ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി. തന്റെ വിരമിക്കലിന് ഒരു തീയതിയോ സമയമോ മെസ്സി പറഞ്ഞില്ല. എന്നാല്‍ കളിയില്‍ ഇനി നേടാനായി ഒന്നും അവശേഷിക്കുന്നില്ല എന്ന മെസ്സിയുടെ വാക്കുകളാണ് താരത്തിന്റെ വിരമിക്കല്‍ റിപോര്‍ട്ടുകളുടെ അടിസ്ഥാനം.
ഒന്നിലധികം ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് ജേതാവായ മെസ്സി യുവേഫ ചാമ്പ്യന്‍സ് ലീഗും ആഭ്യന്തര ലീഗ് കിരീടങ്ങളും നേടിയിട്ടുണ്ട്. താരത്തിന്റെ ബക്കറ്റ് ലിസ്റ്റില്‍ ഇല്ലാതിരുന്ന ലോകകപ്പും താരം സ്വന്തമാക്കി കഴിഞ്ഞു. ദേശീയ ടീമിനൊപ്പം നേടേണ്ടതെല്ലാം താന്‍ നേടിയെന്നും എന്റെ കരിയര്‍ അവസാനത്തിലാണെന്നും ഒരു സൈക്കിള്‍ അവസാനിപ്പിക്കുകയാണെന്നും മെസ്സി പറഞ്ഞു.
‘ഞാന്‍ എപ്പോഴും സ്വപ്നം കണ്ട ദേശീയ ടീമില്‍ എല്ലാം നേടി. എന്റെ കരിയറിലെ എല്ലാം എനിക്ക് വ്യക്തിപരമായി ലഭിച്ചു. ഇത് എന്റെ കരിയര്‍ അദ്വിതീയമായി അവസാനിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു. ഞാന്‍ തുടങ്ങിയപ്പോള്‍ ഇതെല്ലാം എനിക്ക് ലഭിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല, ഈ നിമിഷത്തിലെത്തുന്നതാണ് ഏറ്റവും മികച്ച കാര്യം. എനിക്ക് പരാതികളൊന്നുമില്ല, എനിക്ക് കൂടുതല്‍ ചോദിക്കാന്‍ കഴിയില്ല. ഞങ്ങള്‍ കോപ്പ അമേരിക്കയും ലോകകപ്പും നേടി; ഇനി ഒന്നും അവശേഷിക്കുന്നില്ല, ”അര്‍ബാനപ്ലേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മെസ്സി പറഞ്ഞു.