ഇതുപോലൊരു ജൂലൈ 13 നാണ് 1983 ലെ ലോകകപ്പ് ജയത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ മാറ്റിക്കളഞ്ഞ ആ സംഭവം അരങ്ങേറിയത്. വീട്ടില്‍ വന്ന് ഇന്ത്യയെ തോല്‍പ്പിച്ചിട്ട് പോയ ഇംഗ്ലണ്ടുകാരെ അവരുടെ നാട്ടില്‍ ചെന്ന് സൗരവ്വ് ഗാംഗുലിയും ജയിച്ച ദിവസം. 2002 ലെ നാറ്റ് വെസ്റ്റ് ട്രോഫി. അന്ന് ലോര്‍ഡ്‌സിനെ ബാല്‍ക്കണിയില്‍ നിന്ന് തന്റെ ഷര്‍ട്ടൂരി കറക്കിയ ഗാംഗുലി ഇന്നും ഇന്ത്യന്‍ ക്രിക്കറ്റിലെ ആവേശകരമായ ഓര്‍മ്മയാണ്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മാര്‍ക്കസ് ട്രസ്‌കോത്തിക്കിന്റേയും ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്റേയും സെഞ്ചുറികളുടെ ബലത്തില്‍ നേടിയ 325 റണ്‍സാണ്. ഇന്നത്തെ കാലത്ത് പോലും കൂറ്റന്‍ സ്‌കോറെന്ന് കരുതപ്പെടുന്ന ടോട്ടല്‍. മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ഗാംഗുലിയും സെവാഗും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കി. ഇരുവരും ചേര്‍ന്ന് 106 റണ്‍സ് നേടി. 60 റണ്‍സെടുത്ത് ഗാംഗുലിയും 45 റണ്‍സെടുത്ത് സെവാഗും പുറത്തയാതോടെ കളിയുടെ ഗതി മാറി. ഇന്ത്യ 24 ഓവരില്‍ 146-5 എന്ന നിലയിലേക്ക് പതിച്ചു.

യുവതാരങ്ങള്‍ അണിനിരന്നിരുന്ന ഇന്ത്യന്‍ മധ്യനിരയില്‍ നിന്നും ആരും അത്ഭുതം പ്രതീക്ഷിച്ചിരുന്നില്ല. ഇംഗ്ലണ്ട് ജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ പിന്‍കാലത്തെ ഏറ്റവും ശക്തായ ഫീല്‍ഡിങ് ജോഡികളായി മാറിയ രണ്ട് താരങ്ങളുടെ ദിവസമായി അത് മാറി. യുവരാജ് സിങ്ങും മുഹമ്മദ് കൈഫും. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 121 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 69 റണ്‍സെടുത്ത് യുവരാജ് മടങ്ങിയെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് കൈഫ് ഇന്ത്യയെ മറുകര കടത്തി.

കൈഫും സഹീര്‍ ഖാനും വിജയ റണ്‍ ഓടിയെടുത്തതും ഇരുന്നിടത്തു നിന്നും ചാടിയെഴുന്നേറ്റ ദാദ തന്റെ ജഴ്‌സി ഊരി വായുവില്‍ കറക്കി. നാളുകള്‍ക്ക് മുമ്പ് ഇന്ത്യയില്‍ വന്ന് ജയിച്ചപ്പോള്‍ സമാനമായ രീതിയില്‍ ജഴ്‌സിയൂരി കറക്കിയ ഫ്‌ളിന്റോഫിനുള്ള മറുപടിയായിരുന്നു ദാദയുടെ പ്രതികരണം.

ഇന്ത്യയുടെ ഏക്കാലത്തേയും മികച്ച ഏകദിന വിജയങ്ങളിലൊന്നായിരുന്നു അത്. അന്നത്തെ മത്സരത്തിലെ വിജയ ശില്‍പ്പിയായ കൈഫ് വികാരഭിരിതനായാണ് ആ മത്സരത്തെ ഇന്ന് ഓര്‍ക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook