റിയോ ഡി ജനീറോ: അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസിക്കെതിരെ വിമര്‍ശനവുമായി ബ്രസീല്‍ നായകന്‍ തിയാഗോ സില്‍വ. മെസിക്ക് വിദ്യാഭ്യാസത്തിന്റെ കുറവുണ്ടെന്ന് സില്‍വ പറഞ്ഞു. റിയാദില്‍ നടന്ന സൂപ്പര്‍ ക്ലാസികോ മത്സരത്തില്‍ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്റീന തോല്‍പ്പിച്ചിരുന്നു. അതിനുപിന്നാലെയാണ് മെസിക്കെതിരെ വിമര്‍ശനവുമായി സില്‍വ രംഗത്തെത്തിയത്. മെസിയുടെ കളിക്കളത്തിലെ പെരുമാറ്റം മോശം രീതിലായിരുന്നു എന്ന് സില്‍വ ആഞ്ഞടിച്ചു.

ബ്രസീല്‍ പരിശീലകന്‍ ടിറ്റെയോട് കളിക്കിടെ വായടയ്ക്കാന്‍ മെസിം ആംഗ്യം കാണിച്ചത് മോശമായെന്ന് സില്‍വ പറയുന്നു. കളിക്കളത്തില്‍ വിദ്യാഭ്യാസമാണ് ആദ്യം വേണ്ടതെന്നും സില്‍വ പറഞ്ഞു. “ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാള്‍ക്ക് മൈതാനത്ത് മാന്യതയില്ല. പ്രായമുള്ള ഒരാളോട് ഇങ്ങനെ പ്രതികരിക്കാൻ പാടില്ല. പ്രത്യേകിച്ച് ഒരു പരിശീലകനോട്. കളിയിൽ ശത്രുക്കളായിരിക്കാം. എന്നാല്‍ പരസ്‌പര ബഹുമാനമാണ് ആദ്യമുണ്ടാകേണ്ടത്. എങ്ങനെ പെരുമാറണമെന്ന വിദ്യാഭ്യാസം വേണം.” മെസിയെ വിമർശിച്ച് സിൽവ പറഞ്ഞു.

Read Also: താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ റൊണാൾഡോ: മെസി

മത്സരത്തിനിടെയുള്ള മെസിയുടെ പെരുമാറ്റം വളരെ മോശമായിരുന്നു എന്ന തരത്തിലാണ് ബ്രസീൽ നായകൻ വിമർശനം നടത്തിയിരിക്കുന്നത്. കളിക്കളത്തിൽ മെസി റഫറിമാരെ സ്വാധീനിക്കാൻ ശ്രമിച്ചതായി സിൽവ കുറ്റപ്പെടുത്തി. പലപ്പോഴും മെസി അഭിനയിക്കുകയായിരുന്നു എന്നും സിൽവ പറഞ്ഞു. ഫ്രീ കിക്ക് ലഭിക്കാൻ മെസി റഫറിമാരെ നിർബന്ധിച്ചിരുന്നു. മെസി രണ്ടുതവണ ഫൗള്‍ ചെയ്തു. കാര്‍ഡ് കിട്ടേണ്ട വിഷയമായിരുന്നു അതെല്ലാം. എന്നാല്‍, മെസിയെ നോക്കി റഫറിമാര്‍ ചിരിക്കുക മാത്രമാണ് ചെയ്തത്. റഫറിമാരുടെ തീരുമാനങ്ങളെ നിയന്ത്രിക്കനാണ് മെസി ശ്രമിച്ചതെന്നും സിൽവ കുറ്റപ്പെടുത്തി.

കളിക്കിടെ ബ്രസീലിയന്‍ പരിശീലകന്‍ ടിറ്റെയോട് വായടക്കാന്‍ പറയുന്ന മെസിയുടെ വീഡിയോ നേരത്തെ വൈറലായിരുന്നു. കോപ്പ അമേരിക്കയിലെ ബ്രസീലിനെതിരായ ആരോപണത്തെ തുടര്‍ന്നായിരുന്നു മെസിയ്ക്ക് നേരത്തെ വിലക്ക് ലഭിച്ചത്. വിലക്കിനു ശേഷം മടങ്ങിയെത്തിയ മെസിയെ ഇത്തവണ ചൊടിപ്പിച്ചത് ടിറ്റെയുടെ റഫറിയോടുള്ള നിരന്തര പരാതി പറച്ചിലായിരുന്നു.

സംഭവത്തെക്കുറിച്ച് പിന്നീട് സംസാരിച്ച ടിറ്റെ പറയുന്നത് താന്‍ മെസിയോട് മിണ്ടാതിരിക്കാനാണ് മറുപടി നല്‍കിയതെന്നാണ്. ചുണ്ടിന് കുറുകെ വിരല്‍ വച്ചു കൊണ്ടായിരുന്നു മെസി ടിറ്റെയോട് മിണ്ടാതിരിക്കെന്ന് പറഞ്ഞത്. സംഭവത്തില്‍ മെസിയ്ക്ക് മഞ്ഞക്കാര്‍ഡ് കിട്ടാത്തതില്‍ ടിറ്റെ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. മെസിയ്ക്ക് മഞ്ഞക്കാര്‍ഡ് കിട്ടേണ്ടതായിരുന്നുവെന്നും ടിറ്റെ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook