ഫിറ്റ് ആയിരിക്കുക എന്നതാണ് ഒരു ക്രിക്കറ്റ് താരത്തെ സംബന്ധിച്ച് ആദ്യ മുന്‍ഗണന. റണ്ണിനായും പന്തിനായും വേഗത്തില്‍ ഓടാന്‍ ഫിറ്റ്നസില്ലാതെ സാധിക്കില്ല. എന്നാല്‍ അമിതമായ തടി ഉണ്ടായിട്ടും ക്രിക്കറ്റ് മേഖലയില്‍ തിളങ്ങിയവരുമുണ്ട്. അതായത് ഒതുങ്ങിയ, ദൃഢമായ ശരീരം ഉളളവര്‍ക്ക് മാത്രം പറഞ്ഞിട്ടുളളതല്ല ക്രിക്കറ്റ് എന്നര്‍ത്ഥം.
അമിതവണ്ണം ഉണ്ടായിട്ടും ക്രിക്കറ്റ് കളിക്കുക മാത്രമല്ല, നായകസ്ഥാനം കൂടി വഹിച്ചയാളാണ് മുന്‍ ശ്രീലങ്കന്‍ താരം അര്‍ജുന രണതുംഗ. ബാറ്റ് ചെയ്യുന്നതിനിടെ പല തവണ അദ്ദേഹം പകരം റണ്ണറെ നിര്‍ത്തി കളത്തില്‍ വീറോടെ പൊരുതിയിട്ടുണ്ട്. എന്തിനേറെ പറയുന്നു, ശ്രീലങ്കയെ ക്രിക്കറ്റ് ലോകകപ്പില്‍ മുത്തമിടാന്‍ നയിച്ച ഒരേയൊരു ക്യാപ്റ്റനാണ് രണതുംഗ.
ഫിറ്റ് അല്ലെന്ന് പഴി കേള്‍ക്കേണ്ടി വന്നിരുന്നുവെങ്കിലും പാക്കിസ്ഥാന്റെ നായകസ്ഥാനം വഹിച്ച ആളാണ് മുന്‍ താരം ഇന്‍സമാം ഉള് ഹഖ്. റണ്ണിനായുളള അദ്ദേഹത്തിന്റെ വേഗത കുറഞ്ഞ ഓട്ടം പലപ്പോഴും ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ കരിയറില്‍ 38 തവണയാണ് ഇന്‍സമാം റണ്‍ ഔട്ടായിട്ടുളളത്.
ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഭാരം കൂടിയ താരമാണ് ഡ്വൈന്‍ ലെവറോക്ക്. ബെര്‍മുഡയ്ക്ക് വേണ്ടി 2007ല്‍ ലോകകപ്പ് കളിക്കുമ്പോള്‍ അദ്ദേഹത്തിന് 280 കിലോ ആയിരുന്നു ഭാരം. ഒരിക്കലും തന്റെ ഭാരത്തെ കുറിച്ച് ആശങ്കപ്പെടാതിരുന്ന അദ്ദേഹം എടുത്ത ക്യാച്ചുകള്‍ ക്രിക്കറ്റ് ലോകത്തെ ഇന്നും അത്ഭുതപ്പെടുത്തുന്നതാണ്.
അമിത വണ്ണം ഉളള ഒരു ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഉണ്ടെന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ പോലും അത് വിശ്വസിച്ചെന്ന് വരില്ല. എന്നാല്‍ 2005ല്‍ ബ്രാഡ്മാന് യുവതാരം പുരസ്കാരം നേടിയ മാര്‍ക്ക് കോസ്ഗ്രോവാണ് ആ താരം. എന്നാല്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഭാരം കാരണം അദ്ദേഹത്തെ ടീം പുറത്തിരുത്തിയെന്നും ആരോപണം ഉയര്‍ന്നു.
വലംകയ്യൻ ബാറ്റ്സ്മാനും വലംകയ്യൻ ഓഫ് സ്പിൻ ബോളറുമായ രമേശ് പവാറാണ് ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നവരില്‍ ഏറ്റവും ഭാരമേറിയ താരം. നാഷണൽ ക്രിക്കറ്റ് അക്കാഡമി പ്രവർത്തനമാരംഭിച്ച വർഷം (2000) പരിശീലനത്തിനായി തിരഞ്ഞെടുത്തവരിൽ പവാറും ഉൾപ്പെട്ടിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ അരങ്ങേറ്റം മുതൽ സ്ഥിരതയുള്ള പ്രകടനത്തോടെ പവാർ ഇന്ത്യൻ സെലക്ടർമാരുടെ ശ്രദ്ധ നേടി. 2002-2003ലെ മുംബൈയുടെ രഞ്ജി ട്രോഫി വിജയത്തിൽ പവാർ പ്രധാന പങ്ക് വഹിച്ചു. ആ ടൂർണമെന്റിൽ 20 വിക്കറ്റുകളെടുത്ത പവാർ 46 ശരാശരിയിൽ 418 റൺസും നേടി. 2004ൽ നടന്ന ഇന്ത്യയുടെ പാക്കിസ്ഥാൻ പര്യടനത്തിൽ പവാർ ഏകദിനത്തിൽ അരങ്ങേറ്റം നടത്തി. 2007 ജനുവരിയിൽ പരുക്കിനേത്തുടർന്നാണ് അദ്ദേഹം ദേശീയ ടീമിൽ നിന്ന് പുറത്തായത്. തുടര്‍ന്ന് കഠിനമായ പരിശീലനത്തിലൂടെ അദ്ദേഹം 20 കിലോഗ്രാം കുറച്ചിട്ടുണ്ട്.