scorecardresearch

പ്രകോപിപ്പിച്ചാലൊന്നും ഈ ഇന്ത്യൻ ടീം പിന്നോട്ട് പോകില്ല: വിരാട് കോഹ്ലി

മൂന്നാം ടെസ്റ്റിനു ഇറങ്ങുന്ന ടീമിന്റെ മാനസികാവസ്ഥയെക്കുറിച്ച് ഒരു സൂചന നൽകിയിരിക്കുകയാണ് കോഹ്ലി ഇപ്പോൾ

Virat Kohli, India vs England, Ind vs Eng, England vs India, Eng vs Ind, Ashwin selection, Ashwin 3rd Test, team india, india cricket news, latest cricket news, ie malayalam
ഫൊട്ടോ: ഇന്ത്യൻ ക്രിക്കറ്റ് ടീം/ഫേസ്ബുക്ക്

ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം ഇംഗ്ലണ്ടിനെതിരെ പരമ്പരയിലെ മൂന്നാം മത്സരത്തിന് നാളെ ഇറങ്ങുകയാണ്. രണ്ടാം ടെസ്റ്റിലെ ഗംഭീര വിജയത്തിനു ശേഷം തല ഉയർത്തിയാണ് കോഹ്‌ലിയും സംഘവും അടുത്ത മത്സരത്തിൽ ആതിഥേയരെ നേരിടുന്നത്.

മൂന്നാം ടെസ്റ്റിനു ഇറങ്ങുന്ന ടീമിന്റെ മാനസികാവസ്ഥയെക്കുറിച്ച് ഒരു സൂചന നൽകിയിരിക്കുകയാണ് കോഹ്ലി ഇപ്പോൾ. “പ്രകോപിപ്പിച്ചാലും ഈ ടീം പിന്നോട്ട് പോകാൻ പോകുന്നില്ല. ഞങ്ങൾ ഒരുമിച്ചാണ് കളിക്കുന്നത് വിജയിക്കാനാണ് കളിക്കുന്നത്. ഞങ്ങളെ നിസ്സാരമായി കാണാൻ ആരെയും അനുവദിക്കില്ല, ഞങ്ങൾ എപ്പോഴും മത്സരിക്കുകയും കളി ജയിക്കാനുള്ള വഴികൾ കണ്ടെത്തുമെന്നും അവരെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും” എന്നാണ് കോഹ്ലി പറഞ്ഞത്.

“ലോകത്തുള്ള ഏതൊരു ടീമിനെയും തോൽപിക്കാൻ കഴിയുമെന്നത് ഞങ്ങളുടെ വിശ്വാസമാണ്” എന്നും മത്സരത്തിനു മുന്നോടിയായുള്ള വെർച്വൽ വാർത്താ സമ്മേളനത്തിൽ കോഹ്ലി പറഞ്ഞു.

Also read: ഇംഗ്ലണ്ട് ആരാധകരുടെ ഇഷ്ടക്കുറവ് കോഹ്ലിക്കൊരു വിഷയമല്ല: നാസര്‍ ഹുസൈന്‍

നാളെ ആരംഭിക്കുന്ന മത്സരത്തിൽ സ്പിന്നിന് പരമ്പരയിൽ ഇതുവരെ കണ്ടതിനേക്കാൾ കൂടുതൽ സാധ്യതയാണ് ഉള്ളത്. അതിനാൽ തന്നെ ട്രന്റ്ബ്രിഡ്ജിലേയും ലോർഡ്‌സിലെയും രണ്ടു ടെസ്റ്റ് മത്സരങ്ങളിലും പുറത്തിരുന്ന രവിചന്ദ്രൻ അശ്വിൻ ചിലപ്പോൾ അവസാന ഇലവനിലേക്ക് എത്തിയേക്കും. കൗണ്ടി ക്ലബായ സറെക്ക് വേണ്ടി ഇംഗ്ലണ്ടിൽ കളിച്ച അനുഭവവും അശ്വിനുണ്ട്. എന്നാൽ അശ്വിൻ കളിക്കുന്നത് സംബന്ധിച്ചു കോഹ്ലി വ്യക്തത നൽകിയിട്ടില്ല.

“അശ്വിൻ കളിക്കുന്നത് സംബന്ധിച്ച്, ഹെഡിങ്‌ലിയിലെ പിച്ച് എങ്ങനെയായിരുന്നു എന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. പിച്ചിൽ കൂടുതൽ പുല്ല് ഉണ്ടകുമെന്നാണ് ഞാൻ കരുതിയത് പക്ഷേ അതല്ല അവസ്ഥ. എന്തിനും സാധ്യതയുണ്ട്, ഞങ്ങൾ എപ്പോഴും 12 പേരെ പ്രഖ്യാപിക്കാറുണ്ട്, അതിനു ശേഷം മത്സരം ആരംഭിക്കുന്ന ദിവസം പിച്ച് നോക്കി മൂന്നാം ദിവസവും നാലാം ദിവസവും എന്താവും എന്ന് ചിന്തിച്ചു അതിനനുസരിച്ചുള്ള കോമ്പിനേഷൻ ആയാകും ഞങ്ങൾ ഇറങ്ങുക.” കോഹ്ലി വിശദീകരിച്ചു.

“ആർക്കും മറ്റു ശാരീരിക ബുദ്ധിമുട്ടുകൾ ഇല്ലെങ്കിൽ ടീമിൽ മാറ്റം വരുത്തേണ്ട കാര്യമില്ല, കഴിഞ്ഞ മത്സരത്തിനു ശേഷം നമുക്ക് അങ്ങനെ ഉണ്ടായിട്ടില്ല, പൊതുവെ വിജയിച്ച ടീമിനെ മാറ്റാൻ ആഗ്രഹിക്കുന്നില്ല, കഴിഞ്ഞ മത്സരം ജയിച്ച ടീമിനെ മാറ്റാൻ ഞങ്ങൾക്ക് പ്രത്യേകിച്ചു കാരണം ഒന്നുമില്ല” കോഹ്ലി കൂട്ടിച്ചേർത്തു.

Also read: ‘സമ്മർദ്ദം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കും പൂജാരയ്ക്കും അറിയാം;’ വിമർശനങ്ങൾക്ക് മറുപടിയുമായി രഹാനെ

കഴിഞ്ഞ ടെസ്റ്റിൽ ഓപ്പണിങ്ങിൽ രോഹിത് ശർമയും കെ എൽ രാഹുലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സാഹചര്യത്തിന് അനുസരിച്ചു ബാറ്റ് വീശിയ ഇരുവരും ഇന്ത്യക്ക് നല്ല തുടക്കമാണ് സമ്മാനിച്ചത്. ബാറ്റിങ് നിരക്ക് തന്നെ ഉത്തേജനമായിരുന്നു ഇരുവരുടെയും കൂട്ടുകെട്ട്.

“വിദേശത്ത് കളിക്കുമ്പോൾ, പ്രധാനപ്പെട്ട ഒരു ഘടകം ഓപ്പണിംഗ് കോമ്പിനേഷനാണ്. കെ എൽ രാഹുലും രോഹിത് ശർമ്മയും മികച്ച രീതിയിലാണ് കളിച്ചത്. ടീമിന് കൃത്യമായ അടിത്തറ പാകുന്നതിനു അവർ അതേ രീതിയിൽ തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അത് ഞങ്ങൾക്ക് ഒരു വലിയ ഉത്തേജനമാണ്.” ഇരുവരെയും പ്രശംസിച്ചു കൊണ്ട് കോഹ്ലി പറഞ്ഞു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: This indian team is not going to take a backward step when provoked virat kohli india vs england