ഡര്‍ബന്‍: ഓസ്‌ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം വന്‍ വിവാദമായിരിക്കുകയാണ്. ഓസീസ് വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കും തമ്മിലുള്ള കയ്യാങ്കളിയാണ് വിവാദമായിരിക്കുന്നത്. മൽസരശേഷം ഡ്രസിങ് റൂമിലേക്ക് പോകുന്ന വഴിയായിരുന്നു ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയത്.

ഇപ്പോഴിതാ വാര്‍ണറും ഡികോക്കും തമ്മില്‍ കോര്‍ത്തതിന് പിന്നിലെ കാരണം പുറത്തു വന്നിരിക്കുകയാണ്. തന്റെ ഭാര്യയെ അസഭ്യം പറഞ്ഞതിനാലാണ് വാര്‍ണര്‍ പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറെ പണിപ്പെട്ടാണ് ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തും ഉസ്മാന്‍ ഖ്വാജയും ടിം പെയിനും വാര്‍ണറെ സംഭവ സ്ഥലത്തു നിന്നും പിടിച്ചു കൊണ്ടു പോയത്.

വാര്‍ണറുടെ ഭാര്യ കാന്‍ഡിസും രണ്ട് കുട്ടികളും അദ്ദേഹത്തോടൊപ്പം ദക്ഷിണാഫ്രിക്കയിലുണ്ട്. കാന്‍ഡിസിനെ കുറിച്ച് ഡികോക്ക് മോശമായ രീതിയില്‍ സംസാരിക്കുകയായിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് വാര്‍ണര്‍ പൊട്ടിത്തെറിച്ചതെന്നും ഓസീസ് മാധ്യമമായ സിഡ്‌നി മോണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കളി കഴിഞ്ഞ് ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. താരങ്ങള്‍ പരസ്പരം എന്താണ് പറഞ്ഞതെന്ന് ഇതുവരേയും വ്യക്തമായിട്ടില്ല. സംഭവത്തെ കുറിച്ച് ഐസിസി അന്വേഷിച്ച് വരികയാണ്. കളിക്കിടെ ദക്ഷിണാഫ്രിക്കന്‍ താരം മര്‍ക്രത്തിനോട് മോശമായി പെരുമാറിയത് വാര്‍ണറെ വിവാദത്തില്‍ ചാടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡികോക്കുമായുള്ള പ്രശ്‌നം.

അതേസമയം, താരത്തിന് പിന്തുണയുമായി ഓസീസ് ഇതിഹാസ താരം ആദം ഗില്‍ക്രിസ്റ്റ് രംഗത്തെത്തിയിട്ടുണ്ട്. വളരെ വ്യക്തിപരമായ എന്തെങ്കിലും വാര്‍ണറോട് പറഞ്ഞിട്ടുണ്ടാകുമെന്നാണ് അദ്ദേഹം ട്വീറ്റില്‍ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ