കൊച്ചി: നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ സി.കെ.വിനീത് നേടിയ ഗോളിന് ആരാധകരുടെ അംഗീകാരം. പോയവാരം ഐഎസ്എൽ കണ്ട ഏറ്റവും മികച്ച ഗോൾ എന്ന നേട്ടമാണ് സി.കെ.വിനീത് സ്വന്തമാക്കിയത്. ആരാധകരുടെ വോട്ടെടുപ്പിലൂടെയാണ് സി.കെ.വിനീതിന് ഈ നേട്ടം കൈവരിക്കാനായത്.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിന്റെ 24-ാം മിനിറ്റിലാണ് സി.കെ.വിനീതിന്റെ ഗോൾ പിറന്നത്. റിനോ ആന്റോ നൽകിയ ക്രോസ് നോർത്ത് ഈസ്റ്റ് വലയിലേക്ക് ഹെഡ് ചെയ്തിട്ടാണ് വിനീത് കേരളത്തിന് നിർണ്ണായക ലീഡ് സമ്മാനിച്ചത്. ബോക്സിലേക്ക് പാഞ്ഞെത്തിയ വിനീത് ഡൈവിങ് ഹൈഡറിലൂടെയാണ് പന്ത് വലയിലേക്ക് എത്തിച്ചത്. വേഗത്തിൽ വന്ന ക്രോസിനെ ഇരട്ടി വേഗത്തിലാണ് വിനീത് നോർത്ത് ഈസ്റ്റ് വലയിലേക്ക് കുത്തിയിട്ടത്. വിനീതിന്റെ ഹെഡറിന് മുന്നിൽ കാഴ്ചക്കാരനായി നിൽക്കാനേ എതിർ ഗോൾകീപ്പർ ടി.പി.രഹനേഷിന് ആയുള്ളു.

മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ചു. ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് കുതിച്ചെത്തി.

ഐഎസ്എൽ നാലാം സീസണിൽ സി.കെ.വിനീതിന്റെ ആദ്യ ഗോളാണ് ഇന്നത്തേത്. കഴിഞ്ഞ സീസണിൽ 9 മത്സരം കളിച്ച വിനീത് 5 ഗോളുകൾ നേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ