ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ബ്രയാന്‍ ലാറ എന്ന് നിസ്സംശയം പറയാം. ലാറയുടെ 400 റണ്‍സിന്റെ ഇന്നിങ്സ് ഇന്നലെയന്നെ പോലെ ക്രിക്കറ്റ് പ്രേമികള്‍ ഓര്‍മ്മിക്കുന്നുണ്ട്. ലാറയെ പുറത്താക്കുക പലപ്പോഴും ബോളര്‍മാരെ വെള്ളം കുടിപ്പിച്ച പണിയായിരുന്നു. ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ലാറ ഇന്നും എല്ലാവരുടേയും മനസില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണെന്ന് നിസ്സംശയം പറയാം.

വിന്‍ഡീസ് ഇതിഹാസത്തെ ഒരു വനിത പുറത്താക്കിയിട്ടുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ആ കാഴ്‌ച ഇപ്പോഴിതാ ക്രിക്കറ്റ് ലോകത്ത് വീണ്ടും ചര്‍ച്ചയാവുകയാണ്. 1994 ല്‍ ആയിരുന്നു സംഭവം. സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍ ഇലവനും വേള്‍ഡ് ഇലവനും തമ്മിലുള്ള പ്രദര്‍ശന മൽസരത്തിലായിരുന്നു ലാറയെ വനിതാ താരം പുറത്താക്കിയത്. സോഷ്യല്‍ മീഡിയയില്‍ ആരോ വീഡിയോ വീണ്ടും കുത്തിപ്പൊക്കുകയായിരുന്നു.

ഓസ്‌ട്രേലിയയുടെ ഇതിഹാസ വനിതാ താരമായ സോയി ഗോസ് ആണ് ലാറയുടെ വിക്കറ്റെടുത്തത്. ക്രിക്കറ്റിന് പുറമെ മറ്റ് കായിക രംഗങ്ങളിലേയും താരങ്ങള്‍ ആ മൽസരത്തില്‍ കളിച്ചിരുന്നു. സിനിമാ താരങ്ങളും കളിയില്‍ പങ്കെടുത്തിരുന്നു. ബ്രാഡ്മാന്‍ ഇലവനിലായിരുന്നു സോയി കളിച്ചിരുന്നത്.

ക്രിക്കറ്റ് ലോകത്ത് ലാറ ഉദിച്ചു നില്‍ക്കുന്ന സമയമായിരുന്നു അത്. ബാറ്റ് ചെയ്യാനായി ലാറ ക്രീസിലെത്തിയപ്പോഴേക്കും ടീം വന്‍ സ്‌കോറിലേക്ക് എത്തിയിരുന്നു. സോയി ആകട്ടെ ചില മികച്ച ബോളിങ് പ്രകടനങ്ങള്‍ കാഴ്‌ചവയ്‌ക്കുകയും ചെയ്‌തിരുന്നു. സോയി എറിഞ്ഞ ആദ്യ രണ്ട് പന്തുകളും ലാറ തടഞ്ഞെങ്കിലും മൂന്നാമത്തെ പന്ത് സോയിയുടെ പ്ലാന്‍ പ്രകാരം ലാറയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് കീപ്പര്‍ റിക്‌സണിന്റെ കൈയ്യിലെത്തുകയായിരുന്നു.

മൽസരത്തില്‍ വിജയം വേള്‍ഡ് ഇലവനായിരുന്നു. 13 വര്‍ഷം ഓസ്‌ട്രേലിയക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് സോയി. നാല് ലോകകപ്പും 12 ടെസ്റ്റും 65 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. എന്നാല്‍ സോയി ഇന്നും ഓര്‍മ്മിക്കപ്പെടുന്നത് ലാറയുടെ വിക്കറ്റെടുത്ത വനിതാ താരമെന്ന പേരിലാണ്. ക്രിക്കറ്റ് ലോകത്തെ വനിതാ ക്രിക്കറ്റിനും താരങ്ങള്‍ക്കും എന്തുമാത്രം വിവേചനം നേരിടേണ്ടി വരുന്നുണ്ടെന്നതിന്റേയും ഉത്തമ ഉദാഹരണമാണ് സോയിയുടെ ചരിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ