ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രണയവം വിവാഹവുമൊക്കെ നാം എന്നും ഏറെ താത്പര്യത്തോടെ വീക്ഷിക്കുന്ന വിഷയങ്ങളാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി മുതല്‍ മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി വരെയുളളവരുടെ സ്വകാര്യ ജീവിതമൊക്കെ വാര്‍ത്താ തലക്കെട്ടുകള്‍ ആവാറുണ്ട്. എന്നാല്‍ വിവാഹം കഴിക്കാതെ പിതാവായ ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ അറിയാമോ? ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന വിനോദ് കാംബ്ലിയാണ് ആ താരം.

ആദ്യ ഭാര്യ ആയിരുന്ന നൊവേല ലൂയിസുമായി വേര്‍പിരിഞ്ഞ ശേഷം മോഡലായ ആന്‍ഡ്രിയ ഹാവിറ്റുമായി അദ്ദേഹം പ്രണയത്തിലായിരുന്നു. ഇക്കാലയളവിലാണ് ആന്‍ഡ്രിയ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ജീസസ് ക്രിസ്റ്റ്യാനോ എന്ന് കുഞ്ഞിന് പേരിടുകയും ഇതിന് ശേഷം കാംബ്ലി ആന്‍ഡ്രിയയെ വിവാഹം ചെയ്യുകയും ചെയ്തു.

1971 ജനുവരി 18ന് മുംബൈയിലാണ് ജനിച്ചത്. സ്കൂളിൽ പഠിക്കുന്ന സമയത്ത് സഹപാഠിയായ സച്ചിൻ തെൻഡുൽക്കറുമൊത്ത് കാംബ്ലി 1988-ലെ ഹാരിസ് ഷീൽഡ് ഗെയിംസിൽ, 664-റൺസ് എന്ന ഒരു റെക്കോർഡ് കൂട്ടുകെട്ട് ഉണ്ടാക്കുകയുണ്ടായി. ആ ഇന്നിംഗ്സിൽ കാംബ്ലി 349- റൺസിൽ അധികം നേടി. 2006-ൽ ഹൈദരാബാദുകാരായ 2 സ്കൂൾ വിദ്യാർത്ഥികൾ ഈ റൺസ് മറികടക്കുന്നതു വരെ അതൊരു ലോക റെക്കോർഡ് ആയിരുന്നു.

നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സറടിച്ചാണ്‌ രഞ്ജിയിൽ കാംബ്ലി അരങ്ങേറിയത്. ആവേശമുണർത്തുന്ന തുടക്കമായിരുന്നു കാംബ്ലിക്ക് ടെസ്റ്റ് ക്രിക്കറ്റിൽ, ആദ്യ ഏഴ് ടെസിനുള്ളിൽ രണ്ട് ഇരട്ട ശതകവും രണ്ട് ശതകവും കാംബ്ലി സ്വന്തം പേരിൽ ചേർത്തു. എന്നാൽ പിന്നീടങ്ങോട്ട് ആ സ്ഥിരത നിലനിർത്താൻ കാംബ്ലിയ്ക്കായില്ല.

ലോക ക്രിക്കറ്റിലെ ഏറ്റവും മോശം ദിനങ്ങളിലൊന്നായിരുന്നു 1996ലെ ലോക കപ്പ് സെമിഫൈനല്‍. എതിരാളികള്‍ ഇന്ത്യയും ശ്രീലങ്കയും. ശ്രീലങ്ക പടുത്തുയര്‍ത്തിയ ടോട്ടല്‍ 251. പിന്തുടര്‍ന്ന ഇന്ത്യ പോരാട്ട വീര്യം കാണിക്കാതെ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞു. ഒരറ്റത്ത് വിക്കറ്റ് കാത്ത് വിനോദ് കാംബ്ലിയും. രോഷാകുലരായ കാണികള്‍ കുപ്പികള്‍ വിലിച്ചെറിഞ്ഞു. സ്റ്റേഡിയത്തില്‍ തീയിട്ടു. മത്സരം പൂര്‍ത്തിയാക്കാനാകാതെ അവസാനിപ്പിച്ചു. മാച്ച് റഫറി ക്ലൈവ് ലോയ്ഡ് ശ്രീലങ്കയെ വിജയികളായി പ്രഖ്യാപിച്ചു. കാണികളെ നിയന്ത്രിക്കാന്‍ കഴിയാതെ പോയതാണ് അതിലേറെ നാണക്കേട്. മത്സരം ഉപേക്ഷിക്കുന്ന ഘട്ടത്തില്‍ വിനോദ് കാംബ്ലി കരഞ്ഞുകൊണ്ട് മൈതനം വിട്ടത് ലോക ക്രിക്കറ്റിലെ എക്കാലത്തെയും വലിയ നൊമ്പരമായി അവശേഷിച്ചു. ആ ലോകകപ്പിലെ കറുത്ത കുതിരകളായിരുന്നു ശ്രീലങ്ക. 2009 ആഗസ്റ്റ് 16ന്‌ വിനോദ് കാംബ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 2000 ഒക്ടോബറിൽ ശ്രീലങ്കക്കെതിരായ ഏകദിനമായിരുന്നു അവസാനത്തെ അന്താരാഷ്ട്ര മത്സരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook