്യൻ ബൌളർമാരുടെ പ്രകടനമികവ് ആരെയും അമ്പരപ്പിക്കുന്നതാണ്. ലോകോത്തരമായൊരു പേസ്-സ്പിൻ ആക്രമണ നിരയുമായാണ് ഇക്കുറി രോഹിത്തും സംഘവും എതിരാളികളെ വിറപ്പിച്ച് നിർത്തുന്നത്. എന്നാൽ, ഇന്ത്യയുടെ പ്രകടനമികവ് ചിലരെയെല്ലാം അസ്വസ്ഥരാക്കുന്നുണ്ടെന്നാണ് ചില പ്രതികരണങ്ങൾ തെളിയിക്കുന്നത്. അത്തരത്തിലൊന്നാണ് മുൻ പാക് താരവും കമന്റേറ്ററുമായ ഹസൻ റാസയുടെ വിവാദ പ്രസ്താവന.
"സിറാജും ഷമിയും ബോൾ ചെയ്യുന്നത് കാണുമ്പോൾ, ഐസിസിയോ ബിസിസിഐയോ അവർക്ക് രണ്ടാമിന്നിംഗ്സിൽ സംശയാസ്പദമായി, ഏറെ വ്യത്യാസമുള്ളൊരു പന്താണ് നൽകുന്നതെന്ന് തോന്നുന്നു. ആ പന്തുകൾ പരിശോധിക്കപ്പെടണം. കൂടുതൽ സ്വിങ്ങിനായി തുകൽ പന്തിൽ അധികമൊരു കോട്ടിങ്ങ് നൽകിയിട്ടുണ്ടെന്നാണ് എന്റെ സംശയം" എന്നായിരുന്നു ഹസൻ റാസ മുമ്പ് എബിഎൻ ന്യൂസിനോട് പറഞ്ഞത്.
ഈ അപവാദ പ്രചരണത്തിനെതിരെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മുഹമ്മദ് ഷമി മറുപടി നൽകിയത്. "അൽപ്പമെങ്കിലും നാണം വേണം. കളിയിലാണ് ശ്രദ്ധിക്കേണ്ടത് അല്ലാതെ ഇത്തരം അസംബന്ധങ്ങളിലല്ല. ചിലപ്പോഴൊക്കെ മറ്റുള്ളവരുടെ വിജയം ആഘോഷിക്കാൻ പഠിക്കണം. ഇത് ലോകകപ്പാണ്, നിങ്ങളുടെ പ്രാദേശിക ടൂർണമെന്റല്ല. നിങ്ങളും മുമ്പ് ഒരു കളിക്കാരനായിരുന്നില്ലേ? വസീം ഭായ് (വസീം അക്രം) ഇതിനോടകം ഈ പരാമർശങ്ങളോട് വിശദീകരിച്ചിട്ടുണ്ട്, എന്നിട്ടും. നിങ്ങൾക്ക് നിങ്ങളുടെ ഒരു താരത്തെ പോലും വിശ്വാസമില്ലാതായോ? നിങ്ങൾ ആത്മപ്രശംസ മാത്രമേ നടത്തി കാണാറുള്ളൂ" ഷമി വിമർശിച്ചു.
നേരത്തെ മുൻ പാക് താരം വസീം അക്രം തന്നെ ഹസൻ റാസയുടെ വിവാദ പ്രസ്താവന തള്ളി രംഗത്തെത്തിയിരുന്നു. “ലോകത്തിന് മുന്നിൽ പാക്കിസ്ഥാനെ നാണം കെടുത്തരുത്. ദയവായി ഈ നാണക്കേട് നിങ്ങൾ തന്നെ ചുമക്കണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ ഇതേക്കുറിച്ച് വായിക്കുന്നുണ്ട്. ഈ ആളുകൾ അനുഭവിക്കുന്ന അതേ തമാശ എന്താണെന്നറിയാനുള്ള കൌതുകമായിരുന്നു അത്. ഇതൊരു തമാശയായാണ് തോന്നുന്നത്.
ഇന്ത്യ ഇതുവരെ കളിച്ച എട്ട് മത്സരങ്ങളിൽ നിന്ന് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരടങ്ങിയ ഇന്ത്യൻ പേസ് ത്രയം ആകെ 41 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ലോകകപ്പിൽ നാല് കളികളിൽ നിന്ന് 16 വിക്കറ്റുകളുമായി മുഹമ്മദ് ഷമി ലോകകപ്പിൽ ഇന്ത്യയുടെ മികച്ച വിക്കറ്റ് വേട്ടക്കാരനായിരുന്നു. ലോകകപ്പിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ ബൌളർ എന്ന നാഴികക്കല്ലും ഇതിനിടയിൽ താരം സ്വന്തമാക്കി. വെറും 14 മത്സരങ്ങളിൽ നിന്ന് 44 വിക്കറ്റുകളാണ് ഷമി നേടിയത്. സഹീർ ഖാനെയും ജവഗൽ ശ്രീനാഥിനെയും പിന്തള്ളിയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനായി ഷമി മാറിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.