ഓസ്ട്രേലിയ്ക്കെതിരായ ഏകദിന പരമ്പരയും ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കിയ ഇന്ത്യ പുതുവർഷത്തിൽ അവിശ്വസനീയ കുതിപ്പാണ് നടത്തുന്നത്. ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം ഏത് പ്രതിസന്ധി ഘട്ടങ്ങളെയും മറികടക്കാനുള്ള ഇന്ത്യൻ ടീമിന്റെ കഴിവ് തെളിയിക്കുന്നതായിരുന്നു എന്നാണ് ഇന്ത്യൻ താരം ദിനേശ് കാർത്തിക് അവകാശപ്പെടുന്നത്.

“ഏത് തോൽവികളെയും തരണം ചെയ്യാൻ സാധിക്കുകയും, തോൽവികളിൽ നിന്ന് കുതിച്ചുയരാൻ കഴിവുറ്റതുമാണ് നിലവിലെ ഇന്ത്യൻ ടീം,” ദിനേശ് കാർത്തിക് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

ഹാമിൾട്ടണിൽ നടന്ന അവസാന ടി20 മത്സരത്തിൽ തകർന്നടിയുന്ന ഇന്ത്യയെ ആയിരുന്നു തുടക്കത്തിൽ കണ്ടത്. 18ന് നാല് വിക്കറ്റെന്ന നിലയിൽ നിന്നും ഇന്ത്യൻ താരങ്ങൾ തകർത്തടിച്ചതോടെ ടീം വിജയം മുന്നിൽ കണ്ടു. എന്നാൽ നാല് റൺസിന് നിർഭാഗ്യവശാൽ ഇന്ത്യ പരാജയപ്പെടുകയായിരുന്നു.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. അഞ്ച് റൺസെടുത്ത ശിഖർ ധവാനെ മടക്കി ന്യൂസിലൻഡ് ഇന്ത്യയെ ഞെട്ടിച്ചു. എന്നാൽ പിന്നാലെ എത്തിയ വിജയ് ശങ്കർ തകർത്തടിക്കുകയായിരുന്നു. 28 പന്തിൽ രണ്ട് സിക്സിന്റെയും അഞ്ച് ഫോറിന്റെയും അകമ്പടിയോടെ 43 റൺസാണ് ശങ്കർ അടിച്ചെടുത്തത്.

വിജയ് ശങ്കർ പുറത്തായതിന് പിന്നാലെ എത്തിയ പന്ത് തകർപ്പൻ അടികളിലൂടെ സ്കോർ ചെയ്തെങ്കിലും ക്രീസിൽ നിലയുറപ്പിക്കാൻ സാധിച്ചില്ല. 12 പന്തിൽ 28 റൺസ് നേടി പന്ത് പുറത്തായി. ഹാർദിക് പാണ്ഡ്യ സമാന രീതിയിൽ ബാറ്റ് വീശി 11 പന്തിൽ 21 റൺസുമായി കളം വിട്ടു. ധോണിയ്ക്ക് രണ്ട് റൺസെടുക്കാനെ സാധിച്ചുള്ളൂ. അവസാന ഓവറുകളിൽ കാർത്തിക്കും ക്രുണാൽ പാണ്ഡ്യയും തകർത്തടിച്ചതോടെ ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കിയെങ്കിലും നാല് റൺസകലെ ഇന്ത്യയ്ക്ക് ജയം നഷ്ടമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook