ഐപിഎല്ലിന്റെ ചരിത്രത്തിലെ മികവുറ്റ ടീമുകളിൽ ഒന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഗൗതം ഗംഭീറിന്റെ നായകത്വത്തിൽ കൊൽക്കത്ത പലതവണ ഐപിഎൽ കിരീടം നേടി. പക്ഷേ ഇത്തവണ ഗൗതം ഗംഭീർ കൊൽക്കത്ത വിട്ട് ഡൽഹി ഡെയർഡെവിൾസിലേക്ക് പോയതോടെ ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുളള ടീം കടുത്ത പ്രതിസന്ധിയിലാണ്. കൊൽക്കത്തയുടെ നായകസ്ഥാനം ആർക്കു നൽകുമെന്ന കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല.

കൊൽക്കത്തയുടെ നായകസ്ഥാനത്തേക്ക് പല പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്. അതിൽ ഓസീസ് താരം ക്രിസ് ലിനിന്റെ പേരാണ് അടുത്തിടെ വരെ കേട്ടത്. പക്ഷേ ന്യൂസിലൻഡിൽ നടന്ന ട്വന്റി ട്വന്റി ടൂർണമെന്റിനിടെ ക്രിസിന് തോളെല്ലിന് പരുക്കേറ്റിരുന്നു. ഇതോടെ ക്രിസ് ഐപിഎൽ ടൂർണമെന്റിന് തന്നെ ഉണ്ടാകുമോയെന്ന് സംശയം നിലനിൽക്കുന്നുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും കൊല്‍ക്കത്ത താരവുമായിരുന്ന സൗരവ് ഗാംഗുലി കൊൽക്കത്തയുടെ നായകൻ ആരായിരിക്കണം എന്ന കാര്യത്തിൽ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ്. റോബിൻ ഉത്തപ്പ ആയിരിക്കണം കൊൽക്കത്തയുടെ നായകൻ എന്നാണ് ഗാംഗുലി പറഞ്ഞത്. ഉത്തപ്പയ്ക്കു പുറമേ ദിനേഷ് കാർത്തിക്കിനെയും പരിഗണിക്കാമെന്ന് സ്പോർട്സ് സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ ഗാംഗുലി പറഞ്ഞു.

കൊൽക്കത്തയുടെ നായകസ്ഥാനം ഏറ്റെടുക്കാൻ തയ്യാറാണെന്ന് നേരത്തെ ഉത്തപ്പയും പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ