കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ആദ്യ രാജ്യാന്തര മത്സരത്തിന് ഒരുങ്ങുകയാണ്. ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിലാണ് ഇന്ത്യൻ കോവിഡ്ക്കാലത്തെ ആദ്യ രാജ്യാന്തര മത്സരം കളിക്കുന്നത്. ഓസ്ട്രേലിയയിലേക്ക് നീലപ്പടയെത്തുമ്പോൾ പ്രധാന ശ്രദ്ധകേന്ദ്രം ഇത്തവണയും നായകൻ വിരാട് കോഹ്ലിയാണ്. കങ്കാരുപ്പടയ്ക്കെതിരെ എപ്പോഴും മിന്നും പ്രകടനം പുറത്തെടുത്തെടുക്കുന്ന താരം തന്നെയാണ് അവരുടെ പ്രധാന വെല്ലുവിളിയിൽ. അതിനിടയിലാണ് കോഹ്ലിയുടെ ഇരട്ട മുഖത്തെക്കുറിച്ച് ഓസിസ് താരം ആദം സാമ്പ മനസ് തുറന്നിരിക്കുന്നത്.
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിച്ചപ്പോഴുണ്ടായ തന്റെ അനുഭവമാണ് താരം പങ്കുവച്ചത്. കെയ്ൻ റിച്ചാർഡന്റെ പകരക്കാരനായി ടീമിലെത്തിയ ഓസിസ് താരം പല നിർണായക മത്സരങ്ങളിലും കോഹ്ലിയുടെ വിശ്വസ്തനായിരുന്നു. കളിക്കളത്തിൽ ഭയപ്പെടുത്തുന്ന എതിരാളിയും മികച്ച ബാറ്റ്സ്മാനുമായ കോഹ്ലി എന്നാൽ കളിക്കളത്തിന് പുറത്ത് തികച്ചും വ്യത്യസ്തനാണെന്ന് സാമ്പ പറയുന്നു.
“കളിക്കളത്തിന് പുറത്ത് അദ്ദേഹം വ്യത്യസ്തനായ വ്യക്തിയാണ്. അദ്ദേഹത്തിന്റെ അക്രമണോത്സുകതയും മത്സരസ്വഭാവവും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ പുറത്ത് അദ്ദേഹം ശാന്തനായ ഒരു വ്യക്തിയാണ്. അദ്ദേഹത്തിൻറെ രണ്ട് വ്യത്യസ്ത പതിപ്പുകളുണ്ട്, ” ആദം സാമ്പ പറഞ്ഞു.
അതേസമയം ഓസിസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ മാത്രമേ കോഹ്ലി ഉണ്ടാകൂ. അതിനുശേഷമുള്ള മൂന്ന് ടെസ്റ്റുകളിലും കോഹ്ലി കളിക്കില്ല. ആദ്യ ടെസ്റ്റിനു ശേഷം കോഹ്ലി നാട്ടിലേക്ക് മടങ്ങും. കോഹ്ലിക്ക് പറ്റേർണിറ്റി ലീവ് അനുവദിച്ചു. കോഹ്ലിയും ഭാര്യ അനുഷ്കയും തങ്ങളുടെ ആദ്യത്തെ കൺമണിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.