ലണ്ടന്‍: ക്രിക്കറ്റ്‌ ലോകകപ്പില്‍ മോശം പ്രകടനത്തോടെ പുറത്താകലിന്റെ വക്കില്‍ നില്‍ക്കുന്ന പാക്കിസ്ഥാനെതിരെ ആരാധകരും മുന്‍ താരങ്ങളും രംഗത്തെയിരുന്നു. കൂടാതെ പാക് നായകനായ സര്‍ഫറാസ് അഹമ്മദിനെതിരെ സോഷ്യല്‍മീഡിയയിലും വിമര്‍ശനവും ട്രോളുകളും ശക്തമായി. എന്നാല്‍ തനിക്കെതെരി വിമര്‍ശനം ഉന്നയിച്ച് മുന്‍ താരങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സര്‍ഫറാസ് അഹമ്മദ്. ടെലിവിഷനില്‍ അഭിപ്രായവും ഉപദേശവും നല്‍കുന്ന മുന്‍ താരങ്ങള്‍ക്കെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്.

‘അവരുടെ കണ്ണുകളില്‍ ഞങ്ങള്‍ കളിക്കാര് പോലുമല്ല. ടെലിവിഷനിലെ ദൈവങ്ങളായി മാറിയിട്ടുണ്ട് അവര്‍,’ സര്‍ഫറാസ് പറഞ്ഞു. പാക് മുന്‍ താരം ഷൊഹൈബ് അക്തര്‍ അടക്കമുളളവരാണ് രൂക്ഷമായ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നത്. ഇതിന് പിന്നാലെ പാകിസ്‌താന്‍ ടീമില്‍ ആഭ്യന്തര കലഹമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മോശം ക്യാപ്‌റ്റന്‍സിയുടെ പേരില്‍ ആരാധകരുടെയും മുന്‍ താരങ്ങളുടെയും വിമര്‍ശനത്തിനു പാത്രമായ സര്‍ഫ്രാസ്‌ അഹമ്മദിനെതിരേ ടീമിലെ മുതിര്‍ന്ന താരങ്ങള്‍ കലാപക്കൊടി ഉയര്‍ത്തിയെന്നാണ്‌ ഇംഗ്ലീഷ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.

Read More: ‘തലച്ചോറില്ലാത്ത നായകന്‍’; സർഫ്രാസിനെ രൂക്ഷമായി വിമര്‍ശിച്ച് ഷൊയ്ബ് അക്തര്‍

പേസര്‍ മുഹമ്മദ്‌ ആമിറിന്റെയും മുന്‍നിര ബാറ്റ്‌സ്മാന്‍ ഇമാദ്‌ വസീമിന്റെയും നേതൃത്വത്തിലാണ്‌ കലാപം. തനിക്കെതിരേ ഇവരുടെ നേതൃത്വത്തിലുള്ള ഒരു സംഘം താരങ്ങള്‍ വിമതപ്രവര്‍ത്തനം നടത്തുന്നതായി സര്‍ഫ്രാസ്‌ പാകിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്‌ ഇ-മെയില്‍ സന്ദേശമയച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഷുഐബ്‌ മാലിക്‌, ബാബര്‍ അസം, ആസിഫ്‌ അലി, ഇമാം ഉള്‍ ഹഖ്‌ എന്നിവരാണ്‌ ആമിറിനും ഇമാദിനും പിന്തുണയുമായി നായകനെതിരേ തിരിഞ്ഞിരിക്കുന്നതെന്നും ഇംഗ്ലീഷ്‌ മാധ്യമങ്ങള്‍ സൂചിപ്പിച്ചു.

ഇന്ത്യയ്‌ക്കെതിരെ കനത്ത തോല്‍വി ഏറ്റു വാങ്ങിയതിന്‌ പിന്നാലെ സഹതാരങ്ങള്‍ക്കെതിരെ നായകന്‍ സര്‍ഫറാസ്‌ അഹമ്മദ്‌ രൂക്ഷ വിമര്‍ശനം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്‌. കൂടാതെ പാകിസ്‌താന്‍ താരങ്ങളും കോച്ച്‌ മിക്കി ആര്‍തറും കണ്ടാല്‍ മിണ്ടാട്ടമില്ലെന്നു വരെ റിപ്പോര്‍ട്ടുകള്‍ പുറത്ത്‌ വരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook