സച്ചിന്‍ തെൻഡുല്‍ക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞിട്ട് ഇന്നേക്ക് നാല് വര്‍ഷം തികയുന്നു. 2013 നവംബര്‍ 16-നാണ് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലെ വിക്കറ്റില്‍ നിന്ന് ഒരുപിടി മണ്ണെടുത്ത് നെഞ്ചോട് ചേര്‍ത്ത് വണങ്ങി സച്ചിന്‍ 24 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചത്. രാഷ്ട്രം പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം ചരിത്രത്തിലാദ്യമായി ഒരു കായിക താരത്തിന് നല്‍കാന്‍ തീരുമാനിച്ചതും അന്നുതന്നെ. കളത്തിൽ നിന്ന് വിടവാങ്ങിയെങ്കിലും കായിക മേഖലയുടെ വളർച്ചയ്ക്കായി സച്ചിൻ ഇന്നും പ്രവർത്തിക്കുന്നു.

പതിനാറാം വയസിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം. ടെസ്റ്റിലും ഏകദിനത്തിലും കുട്ടിക്രിക്കറ്റിലും ഒരേ പോലെ മികവ് തെളിയിച്ചു. മത്സരങ്ങൾ കൂടുന്നതനുസരിച്ച് റെക്കോർഡുകൾ സച്ചിന് മുന്നിൽ വഴി മാറി. 2013-ല്‍ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിലും പങ്കാളിയായി. സച്ചിന്റെ കളി കണ്ട് സച്ചിനൊപ്പം കളിക്കാൻ ആഗ്രഹിച്ച് ഇന്ത്യൻ ടീമിലെത്തിയവരുണ്ട്. അപ്പോഴും സഹതാരങ്ങൾക്ക് ആവേശവും കാണികൾക്ക് അത്ഭുതവുമായിരുന്നു സച്ചിൻ. വെസ്റ്റ് ഇൻഡീസിനെതിരെ വാങ്കഡെയിലെ മത്സരത്തിൽ സച്ചിന്റെ ബാറ്റിൽ നിന്ന് ഉയർന്ന പന്ത് ഡാരൻ സമി കൈകളിലെത്തിയപ്പോൾ അത് ഒരു ഇതിഹാസത്തിന്റെ അവസാന മത്സരമായി.

Sachin

12 ബൗണ്ടറികളോടെ 74 റണ്‍സിന്റെ ഒന്നാന്തരം ഇന്നിങ്‌സ് ആരാധകര്‍ക്ക് സമ്മാനിക്കാന്‍ അവസാന മത്സരത്തില്‍ സച്ചിന് കഴിഞ്ഞു. സച്ചിന്റെ ബാറ്റില്‍ നിന്നും പുറപ്പെട്ട ഓരോ പന്തും ആരവങ്ങള്‍ ഏറ്റുവാങ്ങിയാണ് തിരിച്ചെത്തിയത്. നിറഞ്ഞ സ്റ്റേഡിയമുള്ള ടെസ്റ്റ് മത്സരങ്ങള്‍ ക്രിക്കറ്റ് മൈതാനങ്ങളുടെ ഗാലറികള്‍ക്ക് പൊതുവേ പരിചിതമല്ലാത്തതാണ്. എന്നാല്‍ അക്കാര്യത്തിലും സച്ചിന്റെ അവസാന മത്സരങ്ങള്‍ ചരിത്രം സൃഷ്ടിച്ചു. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട മത്സരങ്ങളാണ് സച്ചിന്റെ കൊല്‍ക്കത്തയിലേയും മുംബൈയിലേയും ടെസ്റ്റുകള്‍.

വളരെ അപൂര്‍വ്വമായി മാത്രമാണ് ഉള്ളിലെ വികാരങ്ങള്‍ പുറത്തുകാണിക്കുന്ന സച്ചിനെ നമ്മള്‍ കണ്ടിട്ടുള്ളത്. അത്തരം അപൂര്‍വ്വ നിമിഷമായി മുംബൈ വാങ്കഡെയിലെ സച്ചിന്റെ അവസാന മത്സരം. വിടവാങ്ങല്‍ ചടങ്ങില്‍ നടത്തിയ വികാരനിര്‍ഭരമായ പ്രസംഗം അവസാനിക്കുമ്പോള്‍ കണ്ണുനനയാത്തവരായി ആരും വാങ്കഡെയില്‍ ഉണ്ടായിരുന്നില്ല. സ്റ്റേഡിയത്തിലെ പ്രസിഡന്റ്‌സ് ബോക്‌സിനുള്ളില്‍ വീല്‍ചെയറിലിരുന്നാണ് രജനി മകന്റെ അവസാന മത്സരത്തിലെ ഒടുവിലത്തെ ദൃശ്യങ്ങള്‍ കണ്ടത്. ഭാര്യ അഞ്ജലിയും മക്കളായ അര്‍ജുനും സാറയും ഗ്രൗണ്ടില്‍ സച്ചിനൊപ്പം തന്നെയുണ്ടായിരുന്നു. സുനില്‍ ഗാവസ്‌കറും ക്ലൈവ് ബ്രയാന്‍ ലാറയും രാഹുല്‍ ദ്രാവിഡും സൗരവ് ഗാംഗുലിയും ഉള്‍പ്പെടെയുള്ള ലോക ക്രിക്കറ്റിലെ ഇതിഹാസതുല്യരായ ക്രിക്കറ്റര്‍മാരും സച്ചിന്റെ കരിയറിലെ അവസാന നിമിഷങ്ങള്‍ക്ക് സാക്ഷിയാവാനെത്തിയിരുന്നു.

തന്റെ അവസാന ടെസ്റ്റില്‍ ഇന്ത്യ ജയം പൂര്‍ത്തിയാക്കിയശേഷം ഗ്രൗണ്ടില്‍ നിന്നുള്ള മടക്കയാത്രയെക്കുറിച്ച് തന്റെ ആത്മകഥയില്‍ സച്ചിന്‍ എഴുതിയിട്ടുണ്ട്: ‘തിരിച്ചുനടക്കുമ്പോള്‍ ഞാന്‍ കരയുകയായിരുന്നു. എനിക്ക് മറ്റുള്ളവരുടെ മുഖത്ത് നോക്കാനായില്ല. എതിര്‍ ടീമിലെ കളിക്കാര്‍ക്ക് കൈകൊടുക്കുമ്പോള്‍ ഞാന്‍ നിലത്തേക്കാണ് നോക്കിയത്. കാരണം ഞാന്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ കരയുന്നത് മറ്റുള്ളവര്‍ കാണരുതെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഗാലറിയുടെ പടവുകള്‍ ഓടിക്കയറി ഡ്രസിങ് റൂമിനകത്തെ ബാത്ത്‌റൂമിലേക്കാണ് ഞാന്‍ പോയത്.’

റിട്ടയര്‍മെന്റിന് തൊട്ടടുത്ത ദിവസം മുംബൈയില്‍ വച്ച് നടത്തിയ പത്ര സമ്മേളനത്തില്‍ എടുത്തു പറഞ്ഞ കാര്യം, ഭാരതരത്‌നം നേടിയ ആദ്യ കായിക താരമെന്ന നിലയില്‍ രാജ്യത്തോടും ഇന്ത്യന്‍ കായികവേദിയോടുമുള്ള തന്റെ കടമകള്‍ നിര്‍വഹിക്കുമെന്നായിരുന്നു. ക്രിക്കറ്റിനോട് വിടവാങ്ങി ഒരു വര്‍ഷം തികയുമ്പോള്‍ താന്‍ പറഞ്ഞത് പാഴ്‌വാക്കുകളല്ലെന്ന് സച്ചിന്‍ തെളിയിച്ചു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ പുനര്‍ജനിക്കായി രൂപം കൊടുത്ത ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ടീമായ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ അമരക്കാരനാണ് സച്ചിന്‍. നാളെ ഐഎസ്എല്ലിന്റെ നാലാം സീസൺ ആരംഭിക്കുന്പോൾ സച്ചിനു കൂടി വേണ്ടി ഒരു കിരീടം എന്നതാകും ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ആഗ്രഹം.

സച്ചിനില്ലാതെ ക്രിക്കറ്റില്ലെന്നു തന്നെയാണ് ഓരോ ഇന്ത്യക്കാരുടെയും വികാരം. ഇപ്പോൾ സച്ചിൻ ഇന്ത്യൻ കായികരംഗത്തിന്റെ ആകെ പ്രതീകമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook