കൊച്ചി: ഒരിക്കല്‍ കൂടി രാജ്യാന്തര ക്രിക്കറ്റ് കേരള മണ്ണില്‍ വിരുന്ന് എത്തുന്നു. അതും കേരള പിറവി ദിനമായ നവംബര്‍ ഒന്നിന്. തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം നടക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിനാണ് തിരുവനന്തപുരം ആതിഥേയത്വം വഹിക്കുന്നത്.

1000, 2000, 3000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. വിദ്യാര്‍ത്ഥികള്‍ക്കായി 500 രൂപയുടെ സ്‌പെഷ്യല്‍ സീറ്റുകളും സജ്ജമാണ്. ടിക്കറ്റുകള്‍ പേടിഎം ആപ്പില്‍ നിന്നും insider.in ആപ്പിലും ലഭ്യമാണ്. ഒരാള്‍ക്ക് വാങ്ങാവുന്ന പരമാവധി ടിക്കറ്റുകള്‍ ആറെണ്ണമാണ്. വിദ്യാര്‍ത്ഥികള്‍ അതത് സ്‌കൂളിന്റെ ഐഡി കാര്‍ഡുപയോഗിച്ചാണ് ടിക്കറ്റെടുക്കേണ്ടത്. വിശദമായ വിവരങ്ങള്‍ കെസിഎയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.


ടിക്കറ്റ് ലോഞ്ച് മന്ത്രി ഇപി ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്നു

സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഗ്രൂപ്പിന് തന്നെയാണ് ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പാരമ്പരയുടെയും സംപ്രേക്ഷണ അവകാശം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 എച്ച് ഡി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഹിന്ദി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഹിന്ദി എച്ച്ഡി എന്നീ ചാനലുകള്‍ക്ക് പുറമെ സ്റ്റാര്‍ സ്‌പോര്‍ട്‌സ് തമിഴിലും കളിയുടെ തത്സമയ സംപ്രേഷണം ഉണ്ടാകും.

ഇതിന് മുമ്പ് ഒരിക്കല്‍ മാത്രമാണ് തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം രാജ്യാന്തര ക്രിക്കറ്റിന് ആതിഥേയത്വം വഹിച്ചിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷം നവംബറില്‍ ന്യൂസിലന്‍ഡിനെതിരായ ടി 20 മത്സരമാണ് ഇവിടെ നടന്നത്. അന്ന് മഴമൂലം 8 ഓവറായി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ 6 റണ്ണിന് ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്ത് വാരിയ ശേഷമാണ് ഇന്ത്യ ഏകദിന പരമ്പരക്ക് ഒരുങ്ങുന്നത്. രാജ്‌കോട്ടില്‍ ഇന്നിങ്‌സിനും 272 റണ്‍സിനും ജയിച്ച ഇന്ത്യ ഹൈദരാബാദില്‍ 10 വിക്കറ്റ് വിജയം ആഘോഷിക്കുകയും ചെയ്തു. ഒക്ടോബര്‍ 21 ന് ഗുവാഹത്തിയിലാണ് ആദ്യ ഏകദിനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook