ഇന്ത്യ വേദിയായ അണ്ടര്‍ 17 ലോകകപ്പ് സംഘാടനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഫിഫ. കളിക്കാര്‍ക്കും ആരാധകര്‍ക്കും മോശം അനുഭവമാണ് ലോകകപ്പ് സമ്മാനിച്ചതെന്ന് ഫിഫ ടൂര്‍ണമെന്‍റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി കുറ്റപ്പെടുത്തി. ഡൽഹിയിൽ അന്താരാഷ്ട്ര ഫുട്ബോൾ ബിസിനസ് കൺവെൻഷനിൽ സംസാരിക്കുമ്പോഴായിരുന്നു സെപ്പിയുടെ തുറന്ന് പറച്ചിൽ.

വിഐപികള്‍ക്ക് എല്ലാ സൗകര്യവും ഒരുക്കിയ സംഘാടകര്‍ ആരാധകരെയും താരങ്ങളെയും അവഗണിച്ചുവെന്ന് ഹാവിയർ സെപ്പി പറഞ്ഞു. ഡ്രെസ്സിങ് റൂമിൽ പലപ്പോഴും എലിയുടെ ശല്യം ഉണ്ടായിരുന്നതായി കളിക്കാര്‍ പരാതിപ്പെട്ടെന്നും സെപ്പി പറഞ്ഞു . ആരാധകരെ സംബന്ധിച്ച് തികഞ്ഞ പരാജയമായിരുന്നു ഈ ലോകകപ്പെന്നും നിലവാരമുള്ള ഇരിപ്പിടങ്ങൾപ്പോലും ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ ഇത്തരത്തിലൊരു വലിയ ടൂർണ്ണമെന്റ് ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് അണ്ടർ 17 ലോകകപ്പിന്റെ സംഘാടനം മികച്ചതായിരുന്നുവെന്ന് അവർ കരുതുന്നതെന്നും സെപ്പി പറഞ്ഞു. ഒക്ടോബറില്‍ കൊച്ചി അടക്കം 6 വേദികളിലായാണ് ലോകകപ്പ് നടന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ