ഒരു പതിറ്റാണ്ടിലേറെയായി ഫുട്ബോൾ ചരിത്ര താളുകൾ മാറ്റിയെഴുതുന്നത് ശീലമാക്കിയ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പുതുവർഷമായ 2020 ലും പുതിയ റെക്കോർഡുകൾ സ്വന്തം പേരിൽ കുറിക്കാനൊരുങ്ങുകയാണ് ഈ പോർച്ചുഗീസ് താരം. മുപ്പത്തിനാലുകാരനായ മുന്നേറ്റതാരം ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിനെ തങ്ങളുടെ മൂന്നാം ചാംപ്യൻസ് ലീഗ് കിരീടത്തിലേക്കും തുടർച്ചയായ ഒമ്പതാമത്തെ സീരി എ നേട്ടത്തിലേക്കും ഓൾഡ് ലേഡിയെ റൊണാൾഡോ നയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ആഭ്യന്തര തലത്തിൽ മാത്രമല്ല രാജ്യാന്തര തലത്തിൽ പോർച്ചുഗലിനായും താരത്തിനെ റെക്കോർഡുകൾ കാത്തിരിക്കുന്നു. മുൻ റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അടുത്ത 12 മാസത്തിനുള്ളിൽ തകർക്കാനാവുന്ന നേട്ടങ്ങൾ ഇതാ.

കൂടുതൽ യൂറോപ്യൻ കിരീടങ്ങൾ

2018 ലെ ഫൈനലിൽ റയൽ മാഡ്രിഡ് ലിവർപൂളിനെ കീഴടക്കിയപ്പോൾ റൊണാൾഡോ തന്റെ അഞ്ചാം ചാംപ്യൻസ് ലീഗ് കിരീട നേട്ടത്തിലേക്കാണ് ചുവടുവച്ചത്. 2020 ൽ ​യുവന്റസിനൊപ്പം കിരീടം നേടാനായാൽ ഏറ്റവും കൂടുതൽ യൂറോപ്യൻ കപ്പ് നേട്ടമെന്ന റെക്കോർഡിൽ ഫ്രാൻസിസ്കോ ജെന്റോയ്ക്കൊപ്പം പോർച്ചുഗീസ് താരത്തിന് ഇടംപിടിക്കാം. 1956 നും 1966 നും ഇടയിൽ ആറ് കിരീടങ്ങൾ നേടി  ജെന്റോ ഈ നേട്ടം സ്വന്തം പേരിലാക്കുകയായിരുന്നു.

Read Also: പുതുവർഷത്തിലും വിജയക്കുതിപ്പ് തുടർന്ന് ലിവർപൂൾ; പോയിന്റ് പട്ടികയിൽ ബഹുദൂരം മുന്നിൽ

യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ടോപ്പ് സ്‌കോറർ

യൂറോ കപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡാണ് രാജ്യാന്തര തലത്തിൽ​ പോർച്ചുഗീസ് നായകനെ കാത്തിരിക്കുന്നത്. യൂറോ കപ്പിന്റെ നാല് പതിപ്പുകളിൽ നിന്നായി 9 ഗോളുകളാണ് റൊണാൾഡോയുടെ പേരിലുള്ളത്. ഇത് ഫ്രാൻസിന്രെ മിഷേൽ പ്ലാറ്റിനിയുടെ റെക്കോർഡിനൊപ്പമാണ്. വരാനിരിക്കുന്ന യൂറോ കപ്പിൽ ഒരു ഗോൾ നേടാനായാൽ എക്കാലത്തെയും മികച്ച യൂറോ ടോപ്പ് സ്കോററായി അദ്ദേഹം മാറും.

ചാംപ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഹാട്രിക്ക്

ഫുട്ബോൾ മൈതാനത്തെ റൊണാൾഡോയുടെ ചിരവൈരിയാണ് അർജന്റീനിയൻ​ താരമായ ലയണൽ മെസി. ചാംപ്യൻസ് ലീഗിലെ ഹാട്രിക്ക് നേട്ടത്തിലും ഇരുവരും ഒപ്പത്തിനൊപ്പമാണ്. എട്ട് ഹാട്രിക്കുകളാണ് രണ്ട് താരങ്ങളുടെയും പേരിലുള്ളത്. ഇത്തവണ മെസിയെ മറികടന്ന് ഈ നേട്ടം സ്വന്തം അക്കൗണ്ടില്‍ ചേർക്കാനാകും.

യൂറോപ്പിലെ മൂന്ന് ലീഗുകളിലെ ടോപ്പ് സ്കോറർ

യൂറോപ്പിലെ ഏറ്റവും വാശിയേറിയതും കടുപ്പമേറിയതുമായ മൂന്ന് ലീഗുകളാണ് ഇംഗ്ലണ്ട്, സ്‌പെയിൻ, ഇറ്റലി എന്നിവിടങ്ങളിലുള്ളത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ലാലിഗ തുടങ്ങിയവയിൽ ടോപ്പ് സ്കോറർ പദവി നേരത്തെ സ്വന്തമാക്കിയ താരം ഇറ്റാലിയൻ​ ലീഗിലും ഈ നേട്ടത്തിലേക്ക് കുതിക്കുകയാണ്.

ഇത്തവണ സിരീ എയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടാനായാൽ മൂന്ന് ലീഗിലും ടോപ്പ് സ്കോറർ പദവി എന്ന നേട്ടം സ്വന്തമാക്കുന്ന ആദ്യതാരമെന്ന ബഹുമതിയും മുൻ ലോക ഫുട്ബോളറിന്റെ പേരിൽ കുറിക്കപ്പെടും. നിലവിൽ 10 ഗോളുകളുമായി ലീഗിൽ മൂന്നാം സ്ഥാനത്താണ് താരം.

രാജ്യാന്തര മത്സരങ്ങളിലെ ടോപ്പ് സ്കോറർ

രാജ്യാന്തര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് പോർച്ചുഗീസ് താരം. ഇറാനു വേണ്ടി 109 ഗോളുകൾ നേടിയ അലി ഡെയ്യുടെ പേരിലാണ് ഈ റെക്കോർഡ് നിലവിലുള്ളത്. ഇതുവരെ 99 ഗോളുകൾ സ്വന്തം പേരിലുള്ള റൊണാൾഡോയ്ക്ക് 2020 ൽ ഈ നേട്ടവും സ്വന്തമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook