ബാംഗ്ലൂർ: ഐപിഎല്ലിൽ ആദ്യമായി ക്യാപ്റ്റൻസി വേഷം ധരിക്കാൻ ഒരുങ്ങുകയാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർ ഫാഫ് ഫാഫ് ഡു പ്ലെസിസ്. വിരാട് കോഹ്‌ലിയുടെ പകരക്കാരനായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നയിക്കാൻ ഒരുങ്ങുന്ന ഡു പ്ലെസിസ് കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
തന്റെ നേതൃത്വ ശൈലി ‘ക്യാപ്റ്റൻ കൂൾ’ മഹേന്ദ്ര സിംഗ് ധോണിയുടേതിന് സമാനമാണ് എന്നാണ് മുൻ ചെന്നൈ സൂപ്പർ കിങ്‌സ് തരാം കൂടിയായിരുന്ന ഫാഫ് ഡു പ്ലെസിസ് പറഞ്ഞത്. ഫ്രാഞ്ചൈസി വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് ഡു പ്ലെസിസിന്റെ പ്രതികരണം.
37 കാരനായ ഡു പ്ലെസിസ് 2012 മുതൽ ധോണിയുടെ നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു, ധോണിയ്‌ക്കൊപ്പം റൈസിംഗ് പൂനെ സൂപ്പർജയന്റിനായും താരം കളിച്ചിട്ടുണ്ട്.
“എന്റെ ക്രിക്കറ്റ് യാത്രയിൽ ചില മികച്ച ചില മികച്ച ക്യാപ്റ്റന്മാർക്കൊപ്പവും സമയം ചെലവഴിക്കാനായി എന്നതിൽ ഞാൻ വളരെ ഭാഗ്യവാനാണ്. ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച നായകനായ ഗ്രെയിം സ്മിത്തിനൊപ്പമാണ് ഞാൻ വളർന്നു വന്നത്,” മുൻ ദക്ഷിണാഫ്രിക്കൻ നായകനായ ഫാഫ് ഡു പ്ലെസിസ് പറഞ്ഞു.
“പിന്നെ 10 വർഷം രണ്ട് മികച്ച ക്യാപ്റ്റന്മാരായ എം.എസിനും സ്റ്റീഫൻ ഫ്ലെമിങ്ങിനുമൊപ്പം ചിലവഴിക്കാനായി. എംഎസിന്റെ ശൈലിയിലും എന്റെ ശൈലിയിലും സാമ്യങ്ങളുണ്ടെന്ന് ഞാൻ കരുതുന്നു, ഞങ്ങൾ രണ്ടുപേരും വളരെ റിലാക്സ്ഡായവരാണ്, ”ഡു പ്ലെസിസ് പറഞ്ഞു.
ദക്ഷിണാഫ്രിക്കയിൽ താൻ കണ്ടറിഞ്ഞ ക്യാപ്റ്റസിയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ധോണിയുടേതെന്നും ദക്ഷിണാഫ്രിക്കൻ താരം പറഞ്ഞു.
ഏഴ് കോടി രൂപയ്ക്കാണ് ബാംഗ്ലൂർ ഡുപ്ലെസിസിനെ സ്വന്തമാക്കിയത്. ചെന്നൈ സൂപ്പർ കിങ്‌സും ഡൽഹി ക്യപിറ്റൽസും ശക്തമായി ലേലം വിളിച്ചെങ്കിലും ആർസിബി സ്വന്തമാക്കുകയായിരുന്നു. ബാംഗ്ലൂരിൽ എത്തുമ്പോൾ ഒരു കിരീടം പോലും ഉയർത്താൻ കഴിയാത്ത ആർസിബിക്ക് അത് നേടികൊടുക്കുക എന്ന ലക്‌ഷ്യം കൂടി താരത്തിന് മുന്നിലുണ്ട്.
ഒരു ഐപിഎൽ ടീമിനെ നയിക്കുന്നതിന്റെ സമ്മർദ്ദം താൻ മനസ്സിലാക്കുന്നുണ്ടെന്നും തന്റേതായ ശൈലി പിന്തുടരാൻ താൻ ശ്രമിക്കുമെന്നും ഡു പ്ലെസിസ് പറഞ്ഞു.
“സമ്മർദ്ദം ഉണ്ടായിരിക്കുമ്പോൾ പോലും വേണ്ട കാര്യമാണിത്. കാരണം, അന്നേരം എനിക്ക് വിരാട് കോഹ്‌ലിയാകാൻ ശ്രമിക്കാനാവില്ല, കാരണം ഞാൻ വിരാട് കോലിയല്ല. എംഎസ് ധോണിയാകാൻ എനിക്ക് ശ്രമിക്കാനാവില്ല, ” സ്വന്തം ശൈലി തന്നെ ആവശ്യമായി വരുമെന്ന്അദ്ദേഹം പറഞ്ഞു. “എന്നാൽ എന്റെ നേതൃത്വ ശൈലി വളർത്താനും പക്വത നേടാനും എന്നെ പലതും സഹായിച്ചു. അതിനാൽ, ആ യാത്രയ്ക്ക് ഞാൻ നന്ദിയുള്ളവനാണ്, ”പുതിയ ആർസിബി നായകൻ പറഞ്ഞു.
“എംഎസ് (ധോണി) ഒരു മികച്ച ക്യാപ്റ്റനാണ്, ഒരുപക്ഷേ ലോകത്തിലെ മറ്റേതൊരു ക്യാപ്റ്റനെക്കാളും ഏറ്റവും കൂടുതൽ വിജയം നേടിയിട്ട ക്യാപ്റ്റൻ. ആ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞത് ഒരു ഭാഗ്യമാണ്,” അദ്ദേഹം പറഞ്ഞു.
മാർച്ച് 27ന് മുംബൈയിൽ പഞ്ചാബ് കിങ്‌സിനെതിരെയാണ് ആർസിബിയുടെ ആദ്യ മത്സരം.
Also Read: ‘ചെകുത്താന്‍’ മോഡില്‍ റൊണാള്‍ഡൊ; ഹാട്രിക്കും ലോക റെക്കോര്‍ഡും