മഹേന്ദ്രസിംഗ് ധോണിയില്‍ നിന്നും നായകസ്ഥാനം വിരാട് കോഹ്ലി എടുത്തിരുന്നെങ്കിലും ധോണിയിലെ നായകനെ അത്ര എളുപ്പം പറിച്ചെടുക്കാന്‍ കഴിയുന്ന ഒന്നല്ല. മത്സരത്തിനിടയില്‍ കളിക്കാര്‍ക്ക് നിര്‍ദേശവും ഉപദേശവുമൊക്കെ കൊടുക്കുന്ന നായകനല്ലാത്ത ധോണിയെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ധോണിയാണ് ഇപ്പോഴും നായകനെന്ന് ബൗളര്‍ യുസ്‍വേന്ദ്ര ചാഹല്‍ പറയുന്നു.

‘ഒരു കണക്കിന് ധോണിയാണ് ഇപ്പോഴും ഞങ്ങളുടെ നായകന്‍. പലപ്പോഴും കോഹ്ലി ബൗണ്ടറിക്ക് അടുത്തും മൈതാനത്തിന് മധ്യത്തിലും ഒക്കെയാണ് ഫീല്‍ഡ് ചെയ്യുന്നതെങ്കില്‍ ഞങ്ങളെ നയിക്കുന്നത് ധോണിയാണ്. എല്ലാ സമയത്തും ബൗളര്‍മാര്‍ക്ക് ഉപദേശം നല്‍കാന്‍ അവിടെ നിന്നും കോഹ്ലിക്ക് വരാന്‍ കഴിയില്ല. അത്കൊണ്ട് തന്നെ ധോണി കോഹ്ലിയോട് റിലാക്സ് ചെയ്യാന്‍ പറയും. അപ്പോള്‍ ഞങ്ങള്‍ക്ക് ധോണിയാണ് നിര്‍ദേശം നല്‍കുക’,ചാഹല്‍ എന്‍ഡിടിവിയോട് പറഞ്ഞു.

‘കോഹ്ലി ഫീല്‍ഡ് ചെയ്യുന്നിടത്ത് തന്നെ തുടരാന്‍ ധോണി പറയും. താന്‍ ഇത് കൈകാര്യം ചെയ്തോളാം എന്നും പറയും. ശരിക്കും അത് സമയവും ഊര്‍ജവും ലാഭിക്കാന്‍ സഹായിക്കുന്നുണ്ട്. അനുഭവത്തിന്റെ വലിയ ഭാണ്ഡം കൈയിലുളള ധോണിയോടൊപ്പം കളിക്കാന്‍ കഴിയുന്നത് ഞങ്ങളുടെ ഭാഗ്യമാണ്’ ചാഹല്‍ പറയുന്നു.

‘ധോണിയെ നമുക്ക് എപ്പോള്‍ വേണമെങ്കിലും സമീപിക്കാം. അദ്ദേഹം നായകസ്ഥാനം ഒഴിഞ്ഞെന്ന് അറിയാം. പക്ഷെ എന്നും നായകനായി ധോണി തുടരും. എന്നെ ഛോട്ടെ എന്നാണ് അദ്ദേഹം വിളിക്കാറുളളത്. ഒരു ബാറ്റ്സ്മാന്റെ മനസ് വായിക്കാന്‍ അദ്ദേഹത്തിന് അറിയാം. അത് എങ്ങനെ സാധിക്കുന്നെന്ന് എനിക്ക് മനസ്സിലാകുന്നില്ല. വളരെ മനോഹരമായിട്ടാണ് അദ്ദേഹം ബാറ്റ്സ്മാന്‍ ഇനി എന്ത് ചെയ്യുമെന്ന് മുന്‍കൂട്ടി വിധിക്കുന്നത്. പലപ്പോഴും അദ്ദേഹം മുന്‍കൂട്ടി പറയുന്നിടത്തേക്ക് ആയിരിക്കും ബാറ്റ്സ്മാന്‍ സ്ട്രൈക്ക് ചെയ്യുക. അത് ഞാന്‍ അടക്കമുളള ബൗളര്‍മാര്‍ക്ക് ഏറെ പ്രയോജനകരമാണ്’ ചാഹല്‍ വ്യക്തമാക്കി.

രവീന്ദ്ര ജഡേജയ്ക്കും അശ്വിനും ധോണി ഇത്തരം നിര്‍ദേശങ്ങളിലൂടെ ബൗള്‍ ചെയ്യാന്‍ പറയാറുണ്ട്. ബൗളര്‍മാരെ കൂടാതെ കോഹ്ലിയും ധോണിയോട് ഉപദേശം തേടാറുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ