സിഡ്നി: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഓസീസ് നായകന് സ്റ്റീവ് സ്മിത്തിനും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയതിനെതിരെ ഇതിഹാസ താരം ഷെയ്ന് വോണ്‍. താരങ്ങള്‍ക്കെതിരെയുള്ള നടപടി കൂടിപ്പോയെന്നാണ് വോണിന്റെ പ്രതികരണം.
”ശിക്ഷ എന്തായിരിക്കണം എന്നതിനെ കുറിച്ച് ഞാന്‍ ഇപ്പോഴും സംഘര്‍ഷത്തിലാണ്. കഠിനമായിരിക്കണം. പക്ഷെ ഒരു വര്‍ഷത്തെ വിലക്ക് വേണ്ടെന്നാണ് എന്റെ അഭിപ്രായം.” ഒരു പത്രത്തിലെഴുതിയ കോളത്തില്‍ വോണ്‍ പറയുന്നു.
”വികാരഭരിതമായി ചിന്തിക്കരുത്. നമ്മളെല്ലാവരും ദുഖിതരും രോക്ഷാകുലരുമാണ്. പക്ഷെ നിങ്ങള്‍ക്കൊരിക്കലും ഒരാളെ തകര്‍ക്കാന്‍ കഴിയില്ല. അവരുടെ പ്രവര്‍ത്തി നീതികരിക്കാന്‍ കഴിയാത്തതാണ്. ശിക്ഷയും കഠിനമായിരിക്കണം. പക്ഷെ ഒരു വര്‍ഷത്തെ വിലക്കല്ല മറുപടി.”
നാലാമത്തെ ടെസ്റ്റില്‍ നിന്നും വിലക്ക്, വലിയ തുകയുടെ പിഴ, ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും പുറത്താക്കുക എന്നിവയായിരിക്കും താന്‍ നല്കുന്ന ശിക്ഷയെന്നും അവരെ കളിക്കാന്‍ അനുവദിക്കുമെന്നും വോണ്‍ അഭിപ്രായപ്പെട്ടു. അതേസമയം താരങ്ങള്‍ ചെയ്ത കുറ്റകൃത്യം ഗുരുതരമാണെന്നും വോണ്‍ ആവര്‍ത്തിച്ചു.
”നേരത്തെ തയ്യാറാക്കിയ ചതിയില്‍ ഓസ്ട്രേലിയന്‍ ടീമിനും പങ്കുണ്ടെന്ന വാര്‍ത്ത ഏറെ വേദനിപ്പിക്കുന്നതായിരുന്നു. അതിനെ ന്യായികരിക്കാന്‍ കഴിയില്ല. നമ്മളെല്ലാവരും ദു:ഖിതരും രോക്ഷാകുലരുമാണ്. ഒരുപക്ഷെ എങ്ങനെ പ്രതികരിക്കണമെന്ന് നമുക്ക് അറിയില്ല. ഇതുപോലൊന്ന് നമ്മള് മുമ്പ് കണ്ടിട്ടില്ല.” ഇതിഹാസ താരം കൂട്ടിച്ചേര്‍ക്കുന്നു.
പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങിയ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ഐപിഎല്ലില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ സീസണിലെ ഐപിഎല്ലില്‍ കളിക്കുന്നതിനാണ് ഇരുവര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്. വിവാദത്തില്‍ ഉള്‍പ്പെട്ട ഇരുവരെയും ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വിലക്ക് ഏര്‍പ്പെടുത്തിയവരെ ഐപിഎല്ലില്‍ കളിപ്പിക്കാനാവില്ലെന്ന നിലപാട് ബിസിസിഐ സ്വീകരിച്ചത്.
വിവാദത്തില്‍ അകപ്പെട്ടതിനുപിന്നാലെ ഡേവിഡ് വാര്‍ണര്‍ ഐപിഎല്‍ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ നായകസ്ഥാനം രാജിവച്ചിരുന്നു. പുതിയ ക്യാപ്റ്റനെ ഉടന്‍ തീരുമാനിക്കുമെന്ന് സണ്‍റൈസേഴ്സ് ഉടമകള്‍ അറിയിച്ചു. ഓസ്ട്രേലിയന്‍ നായകന് സ്റ്റീവ് സ്മിത്ത് രാജസ്ഥാന് റോയല്‍സ് ടീമിന്റെ നായകസ്ഥാനം രാജിവച്ചിരുന്നു.
പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഓസ്ട്രേലിയന്‍ നായകന് സ്റ്റീവ് സ്മത്തിനും ഉപനായകന്‍ ഡേവിഡ് വാര്‍ണറിനും ക്രിക്കറ്റ് ഓസ്ട്രേലിയ ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിവാദത്തില്‍ ഉള്‍പ്പെട്ട കാമറൂണ്‍ ബാന്‍കോഫ്റ്റിന് 9 മാസത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2 വര്‍ഷത്തേക്ക് സ്മിത്തിനോ വാര്‍ണറിനോ ഒരു ടീമിന്റേയും നായക സ്ഥാനം വഹിക്കാന്‍ കഴിയില്ലെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ നിലപാട് എടുത്തിട്ടുണ്ട്.