കളിക്കളത്തിൽ വാശിയോടെ ടീമിനെ നയിക്കുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി വീട്ടിൽ എങ്ങനെയായിരിക്കും ? വീട്ടിലുള്ള സമയങ്ങളിൽ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശർമയ്‌ക്കൊപ്പം ഏറ്റവും കൂളായി സമയം ചെലവഴിക്കുന്ന വ്യക്തിയാണ് കോഹ്‌ലിയെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ താരം ശരൺദീപ് സിങ് പറയുന്നു. സ്‌പോർട്‌സ്‌കീഡയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് ശരൺദീപ് സിങ് ഇക്കാര്യം പറഞ്ഞത്.

“ക്രിക്കറ്റ് ഫീൽഡിൽ ഉള്ള പോലെയല്ല കോഹ്‌ലി വീട്ടിലും മറ്റ് സ്ഥലങ്ങളിലുമെന്ന് ശരൺദീപ് പറഞ്ഞു. ” കോഹ്‌ലിയുടെയും അനുഷ്‌കയുടെയും മുംബൈയിലെ വീട്ടിൽ ജോലിക്കാരില്ല. ഭക്ഷണം പാചകം ചെയ്യുന്നതും അതിഥികൾക്ക് ഭക്ഷണം വിളമ്പുന്നതും കോഹ്‌ലിയും അനുഷ്‌കയും ചേർന്നാണ്. അതിഥികൾക്ക് വേണ്ടതെല്ലാം ചോദിച്ചറിഞ്ഞ് അവർ നൽകും. വളരെ കൂളായ മനുഷ്യനാണ് കോഹ്‌ലി. വീട്ടിൽ ചെന്നാൽ അദ്ദേഹം നമുക്കൊപ്പം ഇരിക്കും, കുറേ സംസാരിക്കും, നമ്മളെയും കൊണ്ട് പുറത്തുപോകും,” സരൺദീപ് സിങ് പറഞ്ഞു.

അതേസമയം, തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ആസ്വദിക്കുകയാണ് താരദമ്പതികളായ കോഹ്‌ലിയും അനുഷ്‌കയും. ജനുവരി പതിനൊന്നിനാണ് ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു മാലാഖക്കുഞ്ഞ് എത്തിയത്. ‘വാമിക’ എന്നാണ് അനുഷ്കയും വിരാടും മകൾക്ക് നൽകിയിരിക്കുന്ന പേര്.

Read Also: മകളുടെ പേര് വെളിപ്പെടുത്തി അനുഷ്കയും വിരാടും

“സ്നേഹത്തോടെയും നന്ദിയോടെയും ഒന്നിച്ചു ജീവിച്ചുവെങ്കിലും കുഞ്ഞ് വാമിക ഞങ്ങളെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയിരിക്കുന്നു. കണ്ണുനീർ, ചിരി, വിഷമം, ആനന്ദം- മിനിറ്റുകൾക്കുള്ളിൽ പലവിധ വികാരങ്ങളാണ് അനുഭവിക്കുന്നത്. ഉറക്കം കുറവാണെങ്കിലും ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി,” മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അനുഷ്ക കുറിച്ചു.

“ഞങ്ങൾക്കൊരു പെൺകുഞ്ഞ് പിറന്ന കാര്യം ഏറെ ആവേശത്തോടെയാണ് നിങ്ങളെ അറിയിക്കുന്നത്. എല്ലാവരുടെയും സ്നേഹത്തിനും ആശംസകൾക്കും പ്രാർത്ഥനയ്ക്കും നന്ദി. അനുഷ്കയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നു. ഞങ്ങളുടെ സ്വകാര്യതയെ നിങ്ങൾ മാനിക്കുമെന്ന് കരുതുന്നു, സ്നേഹത്തോടെ വിരാട്,” എന്നാണ് മകൾ ജനിച്ച സന്തോഷം പങ്കുവച്ചുകൊണ്ട് കോഹ്‌ലി ട്വീറ്റ് ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook