ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരമാണ് ഇന്ത്യയുടെ സ്വന്തം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. 1989 നവംബര്‍ 15 ന് പതിനാറാം വയസ്സില്‍ പാകിസ്താനെതിരായ ടെസ്റ്റിലൂടെയാണ് സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. ആദ്യ മത്സരത്തില്‍ സച്ചിന് തിളങ്ങാനായില്ലെന്ന് മാത്രമല്ല അന്ന് പാക്കിസ്താന് വേണ്ടി അരങ്ങേറ്റം കുറിച്ച വഖാർ യൂനിസിന്റെ പന്തിലാണ് സച്ചിന്‍ പുറത്തായത്.

എന്നാല്‍ രണ്ടാം ടെസ്റ്റില്‍ സച്ചിന്‍ ഏവരുടേയും ശ്രദ്ധ ക്ഷണിച്ചു. ഇമ്രാന്‍ ഖാനേയും വസീം അക്രത്തേയും പോലെയുളള പരിചയസമ്പനന്രായ ബൗളര്‍മാരെ കൗമാരക്കാരനായ സച്ചിന്‍ ഏറെ ക്ഷമയോടെയാണ് ക്രീസില്‍ നേരിട്ടത് അന്ന് അദ്ദേഹം 172 പന്തില്‍ 59 റണ്‍സ് എടുത്തു. അവസാന ടെസ്റ്റിലും സച്ചിന്‍ അര്‍ദ്ധസെഞ്ചുറി എടുത്തു.

സെലക്ടര്‍മാരുടെ ശ്രദ്ധ ക്ഷണിക്കുന്നതായിരുന്നു സച്ചിന്റെ ക്ഷമയോടെയുളള ബാറ്റിംഗ് രീതി. 17ാം വയസില്‍ ഓസ്ട്രേലിയയ്ക്ക് എതിരായ ടെസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി. 25ാം വയസില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പേരില്‍ 16 ടെസ്റ്റ് സെഞ്ചുറികളുമായി.

പിന്നീട് 24 വര്‍ഷം കരിയറിന് 2013 നവംബറിന് വിരാമമിടുമ്പോള്‍ ക്രിക്കറ്റിലെ ബാറ്റിങ് റെക്കോഡുകളില്‍ മിക്കവയും സച്ചിന്റെ പേരിലയിക്കഴിഞ്ഞിരുന്നു.ഏറ്റവും കൂടുതല്‍ ടെസ്റ്റ്ഏകദിന മത്സരങ്ങള്‍ കളിച്ച താരമാണ് സച്ചിന്‍. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സ്, ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ എന്നീ റെക്കോഡുകളും സച്ചിന്റെ പേരിലുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറ് സെഞ്ച്വറികളും (ടെസ്റ്റ്51, ഏകദിനം49) മുപ്പതിനായിരത്തിലേറെ അന്താരാഷ്ട്ര റണ്‍സും ഉള്ള ഏക താരമാണ് സച്ചിന്‍. ഏകദിനത്തില്‍ ആദ്യമായി 200 എന്ന മാന്ത്രികസംഖ്യ കടന്നതും മറ്റാരുമല്ല. വിരമിച്ച ശേഷം സച്ചിന്‍ തന്റെ ആത്മകഥയും പുറത്തിറക്കിയിരുന്നു. സച്ചിന്റെ കരിയര്‍ പോലെ തന്നെ വിവാദങ്ങള്‍ക്കിട നല്‍കാത്ത ആത്മകഥ പ്ലെയിങ് ഇറ്റ് മൈ വേ വില്‍പനയില്‍ റെക്കോഡുകള്‍ ഭേദിച്ചു.

സച്ചിന്റെ നേട്ടങ്ങള്‍ പരിഗണിച്ച് രാജ്യം അദ്ദേഹത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കി ആദരിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെയും ഇതര സ്ഥാപനങ്ങളുടെയും അന്താരാഷ്ട്ര ഏജന്‍സികളുടെയും പല പദ്ധതികളുടെയും സജീവ പങ്കാളിയും ബ്രാന്‍ഡ് അമ്പാസഡറുമാണ് സച്ചിന്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ