ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി ആദ്യ വെള്ളി മെഡൽ നേടിയിരിക്കുകയാണ് നീരജ് ചോപ്ര. ഞായറാഴ്ച്ച നടന്ന പുരുഷന്മാരുടെ ജാവലിൻ ത്രോ മത്സരത്തിലാണ് നീരജിന്റെ മെഡൽ നേട്ടം. 2003-ൽ പാരീസിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ലോങ്ങ് ജമ്പിൽ അഞ്ജു ബോബി ജോർജ്ജ് വെങ്കലം നേടിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം മെഡൽ നേടുന്നത്.
മെഡൽ പ്രതീക്ഷയുമായി മത്സരത്തിനിറങ്ങിയ 24 കാരനായ നീരജ്, 88.13 മീറ്റർ എറിഞ്ഞാണ് മെഡൽ ഉറപ്പിച്ചത്.
ആദ്യം ഫൗൾ ത്രോയിൽ തുടങ്ങിയ നീരജ്, പിന്നീട് 82.39 മീറ്ററും 86.37 മീറ്ററും എറിഞ്ഞ ശേഷം നാലാം ശ്രമത്തിലാണ് 88.13 മീറ്റർ എറിഞ്ഞത്, തന്റെ കരിയറിലെ ഏറ്റവും മികച്ച നാലാമത്തെ പ്രകടനത്തോടെയാണ് നീരജ് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. നീരജിന്റെ അഞ്ചാമത്തെയും ആറാമത്തെയും ത്രോകൾ ഫൗളുകളായിരുന്നു.
നാലാമത്തെ ശ്രമത്തിന് ശേഷമുള്ള നീരജിന്റെ അലർച്ച ഇന്ത്യൻ കായിക പ്രേമികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.
നിലവിലെ ചാമ്പ്യൻ ഗ്രനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ് 90.54 മീറ്റർ എറിഞ്ഞ് സ്വർണം നേടിയപ്പോൾ ഒളിമ്പിക്‌സ് വെള്ളി ജേതാവ് ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാഡ്‌ലെജ് 88.09 മീറ്ററുമായി വെങ്കലം നേടി.
നേരത്തെ യോഗ്യതാ റൗണ്ടിൽ 88.39 മീറ്റർ എറിഞ്ഞു രണ്ടാം സ്ഥാനക്കാരനായാണ് നീരജ് ചോപ്ര ഫൈനലിന് യോഗ്യത നേടിയത്. അതേസമയം ഫൈനലില്‍ മത്സരിച്ച ഇന്ത്യയുടെ മറ്റൊരു താരം രോഹിത് യാദവിന് 10-ാം സ്ഥാനത്തേ ഫിനിഷ് ചെയ്യാൻ കഴിഞ്ഞുള്ളു.
മെഡൽ നേട്ടത്തിൽ നീരജ് ചോപ്രയെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു. ഇന്ത്യന്‍ കായിക ചരിത്രത്തിലെ സവിശേഷ നിമിഷമെന്ന് ഒറിഗോണ്‍ മീറ്റിലെ നീരജിന്റെ നേട്ടത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. നീരജ് ചോപ്ര ഇന്ത്യയുടെ എക്കാലത്തെയും മികച്ച കായികതാരങ്ങളില്‍ ഒരാളാണ്, വരും ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് ചോപ്രയ്‌ക്ക് എല്ലാവിധ ആശംസകള്‍ നേരുന്നതായും മോദി ട്വീറ്ററിൽ കുറിച്ചു.