ധർമ്മശാല: ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ മത്സരം നാളെയാണ്. ടി20 ടീമിലേക്ക് മുൻ നായകൻ എം.എസ്.ധോണി മടങ്ങിയെത്തുമെന്ന പ്രതീക്ഷ ആരാധകർക്കും ക്രിക്കറ്റ് പ്രേമികൾക്കും ഉണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല. എന്നാൽ ആദ്യ ടി20 മത്സരത്തിന് മുന്നോടിയായി മുൻ നായകനെ കുറിച്ച് വാചലനായിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ഇന്ത്യൻ ക്രിക്കറ്റിനെക്കുറിച്ച് എപ്പോഴും ചിന്തിക്കുന്ന വ്യക്തിയാണ് ധോണിയെന്ന് പറഞ്ഞ കോഹ്‌ലി, അനുഭവ സമ്പത്തിന് പകരം വെക്കാൻ മറ്റൊന്നുമില്ലെന്നും കൂട്ടിച്ചേർത്തു.

“പരിചയസമ്പത്ത് എപ്പോഴും ഒരു വിഷയമാണ് അത് നിങ്ങൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. പല ക്രിക്കറ്റ് താരങ്ങളും പ്രായം ഒരു സംഖ്യ മാത്രമാണെന്ന് തെളിയിച്ചിട്ടുണ്ട്. ധോണി പോലും തന്റെ കരിയറിൽ അത് പല പ്രാവശ്യം തെളിയിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിനെ കുറിച്ച് എപ്പോഴും ചിന്തിക്കുന്ന വ്യക്തിയാണ് ധോണി. എപ്പോൾ വിരമിക്കണം എന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. അതിൽ മറ്റാരും അഭിപ്രായം പറയുന്നത് ശരിയല്ല.” വിരാട് കോഹ്‌ലി പറഞ്ഞു.

Also Read: അച്ഛന്റെ ഓർമകളിൽ വികാരാധീനനായ വിരാട് കോഹ്‌ലിയെ ആശ്വസിപ്പിച്ച് അനുഷ്ക ശർമ്മ

കഴിഞ്ഞ ദിവസം ധോണിയുടെ ഒരു ചിത്രം കോഹ്‌ലി സമൂമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. എം.എസ്.ധോണി തന്നെ ഒരു ഫിറ്റ്നസ് ടെസ്റ്റിലേത് പോലെ ഇട്ട് ഓടിച്ച മത്സരത്തിന്റെ ഓർമകൾ പങ്കുവച്ചുകൊണ്ടാണ് ഇന്ത്യൻ നായകൻ ചിത്രം പങ്കുവച്ചത്.

Also Read: ‘ഈ മനുഷ്യൻ എന്നെ ഓടിച്ച ആ രാത്രി’; ധോണിയെക്കുറിച്ച് കോഹ്‌ലി

ഇതിനെകുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് കോഹ്‌ലിയുടെ മറുപടി ഇങ്ങനെ.” ഒന്നും മനസിൽ ചിന്തിച്ചുകൊണ്ടല്ല, വീട്ടിൽ ചുമ്മ ഇരുന്നപ്പോൾ അപലോഡ് ചെയ്തതാണ് ആ ഫോട്ടോ. അത് വാർത്തയായി. ഇതിൽ നിന്ന് ഞാനൊരു പാഠം പഠിച്ചു. ഞാൻ എന്നെക്കുറിച്ച് എന്ത് വിചാരിക്കുന്നു എന്നത് ലോകം അതേ രീതിയിൽ കാണുന്നില്ല.”

Also Read: ധോണിയുടെ വിരമിക്കല്‍ വാര്‍ത്തയെ കുറിച്ച് സാക്ഷിക്കും പറയാനുണ്ട്

എം.എസ്.ധോണിയുടെ വിരമിക്കൽ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ.പ്രസാദ് രംഗത്തെത്തി. ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് എം.എസ്.കെ.പ്രസാദ് പറഞ്ഞു. ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് വാർത്തകളൊന്നും ഇല്ലെന്നും ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും എം.എസ്.കെ.പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച ശേഷമാണ് എം.എസ്.കെ.പ്രസാദ് ഇക്കാര്യം പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook