ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം പുരോഗമിക്കുന്നതിനിടയിൽ ഇന്ത്യൻ ബോളർമാരെ പ്രശംസിച്ച് ഇതിഹാസതാരം അലിസ്റ്റർ കുക്ക്. കുക്കിന്റെ വിടവാങ്ങൽ മത്സരമാണ് ഓവലിലേത്. മുൻ നായകന് വിജയത്തോടെ യാത്രയയപ്പ് നൽകാനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം ഗംഭീരമായിരുന്നു. എന്നാൽ പെട്ടെന്നായിരുന്നു കാര്യങ്ങൾ തകിടംമറിഞ്ഞത്. ഇന്ത്യൻ ബോളർമാർ കളിയുടെ ആധിപത്യം ഏറ്റെടുത്തു. ഇതിനെ പ്രശംസിച്ചുകൊണ്ടാണ് കുക്ക് രംഗത്തെത്തിയത്.
133 റണ്ണിന് ഒരു വിക്കറ്റ് എന്ന ശക്തമായ നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാൽ കുക്ക് പുറത്തായതിന് പിന്നാലെ എത്തിയ ബാറ്റ്സ്‍മാന്മാർ ഓരോരുത്തരായി ഹാജർ വച്ച് മടങ്ങിയതോടെ ഇംഗ്ലണ്ടിന് അടിപതറി. 48 റൺസ് ടീം സ്കോറിൽ കൂട്ടിച്ചേർക്കുന്നതിനിടയിൽ ആറ് ഇംഗ്ലീഷ് ബാറ്റ്സ്‍മാന്മാർ കൂടാരം കയറി. കുക്കിനെയും റൂട്ടിനെയും ഒരേ ഓവറിൽ പുറത്താക്കിയ ബുമ്രയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്.
കുക്കിന്റെ വാക്കുകൾ ഇങ്ങനെ-” അതിശയകരമായ രീതിയിലായിരുന്നു ഇന്ത്യൻ ബോളർമാർ പന്തെറിഞ്ഞത്. അവരുടെ പന്തെറിയൽ മൂർച്ചയേറിയതായതുകൊണ്ട് തന്നെ ഇന്നലെ മുഴുവൻ കട്ട് ഷോട്ടും പുൾ ഷോട്ടും കളിക്കാനെ എനിക്ക് സാധിച്ചുള്ളൂ. പ്രശംസനീയമായ രീതിയിലായിരുന്നു ഇന്ത്യൻ താരങ്ങളുടെ പ്രകടനം”.
മുഹമ്മദ് ഷമിയെ പേരെടുത്ത് പറഞ്ഞ് അഭിനന്ദിക്കാനും കുക്ക് മറന്നില്ല. “മുഹമ്മദ് ഷമിയുടേത് അവിശ്വസനീയമായ സ്പെല്ലായിരുന്നു. ഒരു വശത്ത് ജഡേജയുടെ പന്തുകൾ ഞാൻ നല്ല രീതിയിൽ നേരിടുമ്പോൾ, മുഹമ്മദ് ഷമിയുടെ മുന്നിൽ അനങ്ങാൻ പറ്റാതെ നിൽക്കുകയായിരുന്നു മൊയിൻ അലി”. വിക്കറ്റൊന്നും നേടിയില്ലെങ്കിലും റൺറേറ്റ് നിയന്ത്രിക്കുന്നതിൽ ഷമിയുടെ പങ്ക് നിർണ്ണായകമായിരുന്നു.
ഇംഗ്ലീഷ് പരമ്പരയിൽ മറ്റൊരു റെക്കോർഡിനൊപ്പെമെത്തിയിരിക്കുകയാണ് ഇന്ത്യൻ പേസർമാർ. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ 58 വിക്കറ്റുകളാണ് ഇന്ത്യൻ പേസർമാർ വീഴ്ത്തിയിരിക്കുന്നത്. ഇത് റെക്കോർഡാണ്, ഒരു പരമ്പരയിൽ ഇന്ത്യൻ ഫാസ്റ്റ് ബോളർമാർ വീഴ്ത്തിയ ഏറ്റവും കൂടുതൽ വിക്കറ്റെന്ന റെക്കോർഡിനൊപ്പമെത്താൻ ഇഷാന്ത്, ഷമി, ബുമ്ര, ഹാർദിക്ക് പാണ്ഡ്യ, ഉമേഷ് എന്നിവരടങ്ങുന്ന ഇന്ത്യൻ പേസ് നിരക്ക് സാധിച്ചു.
1979-80 ൽ പാക്കിസ്ഥാനെതിരെ നടന്ന പരമ്പരയിൽ കപിൽ ദേവ്, ബിന്നി, ഗാവ്രി എന്നിവരടങ്ങുന്ന ഇന്ത്യൻ പേസ് നിരയും 58 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഒരു ഇന്നിങ്സും കൂടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ബാക്കിയുള്ളതിനാൽ വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യൻ പേസർമാർക്ക് ഇനിയും അവസരമുണ്ട്. ഇഷാന്ത് ശർമ്മ നയിക്കുന്ന ഇന്ത്യൻ പേസ് നിര ഈ റെക്കോർഡ് തിരുത്തുമെന്ന കാര്യവും ഏകദേശം ഉറപ്പാണ്. ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ പേസർമാർ പിഴുത 58 വിക്കറ്റുകളിൽ 18 എണ്ണം ഇഷാന്ത് ശർമ്മയും, 14 വിക്കറ്റുകൾ മുഹമ്മദ് ഷമിയും, 13 വിക്കറ്റുകൾ ജസ്പ്രീത് ബുംറ, 10 വിക്കറ്റുകൾ ഹാർദിക് പാണ്ഡ്യയും, മൂന്നെണ്ണം ഉമേഷ് യാദവുമാണ് സ്വന്തമാക്കിയത്.