/indian-express-malayalam/media/media_files/uploads/2018/01/kerala-blasters-fc-isl-4-20172018_mr3r7lr12gl41l80ltciul6ia.jpg)
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അതിന്‍റെ നാലാം സീസണിലേക്ക് പ്രവേശിച്ചപ്പോള്‍ വലിയ പ്രതീക്ഷയോടെയാണ് കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ സീസണെ എതിരേറ്റത്. കഴിഞ്ഞ സീസണില്‍ നിന്നും ഒരുപാട് മാറിയൊരു ടീമാകും ഈ സീസണിലേത് എന്ന് തുടക്കത്തിലേ വ്യക്തമായിരുന്നു. വരുണ്‍ ത്രിപുരനേനി എന്ന യുവസംരംഭകന്‍ ടീമിന്‍റെ സിഇഒ സ്ഥാനത്തേക്ക് എത്തിയെന്നതാണ് അതില്‍ ആദ്യത്തേത്. ഒരു കടുത്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകന്‍ എന്ന് തന്റെ ട്വിറ്റര്‍ പ്രൊഫൈലില്‍ പറയുന്ന സിഇഒയുടെ കീഴില്‍ കേരളാ ബ്ലാസ്റ്റേഴ്സ് അടിമുടി മാറുന്ന കാഴ്ച തന്നെയാണ് കണ്ടത്.
പ്രതീക്ഷയുള്ള തുടക്കം
താങ്ബോയി സിങ്റ്റോ എന്ന മണിപ്പൂരുകാരന്‍ കോച്ചുമായി കരാറിലെത്തുക എന്നതാണ് അതില്‍ ആദ്യത്തേത്. ഇന്ത്യന്‍ ഫുട്ബോള്‍ നിരീക്ഷകര്‍ ഒരുപോലെ സ്വാഗതം ചെയ്ത ഒരു നടപടിയായിരുന്നു താങ്ബോയിയുമായുള്ള കരാര്‍. ഐ ലീഗില്‍ ഒരുപാട് വര്‍ഷത്തെ അനുഭവസമ്പത്തുള്ള താങ്ബോയി കളിക്കാരെ കണ്ടെത്തുന്നതിലും അവരെ മികവുറ്റവരായി പരിപോഷിപ്പിക്കുന്നതിലും ഒരുപോലെ പ്രാവീണ്യം തെളിയിച്ചിട്ടുള്ള ആളാണ്.
"ബ്ലാസ്റ്റേഴ്‌സിന്‍റെ ഈ സീസണ്‍ എടുത്താല്‍ ഞാന്‍ ഏറ്റവും പോസിറ്റീവായി കാണുന്ന ഒരു കാര്യം താങ്ബോയി സിങ്റ്റോയുടെ സൈനിങ് ആണ്. ഇന്ത്യന്‍ ഫുട്ബാളിന്‍റെ ഈ വര്‍ഷം പരിശോധിച്ചാല്‍ അറിയുന്നൊരു കാര്യം ഈ സീസണില്‍ ഏറ്റവും കൂടുതല്‍ താരങ്ങളെ വിപണിയില്‍ ഇറക്കിയതും ലാഭം കൊയ്തതുമായ ക്ലബ്ബ് ഷില്ലോങ് ലജോങ് എഫ്‌സി ആണെന്നാണ്. ഐഎസ്എല്ലിലും ഐ ലീഗിലും ഒരുപോലെ പോയ മുന്‍ ലജോങ് താരങ്ങളൊക്കെ താങ്ബോയിയുടെ കണ്ടെത്തലുകളാണ്. താങ്ബോയിയെ പോലൊരാള്‍ കേരളത്തിന് ആവശ്യമായ തരത്തില്‍ ഫുട്ബോള്‍ പരിപോഷിപ്പിക്കും എന്ന് തന്നെയാണ് എന്‍റെ പ്രതീക്ഷ. ഒരു പ്രൊഫഷണല്‍ ക്ലബ്ബിനെ സംബന്ധിച്ച് കപ്പുകള്‍ നേടുക എന്നത്ര തന്നെ പ്രധാനമാണ് കളിക്കാരെ വളര്‍ത്തുക എന്നതും" ഫുട്ബോള്‍ നിരീക്ഷകനും ഫുട്ബാള്‍ ന്യൂസ് ഇന്ത്യയുടെ പത്രാധിപരുമായ ഉണ്ണി പറവന്നൂര്‍ പറഞ്ഞു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ അസിസ്റ്റന്‍റ് കോച്ചായിരുന്ന റെനെ മ്യൂലെന്‍സ്റ്റീനെ സീസണിലേക്കുള്ള മാനേജറായി എത്തിക്കുകയെന്നതായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ രണ്ടാമത്തെ നടപടി.
ഡ്രാഫ്റ്റ് മുതല്‍ കരാര്‍ വരെ
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസം സര്‍ അലക്സ് ഫെര്‍ഗൂസന്‍റെ സഹ പരിശീലകനായിരുന്നു എന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ ഈ അമ്പത്തിമൂന്നുകാരന്‍റെ മാനേജിങ് കരിയര്‍ അത്ര വിജയകരമല്ല എന്നത് വിമര്‍ശനവിധേയമായി തന്നെ കാണേണ്ടതുണ്ട്. അന്‍സി, മക്കാബി ഹൈഫ, ഫുല്‍ഹാം എന്നീ ക്ലബ്ബുകളിലായി മുപ്പത്തിനാലോളം പ്രൊഫഷണല്‍ കളികള്‍ക്ക് സാരഥ്യം വഹിച്ചിട്ടുള്ള റെനെയ്ക്ക് നേടാനായത് വെറും പതിനൊന്ന് വിജയങ്ങളാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോലെ ഏറ്റവും കുറഞ്ഞ സമയത്തില്‍ ഒരു ടീമിനെ ഒരുക്കുകയും വളരെ കുറവ് ഇടവേളകളില്‍ കളിച്ച് ജയിക്കുകയും ചെയ്യുന്ന ഒരു ലീഗില്‍ അത്ര മികച്ച റെക്കോർഡില്ലാത്ത ഒരു കോച്ചിനെ തിരഞ്ഞെടുക്കേണ്ടിയിരുന്നോ എന്ന ആശങ്ക തുടക്കം മുതല്‍ നിലനില്‍ക്കുന്നതാണ്.
പിന്നീടാണ് ഡ്രാഫ്റ്റില്‍ നിന്നുമുള്ള തിരഞ്ഞെടുപ്പ് വരുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഡ്രാഫ്റ്റ് തിരഞ്ഞെടുപ്പുകള്‍ പതിവായി നടത്തുന്നത് ഇന്ത്യന്‍ കോച്ചുമാരാണ്. നേരത്തേയുള്ള സീസണുകളില്‍ പ്ലേയര്‍ ഏജന്റ് കൂടിയായ ഇശ്ഫാഖ് അഹമ്മദ് ആയിരുന്നു അത് ചെയ്തതെങ്കില്‍ ഇത്തവണ അത് താങ്ബോയിയുടെ കടമയായിരുന്നു. മുന്‍ വര്‍ഷങ്ങളെക്കാള്‍ മികച്ച ഒരു നിര ഇന്ത്യന്‍ താരങ്ങളെ തന്നെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. ആദ്യ വിളികളില്‍ തന്നെ ഇന്ത്യയിലെ മികച്ച പുള്‍ ബാക്കുകളിലൊരാളായ റിനോ ആന്‍റോ, സീസണില്‍ മികച്ചൊരു പ്രകടനം പുറത്തെടുത്ത ലാല്‍റുത്തര എന്നിവരെ സ്വന്തമാക്കിയ താങ്ബോയി, പിന്നീട് പോയത് യഥാക്രമം മിലന്‍ സിങ്, ആരാത്താ ഇസൂമി, സുഭാശിഷ് ചൗധരി, ജാക്കിചന്ദ് സിങ്, സിയാം ഹങ്ങല്‍ എന്നിവര്‍ക്ക് വേണ്ടിയായിരുന്നു. ആദ്യ ഇലവനില്‍ ഇടംനേടാന്‍ എന്തുകൊണ്ടും അനുയോജ്യരായവര്‍ക്കാണ് ആദ്യ നറുക്കുവീണത് എന്ന് താങ്ബോയി പിന്നീട് പറയുകയും ചെയ്തു.
Here's our 16 member squad now. അപ്പൊ എങ്ങനെയാ? തുടങ്ങുവല്ലേ?#KBFC#NammudeSwantham#YellowMeinKhelo#HeroISLDraftpic.twitter.com/JbnHpanvKt
— Kerala Blasters FC (@KeralaBlasters) July 23, 2017
ഡ്രാഫ്റ്റ് തിരഞ്ഞെടുപ്പ് വിലയിരുത്തിയാല്‍, സെന്‍റര്‍ ബാക്കായി സന്ദേശ് ജിങ്കനെ നിലനിര്‍ത്തിയ ടീമിന് വിശ്വസ്തരായ രണ്ട് പുള്‍ ബാക്കുകളെ ആദ്യമേ സ്വന്തമാക്കാനായി. പിന്നീട് മധ്യനിര താരങ്ങളായ മിലന്‍, ആരാത്താ, ജാക്കി ചന്ദ്, സിയാം ഹങ്കല്‍ എന്നിവരെ പരിഗണിച്ചു. ഈ മധ്യനിര താരങ്ങളില്‍ മിലനും സിയാമും മാത്രമാണ് ഹോള്‍ഡിങ് മിഡ്ഫീല്‍ഡര്‍'മാര്‍. ജാക്കി വിങ്ങറും അരാത്ത വിങ്ങിലും അറ്റാക്കിങ് മിഡ്ഫീല്‍ഡ് റോളിലും മാത്രം കളിച്ചിട്ടുള്ള താരവുമാണ്. ഡ്രാഫ്റ്റിന് വിട്ടുനല്‍കാതെ ബ്ലാസ്റ്റേഴ്സ് നിലനിര്‍ത്തിയ പ്രശാന്തും വിങ്ങറാണ്.
ഇനി ഹോള്‍ഡിങ് സ്വഭാവമുള്ള രണ്ടു മധ്യനിര താരങ്ങളെ എടുത്താല്‍ സിയാം ഹംഗല്‍ കൂടുതല്‍ ക്രിയാത്മകമായ കളി പുറത്തെടുക്കുന്ന താരമാണ് എങ്കിലും ഒട്ടും 'ഫിസിക്കല്‍' അല്ലാത്തത് സിയാമിന്‍റെ പോരായ്മയാണ്. മിലന്‍ സിങ് കുറച്ചുകൂടി അക്രമസ്വഭാവമുള്ള മധ്യനിരതാരമാണ്. ക്രോസുകള്‍ക്കും ലോങ് റേഞ്ച് ഷോട്ടുകള്‍ക്കും മുതിരുന്ന താരം. ഇവരുടേതായ പോരായ്മകള്‍ മറച്ചുവയ്ക്കാന്‍ പാകത്തില്‍ മധ്യനിരയില്‍ നിന്ന് കളി മെനയാനും നിയന്ത്രിക്കാനുമാകുന്ന ഒരു താരത്തെയായിരുന്നു വിദേശ സൈനിങ്ങില്‍ കേരളം കണ്ടെത്തേണ്ടിയിരുന്നത്.
വിദേശ താരങ്ങളുമായുള്ള കരാറുകള്‍ എടുക്കുകയാണ് എങ്കില്‍, മുന്നേറ്റനിരയില്‍ ഐഎസ്എല്ലിന് സുപരിചിതനായ ഇയാന്‍ ഹ്യൂമിനെയും മാര്‍ക്ക് സിഫ്നിയോസ് എന്ന ഡച്ച് യുവതാരത്തേയും കൊണ്ടുവന്നതിന് പുറകെയാണ് ദിമിതര്‍ ബെര്‍ബറ്റോവ് എന്ന മുപ്പത്തിയാറുകാരനായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസവുമായി സീസണിലെ ഏറ്റവും ഭീമന്‍ തുകയ്ക്കാണ് ബ്ലാസ്റ്റേഴ്സ് കരാറില്‍ ഏര്‍പ്പെടുന്നത്. പ്രതിരോധ നിരയില്‍ നെമാഞ്ച പെസിക് എന്ന സെന്‍റര്‍ ബാക്കിന് പുറമേ നാല്‍പ്പതിനോടടുത്ത് നില്‍ക്കുന്ന മറ്റൊരു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസം വെസ്റ്റ് ബ്രൗണിനേയും ഭീമമായൊരു തുക നല്‍കി കേരളം സ്വന്തമാക്കി. ഗോള്‍ കീപ്പറായി പോള്‍ റചൂബ്ക എന്നൊരു ഇംഗ്ലീഷ് താരത്തെ കൂടി ബ്ലാസ്റ്റേഴ്സ് പാളയത്തിലേക്കെത്തിച്ചു. പത്തൊമ്പത് വര്‍ഷം നീണ്ട കരിയറില്‍ ഇരുപത്തിമൂന്നോളം ക്ലബ്ബുകളുടെ വല കാത്തിട്ടുള്ള പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടിയും ഒരു കളി കളിച്ചിട്ടുണ്ട്. സീസണിലെ ഏറ്റവും വിലപിടിപ്പുള്ള ചില സൈനിങ്ങുകള്‍ നടത്തിയ ബ്ലാസ്റ്റേഴ്സിന് മികച്ചൊരു മധ്യനിര താരത്തെ കണ്ടെത്താനായില്ല. കറേജ് പെക്കൂസന്‍ എന്ന ഘാനിയന്‍ വിങ്ങര്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ വിദേശ മധ്യനിര താരം. പെക്കൂസനെകൂടി ചേര്‍ത്താല്‍ കേരളത്തിന്‍റെ മധ്യനിരയില്‍ നാല് വിങ്ങര്‍മാര്‍.
ട്രാന്‍സ്ഫര്‍ വിപണി; അനുഭവങ്ങള്‍, പാളിച്ചകള്‍
"കോച്ചിനെയല്ല, ടീമിനെ തിരഞ്ഞെടുക്കുന്നവരെയാണ് പുറത്താക്കേണ്ടത്. അവരും അവരുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അമിതാരാധനയും ! കളിക്കാനുള്ള കാലം കഴിഞ്ഞ ഒരു മാഞ്ചസ്റ്റര്‍ ഇതിഹാസമാണ് ബെര്‍ബറ്റോവ്, കഴിഞ്ഞ ഒന്നര വര്‍ഷമായി അദ്ദേഹം പ്രൊഫഷണല്‍ ഫുട്ബോള്‍ കളിച്ചിട്ടില്ല. മറ്റൊരു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെസ്റ്റ് ബ്രൗണ്‍ ഇരുപത്തിരണ്ടാം സ്ഥാനത്തായി കളി അവസാനിപ്പിച്ച ബ്ലാക്ക്ബേണിന് വേണ്ടിയാണ് കഴിഞ്ഞ സീസണ്‍ കളിച്ചത്. അവര്‍ കളിക്കാന്‍ യോഗ്യരല്ല എന്ന് തെളിയിച്ചുകഴിഞ്ഞു. മറ്റൊരു മാന്‍യു താരം പോല്‍ റചൂബ്ക സത്യത്തില്‍ അവര്‍ക്ക് വേണ്ടി മൂന്നേ മൂന്ന് കളിയാണ് കളിച്ചത്. കേരളത്തിന്‍റെ മധ്യനിര ഒരു പേടിസ്വപ്നമാണ്. "സീസണിന്‍റെ പകുതിക്ക് വച്ച് റെനെ മ്യൂലെന്‍ ബ്ലാസ്റ്റേഴ്സുമായി കരാറുപേക്ഷിച്ച് പോയ സാഹചര്യത്തില്‍ ഫുട്ബോള്‍ നിരീക്ഷകനും എഴുത്തുകാരനുമായ എന്‍എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.
ഒരു ഐഎസ്എല്‍ ക്ലബ് സീസണിന്‍റെ പകുതിക്ക് വച്ച് അവരുടെ മാനേജറുമായി പിരിയുന്നത് ഇതാദ്യമായല്ല. ഈ സീസണില്‍ തന്നെ ആദ്യം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും പിന്നീട് ബ്ലാസ്റ്റേഴ്സും ഒടുവില്‍ എറ്റികെയും തങ്ങളുടെ മുഖ്യ പരിശീലകരുമായുള്ള കരാര്‍ പകുതിക്ക് വച്ച് നിര്‍ത്തുകയുണ്ടായി. കേരളാ ബ്ലാസ്റ്റേഴ്സ് മുന്‍ സീസണുകളിലും ഇത് ചെയ്തിട്ടുണ്ട്.
Our new boys can't wait to say Hi #KeralaBlasters#BringItOn#JamshedpurFC#HeroISLpic.twitter.com/vjyHWt6SjO
— Kerala Blasters FC (@KeralaBlasters) September 23, 2017
"സൈനിങ്ങിലെ അപാകതകള്‍ തന്നെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ആദ്യം പരിഹരിക്കേണ്ടത്. കരിയര്‍ അവസാനിപ്പിക്കുവാനിരിക്കുന്ന ഹൈ പ്രൊഫൈല്‍ ആയുള്ള താരങ്ങളെയല്ല ഇങ്ങനെയൊരു ലീഗിന് ആവശ്യം. അനുഭവസമ്പത്തുള്ള താരങ്ങളെ വേണം എന്നാണ് എങ്കില്‍ കഴിഞ്ഞ വര്‍ഷം കളിച്ച ഹെങ്ബെര്‍ട്ടിനെ പോലുള്ള താരങ്ങളെ ടീമിലെത്തിക്കാവുന്നതാണ്. അധികം അറിയപ്പെടാത്തതെങ്കിലും പല ലീഗുകളും കളിച്ച അനുഭവമുള്ള മുപ്പത് കഴിഞ്ഞ താരങ്ങളും ഒരു ഇതിഹാസ ക്ലബ്ബില്‍ പ്രഭാവമൊക്കെ ആസ്വദിച്ച ശേഷം പിരിഞ്ഞുപോയ താരങ്ങളും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. ആദ്യം പറഞ്ഞവര്‍ക്ക് നിരന്തരം കളിച്ചു തെളിയിക്കേണ്ടതായ ഒരു ബാധ്യതയുണ്ട്. രണ്ടാമത്തെ കൂട്ടര്‍ക്ക് ഇനി അതിന്‍റെ ആവശ്യമില്ല. അവരിപ്പോള്‍ കളിച്ചാലും ഇല്ലെങ്കിലും ഇതിഹാസങ്ങള്‍ തന്നെയാണ്. അങ്ങനെയുള്ളവര്‍ക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒരു 'പേയ്ഡ്' വെക്കേഷന് വരുന്നത് പോലെയാണ്. " ഉണ്ണി പറവന്നൂര്‍ അഭിപ്രായപ്പെട്ടു.
കേരളാ ബ്ലാസ്റ്റേഴ്‌സ് മുപ്പത് കഴിഞ്ഞ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളുടെ ഒരു ക്ലബ്ബായി മാറി എന്ന വിമര്‍ശനം സീസണ്‍ തുടങ്ങുന്നത് മുതല്‍ ആരോപിക്കപ്പെടുന്നതാണ്. ആദ്യ ഐഎസ്എല്‍ സീസണ്‍ മുതല്‍ പേരുകേട്ട താരങ്ങളെ ടീമിലെത്തിക്കുവാനുള്ള മൽസരത്തിലാണ് ഓരോ ടീമുകളും. റോബര്‍ട്ടോ കാര്‍ലോസും നിക്കോളാസ് അനേല്‍കയും ഡീഗോ ഫോര്‍ലാനും പോലുള്ള പേരുകള്‍ ഐഎസ്എല്ലില്‍ മിന്നിമറഞ്ഞു. അങ്ങനെയൊരു താര മൽസരത്തില്‍ അവസാനത്തെ നിരയാണ് ഈ വര്‍ഷം ഐഎസ്എല്ലില്‍ കളിക്കുന്ന ബെര്‍ബറ്റോവും റോബി കീനും വെസ് ബ്രൗണും. ഇത്തരം സൂപ്പര്‍ താരങ്ങള്‍ ഉള്ളപ്പോഴും അവരെ കവച്ചുവയ്ക്കുന്ന പ്രകടനവും മികച്ച റെക്കോർഡുകളുമായാണ് ഇയാന്‍ ഹ്യൂം, മെന്‍ഡോസ, മാര്‍സെലോ, എമിലിയാനോ അല്‍ഫാരോ ഒടുവില്‍ മികുവും വരെ നീളുന്ന 'പ്രമുഖരല്ലാത്ത' താരങ്ങള്‍ തിളങ്ങിയത്.
അടുത്ത സീസണിലേക്കെങ്കിലും ചില കരുതലുകള്‍
" ഐഎസ്എല്ലിന് ഇതുവരെ നല്ലൊരു 'സ്കൗട്ടിങ് സിസ്റ്റം' ഉണ്ടാക്കാനായില്ല എന്നതാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്. ഇപ്പോള്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ എടുത്താല്‍ അവര്‍ക്ക് ഈ സീസണില്‍ കിട്ടിയ താരങ്ങള്‍ ഒന്നുകില്‍ പ്ലെയര്‍ എജന്റ് നല്‍കിയവര്‍ അല്ലെങ്കില്‍ കോച്ച് താത്പര്യം പ്രകടിപ്പിച്ചവരാണ്. അതേസമയം ഇപ്പോള്‍ ഐഎസ്എല്ലില്‍ മൽസരിക്കുന്ന, ഐഎസ്എല്ലിന്‍റെ ക്ലബ് അല്ലാത്ത ബെംഗളൂരു എഫ്സിയെ എടുത്താല്‍ പ്രൊഫഷണലിസത്തിലുള്ള വ്യത്യാസം മനസ്സിലാകും. ഉദാഹരണത്തിന് ഈ സീസണില്‍ തിളങ്ങിയ മികു ലാ ലിഗ കളിക്കുകയായിരുന്ന, അത്യാവശ്യം ഗോളടിക്കുന്ന, അത്ര പേരില്ലാത്ത ഒരു താരമാണ്. മുപ്പത്തിരണ്ട് വയസ്സിനിടെ ഖത്തര്‍ ലീഗിലൊക്കെ കളിച്ചുള്ള അനുഭവവുമുണ്ട് മികുവിന്. അങ്ങനെയൊരാള്‍ക്ക് ഓരോ ലീഗുകള്‍ തമ്മിലുള്ള വ്യത്യാസം മനസ്സിലാകും. ടീമിന് അനുസരിച്ച് കളി രൂപപ്പെടുത്താനും അവര്‍ക്കാകും." ഉണ്ണി പറഞ്ഞു.
ബെംഗളൂരു എഫ്സി ചെയ്യുന്ന മറ്റൊരു കാര്യം ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന് കീഴില്‍ തന്നെ വരുന്ന ഓസ്ട്രേലിയന്‍ ലീഗില്‍ നിന്നും താരങ്ങളെ കണ്ടെത്തുക എന്നതാണ്. കേരളത്തിന് ഇതേ കാര്യം ചെയ്യാവുന്നതാണ് എന്നാണ് ഉണ്ണി പറയുന്നത്.
എറിക് പാര്‍ത്താലു"ഇപ്പോള്‍ ബിഎഫ്സിയിലുള്ള ഡിമാസ് ഡെല്‍ഗാഡോ ആണെങ്കിലും എറിക് പാര്‍ത്താലു ആണെങ്കിലും എ ലീഗില്‍ കളിച്ചിട്ടുള്ളവരാണ്. ഏഷ്യയിലെ ഏറ്റവും ഭേദപ്പെട്ട ഒരു ലീഗ് എന്ന നിലയില്‍ എ ലീഗ് കളിക്കുന്ന താരങ്ങള്‍ക്ക് ഒരു കുറഞ്ഞ നിലവാരം എപ്പോഴും ഉണ്ട്. ഒരു ലെവലിലുള്ള സ്കൗട്ടിങ് കഴിഞ്ഞാണ് അവര്‍ ഓസ്ട്രേലിയയിലെത്തുന്നത്. അവിടെ നിന്നുമുള്ള താരങ്ങളെ ഐഎസ്എല്ലിലേക്ക് കൊണ്ടുവരികയാണ് കളിക്കാരുടെ മികവിന്‍റെ കാര്യത്തില്‍ കൂടുതല്‍ ഉറപ്പുണ്ട്. അത് പോലെ തന്നെ ഏഷ്യയിലെ ഭേദപ്പെട്ട മറ്റ് ലീഗുകളില്‍ നിന്നുമുള്ള താരങ്ങളെയും നമുക്ക് സ്വന്തമാക്കാവുന്നതാണ്. അങ്ങനെയുള്ള താരങ്ങള്‍ക്കാണ് ഐഎസ്എല്ലില്‍ കൂടുതല്‍ തിളങ്ങാനാവുക." ഉണ്ണി പറവന്നൂര്‍ പറയുന്നു.
ലോക ഫുട്ബാളിന്‍റെ മാറ്റങ്ങളെക്കുറിച്ചോ ട്രാന്‍സ്ഫര്‍ മാര്‍കെറ്റുകളെ കുറിച്ചോ കൃത്യമായ ധാരണയില്ല എന്നതാണ് കേരളാ ബ്ലാസ്റ്റേഴ്‌സിനെ പിന്നോട്ടടിക്കുന്നത് എന്നാണ് ഇന്ത്യന്‍ ഫുട്ബാളിനെ നിരീക്ഷിക്കുന്നവരൊക്കെ ഒരേ സ്വരത്തില്‍ ഉയര്‍ത്തുന്ന മറ്റൊരു വിമര്‍ശനം. ഒരേ സമയം പുതിയ താരങ്ങളെ കണ്ടെത്തുകയും അവരിലെ മികവുകള്‍ പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതോടൊപ്പം മികച്ച സ്കൗട്ടിങ് സംവിധാനവും അത് മുന്നോട്ട് കൊണ്ടുപോകുന്ന ഒരു പരിതസ്ഥിതിയും ഒരുക്കിയാല്‍ മാത്രമേ കേരളാ ബ്ലാസ്റ്റേഴ്‌സിന് രക്ഷയുള്ളൂ. എത്ര പരാജയങ്ങള്‍ ഏറ്റു വാങ്ങുമ്പോഴും ടീമിനൊപ്പം നില്‍ക്കുന്ന ലക്ഷക്കണക്കിന് ആരാധകര്‍ക്ക് വേണ്ടിയെങ്കിലും ഉത്തരവാദിത്തപ്പെട്ടവര്‍ അത് ചെയ്യും എന്ന് തന്നെയാണ് കേരളത്തിലെ ഓരോ ഫുട്ബാള്‍ ആരാധകന്‍റെയും പ്രതീക്ഷ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us