തിരുവനന്തപുരം: കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തിൽ വിദ്യാര്‍ത്ഥികൾക്കായുള്ള സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചു. 2000 സീറ്റുകള്‍കൂടിയാണ് വിദ്യാർത്ഥികൾക്കായി അധികമായി നീക്കിവച്ചിരിക്കുന്നതെന്ന് കെസിഎ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ ടിക്കറ്റിന് ക്ഷാമം നേരിടുന്നത് പരിഗണിച്ചാണ് തീരുമാനം. അപ്പര്‍ ടയറിലെ ടിക്കറ്റുകളാണ് വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്.

500 രൂപയാണ് വിദ്യാര്‍ത്ഥികളുടെ ടിക്കറ്റിന്റെ വില. ഈസ്റ്റ് ബ്ലോക്കിലെ അപ്പർ ടയർ എഫിലാണ് വിദ്യാർത്ഥികൾക്കായി കൂടുതൽ ടിക്കറ്റുകൾ അനുവദിച്ചിരിക്കുന്നത്. പേടിഎം, ഇന്‍സൈഡര്‍ എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ക്ക് പുറമെ, സംസ്ഥാനത്തെ 2700 അക്ഷയ ഇ-കേന്ദ്രങ്ങള്‍ വഴിയും ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. പണം നല്‍കിയാല്‍ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും.

അതേസമയം, ടിക്കറ്റ് വില്‍പ്പന ഓണ്‍ലൈനിലൂടെ മാത്രമേ ഉള്ളൂ. മുന്‍ വര്‍ഷങ്ങളിലേത് പോലെ ടിക്കറ്റുകള്‍ കൗണ്ടര്‍ വഴി വില്‍പ്പന ഉണ്ടായിരിക്കുന്നതല്ല. www.paytm.com, www.insider.in എന്നീ വെബ്സൈറ്റുകള്‍ വഴി മാത്രമാണ് ടിക്കറ്റ് വിൽപന. ഈ സൈറ്റുകളിലേക്കുള്ള ലിങ്ക് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സൈറ്റില്‍ ലഭ്യമാണ്. 1000 (അപ്പര്‍ ടയര്‍), 2000( ലോവര്‍ ടയര്‍ ചെയര്‍), 3000 (സ്പെഷ്യല്‍ ചെയര്‍) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.

സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാന്‍ ഡിജിറ്റല്‍ ടിക്കറ്റുകളോ, പ്രിന്റ് ഔട്ടുകളോ ഉപയോഗിക്കാം. പേടിഎം വഴി 2 ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് 150 രൂപയുടെ സിനിമാ ടിക്കറ്റിനുള്ള വൗച്ചറും ലഭിക്കും.

സ്റ്റേഡിയത്തിന് അകത്ത് പ്രവേശിക്കാന്‍ ടിക്കറ്റിന് പുറമെ പ്രൈമറി ടിക്കറ്റ് ഹോള്‍ഡറുടെ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്. ഒരാള്‍ക്ക് ഒരു യൂസര്‍ഐഡിയില്‍ നിന്നും പരമാവധി 6 ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. രാവിലെ 10.30 മുതലാണ് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook