എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ തന്നെ പരാജയം ഏറ്റുവാങ്ങിയതോടെ കടുത്ത വിമര്‍ശനമാണ് ഇന്ത്യന്‍ ടീമിനെതിരെ ഉയരുന്നത്. പ്രത്യേകിച്ചും ബാറ്റിങ് നിരയ്‌ക്കെതിരെ. വിരാട് കോഹ്‌ലിയല്ലാതെ മുന്‍നിരയിലെ ആരും തന്നെ പിടിച്ചു നില്‍ക്കാന്‍ പോലും ശ്രമിക്കാതെ രണ്ട് ഇന്നിങ്സിലും കൂടാരം കയറുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഒരേസമയം, ഇന്ത്യന്‍ ബാറ്റ്‌സ്മാരുടെ പ്രകടനത്തെ വിമര്‍ശിച്ചും ലൈനപ്പ് പൊളിച്ചെഴുതരുതെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ നായകന്‍ സൗരവ് ഗാംഗുലി.

ഓപ്പണര്‍ മുരളി വിജയും വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും ബാറ്റിങ്ങില്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്നും ഗാംഗുലി പറഞ്ഞു. രണ്ടു പേരും എഡ്ജ്ബാസ്റ്റണില്‍ പരാജയമായിരുന്നു. രണ്ട് ഇന്നിങ്സിലുമായി വിജയ് നേടിയത് ആകെ 26 റണ്‍സാണെങ്കില്‍ രഹാനെ നേടിയത് 17 റണ്‍സാണ്. താരങ്ങളുടെ പ്രകടനത്തിനെതിരെ ആരാധകരും രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഒന്നാം ടെസ്റ്റില്‍ പരാജയപ്പെട്ടെന്ന് കരുതി കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയെ എഴുതിത്തള്ളരുതെന്നാണ് ഗാംഗുലി പറയുന്നത്. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യയ്ക്ക് തിരിച്ചടിക്കാനുള്ള സമയമുണ്ടെന്നും ബാറ്റ്‌സ്മാന്മാര്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ കളിക്കുകയാണെങ്കില്‍ ഇതിന് സാധിക്കുമെന്നും ദാദ പറഞ്ഞു.

ടെസ്റ്റ് വിജയിക്കണമെങ്കില്‍ എല്ലാവരും റണ്‍സ് കണ്ടെത്തേണ്ടതുണ്ട്. വിജയ്‌യും രഹാനെയും ഇംഗ്ലീഷ് സാഹചര്യത്തില്‍ മുന്‍പ് റണ്‍സ് കണ്ടെത്തിയിട്ടുള്ളവരാണെന്നും ദാദ പറഞ്ഞു. അതുകൊണ്ട് രണ്ടാം ടെസ്റ്റില്‍ തന്നെ ടീം ലൈനപ്പ് മാറ്റി പരീക്ഷണത്തിന് മുതിരരുതെന്നും ബാറ്റ്‌സ്മാൻമാർക്ക് സമയം കൊടുക്കണമെന്നും മുന്‍ നായകന്‍ അഭിപ്രായപ്പെട്ടു. സ്ഥിരമായി ടീം മാറ്റുന്നത് താരങ്ങള്‍ക്ക് ആത്മവിശ്വാസമില്ലാതാക്കുമെന്നും ഇതിഹാസതാരം പറഞ്ഞു.

നേരത്തേ, ഇന്ത്യയുടെ പരാജയത്തിന് കാരണം കോഹ്‌ലി ഒഴികെയുള്ള ബാറ്റ്സ്മാന്‍മാരുടെ പരാജയമാണെന്ന് ദാദ തുറന്നടിച്ചിരുന്നു. ഇംഗ്ലണ്ടില്‍ ടെസ്റ്റ് തോല്‍വി വഴങ്ങാത്ത അപൂര്‍വ്വം ഇന്ത്യന്‍ നായകന്‍മാരില്‍ ഒരാളാണ് സൗരവ് ഗാംഗുലി. 2002ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ദാദയുടെ സംഘം 1-1ന്റെ സമനില നേടിയിരുന്നു. ഇന്ത്യയെ 49 ടെസ്റ്റില്‍ നയിച്ച ദാദ 21-ലും വിജയത്തിലെത്തിച്ചു. നിലവിലെ നായകന്‍ കോഹ്‌ലിക്ക് കീഴിലും ഇന്ത്യ 21 ടെസ്റ്റ് വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook