പൂനെ: ക്രിക്കറ്റില്‍ പന്തിനെ നേരിടേണ്ടത് ബാറ്റുകൊണ്ടാണ്. പക്ഷെ സുരേഷ് റെയ്‌നയിതാ തന്റെ കാലു കൊണ്ട് പന്ത് നേരിടുകയാണ് ഇവിടെ. പുതിയ ഹോം ഗ്രൗണ്ടായ പൂനെയില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഇതിനിടെയായിരുന്നു റെയ്‌നയുടെ രസകരമായ ഫൂട്ട് ഡാന്‍സ്.

രാജസ്ഥാന്‍ താരം ഗോപാല്‍ എറിഞ്ഞ പന്ത് തന്റെ കാലുകള്‍ കൊണ്ട് തടയുകയായിരുന്നു റെയ്‌ന. ചെന്നൈ താരം കാലുകള്‍ കൊണ്ട് പന്ത് തട്ടിക്കളിക്കുന്ന കാഴ്ച്ച ആരാധകരെ ചിരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. 28 പന്തില്‍ നിന്നും 46 റണ്‍സെടുത്ത് നില്‍ക്കെയായിരുന്നു റെയ്‌നയുടെ ഡാന്‍സ്. തൊട്ടടുത്ത പന്തില്‍ തന്നെ റെയ്‌ന പുറത്താവുകയും ചെയ്തു.

അതേസമയം, രാജസ്ഥാനെതിരെ ഷെയ്ന്‍ വാട്‌സണിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തില്‍ ചെന്നൈ കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. 51 പന്തില്‍ നിന്നും സെഞ്ച്വറി നേടിയാണ് വാട്‌സണ്‍ പൂനെയിലേക്കുള്ള ചെന്നൈയുടെ ഗൃഹപ്രവേശം ആഘോഷിച്ചത്. ഒമ്പത് ഫോറും ആറ് സിക്‌സും അടങ്ങുന്നതാണ് വാട്‌സണിന്റെ ഇന്നിംഗ്‌സ്.

നേരിട്ട ആദ്യ പന്തുമുതല്‍ ആക്രമിച്ചു കളിക്കുക എന്ന ശൈലിയാണ് വാട്‌സണ്‍ പിന്തുടര്‍ന്നിരിക്കുന്നത്. അതേസമയം, ഓപ്പണര്‍ അമ്പാട്ടി റായിഡു 12 റണ്‍സെടുത്ത് കൂടാരം കണ്ടപ്പോള്‍ സുരേഷ് റെയ്‌ന 46 റണ്‍സുമായി വാട്‌സണിന് മികച്ച പിന്തുണ നല്‍കി. ഒമ്പത് ഫോറുകള്‍ അടങ്ങുന്നതായിരുന്നു റെയ്‌നയുടെ ഇന്നിംഗ്‌സ്.

അതേസമയം, പരിക്കിന്റെ പിടിയിലുള്ള നായകന്‍ എംഎസ് ധോണി അഞ്ച് റണ്‍സെടുത്തു പുറത്തായി. പിന്നാലെ വന്ന ബില്ലിംഗ്‌സും രണ്ടക്കം കാണാതെ പുറത്തായെങ്കിലും വാട്‌സണ്‍ ഒരറ്റത്ത് നിലയുറപ്പിച്ച് ബാറ്റ് ചെയ്തതോടെ ചെന്നൈ മികച്ച സ്‌കോറിലേക്ക് കുതിക്കുകയായിരുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ വാട്‌സണും ബ്രാവോയുമാണ് ക്രീസില്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook