മുംബൈ: പോയ വര്‍ഷത്തെ മോശം പ്രകടനത്തില്‍ നിന്നും ശക്തമായാണ് ഈ വര്‍ഷം തുടക്കത്തില്‍ തന്നെ ധോണി തിരികെ വന്നത്. തന്റെ ഫിനിഷര്‍ റോളിലേക്ക് പൂര്‍ണമായും മടങ്ങാന്‍ സാധിച്ചില്ലെങ്കിലും അഞ്ചാമാനായും നാലാമനായും മികച്ച പ്രകടനമാണ് കഴിഞ്ഞ രണ്ട് പരമ്പരകളിലും ധോണി കാഴ്ചവെച്ചത്.
ഒരു വര്‍ഷം മൊത്തം ഫോമില്ലാതെ കളിച്ച ധോണിയുടെ തിരിച്ചു വരവ് രാജകീയമായിട്ടായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ തുടരെ തുടരെ മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടിയ ധോണി ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പ്ലെയര്‍ ഓഫ് ദ സീരിസുമായി മാറി. ഇതുവരെ ആറ് ഏകദിനം കളിച്ച ധോണി 242 റണ്‍സെടുത്തിട്ടുണ്ട്. ധോണിയുടെ ഈ ആവേശകരമായ തിരിച്ചു വരവിന്റെ രഹസ്യം അദ്ദേഹം ബാറ്റില്‍ വരുത്തിയ മാറ്റമാണ്.
നേരത്തെ ഉപയോഗിച്ചിരുന്ന ബാറ്റില്‍ നിന്നും വ്യത്യസ്തമായി അടിവശം റൗണ്ട് ആകൃതിയിലുള്ള ബാറ്റാണ് ഇപ്പോള്‍ ധോണി ഉപയോഗിക്കുന്നത്. തന്റെ കരുത്തുള്ള ഏരിയകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്താനും ബൗളര്‍മാര്‍ സ്ഥിരം തനിക്കെതിരെ പ്രയോഗിക്കുന്ന തന്ത്രത്തില്‍ നിന്നും രക്ഷപ്പെടാനുമായിട്ടാണ് ധോണി ഈ മാറ്റം വരുത്തിയത്. സ്പാര്‍ട്ടന്റെ ബാറ്റാണ് ധോണി ഉപയോഗിക്കുന്നത്. നേരത്തെ ഏഷ്യ കപ്പില്‍ കളിക്കുമ്പോള്‍ തന്നെ പുതിയ ബാറ്റു കൊണ്ട് കളിക്കാന്‍ തുടങ്ങിയിരുന്നുവെങ്കിലും ഓസ്‌ട്രേലിയന്‍ പരമ്പരയോടെയാണ് അത് ഫലം കണ്ടു തുടങ്ങിയത്.
അടിവശത്ത് കൂടുതല്‍ കട്ടിയുള്ളതാണ് പുതിയ ബാറ്റ്. ഇതോടെ ഷോട്ടുകള്‍ക്ക് കൂടുതല്‍ പവര്‍ ലഭിക്കും. ധോണിയുടെ ബാറ്റിന് 1150 ഗ്രാം ഭാരമുണ്ടെന്ന് പ്രമുഖ ബാറ്റ് നിര്‍മ്മതാക്കളായ ബാസ് പറയുന്നു. അതേസമയം, ഓരോ രാജ്യത്ത് കളിക്കുമ്പോഴും ഉപയോഗിക്കുന്ന ബാറ്റിലും മാറ്റം വരുമെന്നും അവര്‍ പറയുന്നു. ഇന്ത്യയില്‍ സ്പിന്നിന് അനുകൂലമായ പിച്ചുകളായതിനാല്‍ ബാറ്റിന് ഭാരമുണ്ടാകും. എന്നാല്‍ പേസിനെ അനുകൂലിക്കുന്ന ഓസ്‌ട്രേലിയ പോലുള്ളിടങ്ങളില്‍ കുറച്ചു കൂടി ലൈറ്റ് ആയ ബാറ്റായിരിക്കും ഉപയോഗിക്കുക.