/indian-express-malayalam/media/media_files/uploads/2018/02/sachin-tendulkar-759.jpg)
ആ വർഷം ഈ ദിവസമാണ് സച്ചിൻ അതുവരെ ആരും ചവിട്ടിക്കയറിയിട്ടില്ലാത്ത ആ ചരിത്ര നേട്ടത്തിലേക്ക് ചുവടുവച്ച് കയറിയത്. അന്നോളം ലോകത്തൊരു ക്രിക്കറ്ററും സാധ്യമെന്ന് വിശ്വസിക്കാത്ത വലിയ നേട്ടം ക്രിക്കറ്റിന്റെ ദൈവം നേടിയെടുത്തപ്പോൾ സ്തബ്ധരായത് മുഴുവൻ ക്രിക്കറ്റ് ലോകവുമാണ്. എന്താണെന്നല്ലേ ആ നേട്ടം? ലോക ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഏകദിന ഡബിൾ സെഞ്ചുറി.
ഗ്വാളിയോറിൽ അന്ന് ദക്ഷിണാഫ്രിക്കയായിരുന്നു മാസ്റ്റർ ബ്ലാസ്റ്ററുടെ ചരിത്രനേട്ടം നേരിൽക്കണ്ടത്. 147 പന്ത് നേരിട്ട സച്ചിൽ 200 റൺസുമായി പുറത്താകാതെ നിന്നപ്പോൾ അതോടെ ക്രിക്കറ്റിൽ പുതിയ നാഴികകല്ല് പിറന്നു. സച്ചിന്റെ ഡബിൾ സെഞ്ചുറിയുടെ ശക്തിയിൽ ഇന്ത്യ അന്ന് 402 റൺസിന്റെ വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ വച്ചത്.
147 പന്തിൽ നിന്ന് 23 ഫോറും 3 സിക്സറുമാണ് മാസ്റ്റർ ബ്ലാസ്റ്റർ പറത്തിയത്. 136.05 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്ത സച്ചിൻ ടെണ്ടുൽക്കർ അന്ന് തന്റെ കരിയറിലെ 46ാമത്തെ സെഞ്ചുറിയാണ് നേടിയത്.
ശ്രീശാന്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ മത്സരത്തിൽ ആശിഷ് നെഹ്റ, യൂസഫ് പത്താൻ, വീരേന്ദർ സെവാഗ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി. ഇതോടെ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 43ാം ഓവറിൽ 248 ൽ അവസാനിച്ചു. ഇന്ത്യയുടെ 153 റൺസ് വിജയത്തിന് പിന്നാലെ സച്ചിൻ മാൻ ഓഫ് ദി മാച്ചായും തിരഞ്ഞെടുക്കപ്പെട്ടു.
നാല് വർഷങ്ങൾക്ക് ശേഷം ഇതേ ദിവസമാണ് വെസ്റ്റ് ഇന്റീസ് താരം ക്രിസ് ഗെയ്ൽ ഏകദിനത്തിലെ ഡബിൾ സെഞ്ചുറി നേടിയത്. 156 പന്തിൽ നിന്ന് 215 റൺസാണ് ഗെയ്ൽ അടിച്ചുകൂട്ടിയത്. സിംബാബ്‌വേക്ക് എതിരായ ലോകകപ്പ് മത്സരത്തിലാണ് ഈ നേട്ടം കൈവരിച്ചത്.
200 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുളള സച്ചിൻ 53.78 ശരാശരിയിൽ 15921 റൺസാണ് നേടിയത്. 51 സെഞ്ചുറികളും 68 അർദ്ധസെഞ്ചുറികളും ആണ് സച്ചിന്റെ ടെസ്റ്റ് കരിയറിൽ ഉളളത്. 463 ഏകദിന മത്സരങ്ങളിൽ നിന്ന് 18426 റൺസാണ് സച്ചിൻ നേടിയത്. ഇതിൽ 49 സെഞ്ചുറികളും 96 അർദ്ധസെഞ്ചുറികളും ഉണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.